cheetah-

ഭോപ്പാൽ : പതിറ്റാണ്ടുകളുടെ ഇടവേളയ്ക്ക് ശേഷം ആഫ്രിക്കൻ രാജ്യമായ നൈജീരിയയിൽ നിന്നും ഇന്ത്യയിൽ ചീറ്റകളെ എത്തിച്ചത് ഏറെ ആഘോഷത്തോടെയാണ് രാജ്യം ഏതിരേറ്റത്. ഇന്ത്യൻ പ്രധാനമന്ത്രി നേരിട്ട് എത്തിയാണ് ചീറ്റകളെ മദ്ധ്യപ്രദേശിലെ കുനോ നാഷണൽ പാർക്കിലെ ചെറിയ ആവാസ വ്യവസ്ഥയിൽ തുറന്ന് വിട്ടത്. ഇവിടെ എത്തിച്ച എട്ട് ചീറ്റകൾക്കും പരിസ്ഥിതിയുമായി ഇണങ്ങാൻ ആവശ്യമായ സമയവും ഒരുക്കിയിരുന്നു. ചീറ്റകളെ കാണാൻ സന്ദർശകരെയും അനുവദിച്ചിരുന്നില്ല. എന്നാൽ ശനിയാഴ്ച വൈകിട്ട് എട്ട് ചീറ്റകളിൽ രണ്ടെണ്ണത്തെ വിശാലമായ ആവാസ വ്യവസ്ഥയിലേക്ക് മാറ്റിയിരുന്നു. ചീറ്റകളുടെ പുതിയ വാസസ്ഥാനത്തെ കുറിച്ച് പ്രധാനമന്ത്രി ട്വീറ്റ് ചെയ്തിരുന്നു. ഇന്ത്യയിലെത്തിച്ച ചീറ്റകളെല്ലാം ആരോഗ്യത്തോടെ കഴിയുന്നതായും അദ്ദേഹം രാജ്യത്തെ അറിയിച്ചു.

എന്നാൽ രണ്ട് ചീറ്റകളെ മാത്രം പുതിയ ആവാസ വ്യവസ്ഥയിലേക്ക് മാറ്റിയത് എന്തിന്റെ അടിസ്ഥാനത്തിലെന്ന ചോദ്യമാണ് ഉയരുന്നത്. നാഷണൽ പാർക്കിന്റെ ചുമതലയുള്ള ഉന്നത ഉദ്യോഗസ്ഥർ പറയുന്നത് ചീറ്റപ്പുലികൾക്കായി രൂപീകരിച്ച ടാസ്‌ക് ഫോഴ്സ് കമ്മിറ്റിയാണ് ഇക്കാര്യം തീരുമാനിക്കുന്നതെന്നാണ്.

ഇന്ത്യയിലെത്തിച്ച എട്ട് ചീറ്റകളും ഇരുപത്തിനാല് മണിക്കൂറും ടാസ്‌ക് ഫോഴ്സിന്റെ നിരീക്ഷണത്തിലാണ്. ചെറിയ ആവാസ വ്യവസ്ഥയിൽ കഴിയുന്ന ബാക്കി ആറ് ചീറ്റകളെയും ഘട്ടം ഘട്ടമായി പുതിയ നിയന്ത്രിത ആവാസ വ്യവസ്ഥയിലേക്ക് മാറ്റും. അഞ്ച് ചതുരശ്ര കിലോമീറ്റർ ചുറ്റളവിലാണ് പുതിയ ആവാസ വ്യവസ്ഥയുള്ളത്. ഇവിടെ ചീറ്റകൾ സ്വാഭാവിക വനത്തിലെന്ന പോലെ ഇരയെ വേട്ടയാടി ഭക്ഷിക്കേണ്ടി വരും. ശനിയാഴ്ച തുറന്ന് വിട്ട ചീറ്റകൾ ഇതിനകം പുള്ളിമാനെ വേട്ടയാടിയതായി റിപ്പോർട്ടുണ്ടായിരുന്നു. ഇതിനൊപ്പം പുതിയ ചുറ്റുപാടിൽ ചീറ്റകൾക്ക് എന്തെങ്കിലും ബുദ്ധിമുട്ട് നേരിടുന്നുണ്ടോ എന്നും പരിശോധിക്കും. ഇവ പരിസ്ഥിതിയുമായി പൊരുത്തപ്പെടുന്ന രീതികൾ വിശകലനം ചെയ്ത ശേഷമാവും ബാക്കിയുള്ള ചീറ്റകളെ തുറന്ന് വിടുക.

പ്രോജക്ട് ചീറ്റയുടെ ഭാഗമായി സെപ്തംബർ 17നാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി ചീറ്റകളെ കുനോയിൽ എത്തിച്ചത്. പ്രധാനമന്ത്രിയുടെ ജന്മദിനം കൂടിയായിരുന്നു ഈ ദിവസമെന്ന പ്രത്യേകതയുമുണ്ട്.