start-up

കൊച്ചി: ഒമ്പതുമാസത്തെ തുടർച്ചയായ ഇടിവിന് വിരാമമിട്ട് ഒക്‌ടോബറിൽ ഇന്ത്യൻ സ്‌റ്റാ‌ർട്ടപ്പുകളിലേക്കുള്ള നിക്ഷേപം കുതിച്ചുയർന്നു. സെപ്തംബറിനേക്കാൾ 39 ശതമാനം വർദ്ധനയോടെ 108 കോടി ഡോളറാണ് (ഏകദേശം 8,​856 കോടി രൂപ)​ സ്‌റ്റാർട്ടപ്പുകൾ നേടിയത്. അതേസമയം,​ 2021 ഒക്‌ടോബറിൽ ലഭിച്ച നിക്ഷേപത്തേക്കാൾ ഇത് 69 ശതമാനം കുറവുമാണ്.

ബൈജൂസും ഉഡാനും ഉൾപ്പെടെയുള്ളവ കരസ്ഥമാക്കിയ വൻ നിക്ഷേപങ്ങളാണ് നേട്ടത്തിന് വഴിതുറന്നതെന്ന് ഗവേഷണ സ്ഥാപനമായ ട്രാക്‌ഷൻ വ്യക്തമാക്കി. സമ്പദ്ഞെരുക്കത്തിന്റെയും ജീവനക്കാരെ ഒഴിവാക്കുന്നെന്ന റിപ്പോർട്ടുകളിലൂടെ വിവാദത്തിന്റെയും വക്കിലായ എഡ്ടെക് സ്‌റ്റാർട്ടപ്പ് ബൈജൂസ് സീരീസ്-എഫ് ഫണ്ടിംഗിലൂടെ നിലവിലെ നിക്ഷേപകരിൽ നിന്ന് 25 കോടി ഡോളറാണ് (2,​050 കോടി രൂപ)​ സമാഹരിച്ചത്.

ബി2ബി ഇ-കൊമേഴ്‌സ് സ്ഥാപനമായ ഉഡാൻ നിലവിലെ ഓഹരി ഉടമകളിൽ നിന്ന് 12 കോടി ഡോളറും (985 കോടി രൂപ)​ സമാഹരിച്ചു. രണ്ടുവർഷത്തിനകം പ്രാരംഭ ഓഹരിവില്പന (ഐ.പി.ഒ)​ നടത്താനുള്ള ഒരുക്കത്തിലുമാണ് ഉഡാൻ.

എഡ്‌ടെക്കിന് ക്ഷീണം

വിദ്യാഭ്യാസരംഗത്തെ ടെക്‌നോളജി (എഡ്‌ടെക്)​ സ്‌റ്റാർട്ടപ്പുകളിലേക്ക് ഫണ്ടിംഗ് കുറയുന്ന കാഴ്‌ചയാണ് 2022ൽ ഇതുവരെയുള്ളത്. ഓൺലൈൻ ക്ളാസുകളുടെ പിൻബലത്തിൽ 2021ൽ ഒക്‌ടോബർവരെ 398 കോടി ഡോളർ (32,​640 കോടി രൂപ)​ നേടിയ ഈ വിഭാഗം 2022ൽ ഒക്‌ടോബർവരെ നേടിയത് 243 കോടി ഡോളറാണ് (19,925 കോടി രൂപ)​; ഇടിവ് 38 ശതമാനം.