brazil

ദോഹ: ആദ്യ ലോകകപ്പിന് ബൂട്ടുകെട്ടുന്ന 16 താരങ്ങളെ ഉൾപ്പെടുത്തി ബ്രസീൽ ഖത്തർ ലോകകപ്പിനുള്ള 26 അംഗ ടീമിനെ പ്രഖ്യാപിച്ചു. സൂപ്പർ താരങ്ങളായ നെയ്മർ, വിനീഷ്യസ് ജൂനിയർ, തിയാഗോ സിൽവ, കാസിമെറോ, ഡാനി ആൽവസ് തുടങ്ങിയവർ പരിശീലകൻ ടിറ്റെ പ്രഖ്യാപിച്ച ടീമിൽ ഇടം പിടിച്ചിട്ടുണ്ട്. റോബർട്ടോ ഫിർമിനോയാണ് ഖത്തറിലേക്കുള്ള സംഘത്തിൽ ഇടം നേടാനാകാതെപോയ പ്രമുഖൻ. പരിക്കേറ്റ ഫിലിപ്പ് കുടീഞ്ഞോയും ടീമിലില്ല.

സ്‌ക്വാഡിലെ 16 പേർക്ക് ഇത് കന്നി ലോകകപ്പാണ്.

39കാരനായ ഡാനി ആൽവ്സാണ് ടീമിലെ മുതിർന്ന താരം.

ലിവർപൂളിന്റെ അലിസൺ ബാക്കർ, മാഞ്ചസ്റ്റർ സിറ്റിയുടെ എഡേഴ്‌സൺ എന്നിവരാണ് ടീമിലെ പ്രധാന ഗോൾ കീപ്പർമാർ. മൂന്നാമനായി വെവേർട്ടണുണ്ട്.

എട്ട് പ്രതിരോധ താരങ്ങളാണ് സ്‌ക്വാഡിലുള്ളത്. ഇതിൽ മൂന്ന്‌ പേരും യുവന്റസ് താരങ്ങളാണ്.

ആറ് മധ്യനിര താരങ്ങളും ഒൻപത് മുന്നേറ്റ നിര താരങ്ങളും അടങ്ങിയ സ്‌ക്വാഡാണ് ടിറ്റെ പ്രഖ്യാപിച്ചത്.

ലോകകപ്പിൽ ജി ഗ്രൂപ്പിൽ മത്സരിക്കുന്ന ബ്രസീലിന്റെ ആദ്യ മത്സരം ഈ മാസം 25ന് സെർബിയയ്ക്ക് എതിരെയാണ്. 28ന് സ്വിറ്റ്സർലാൻഡിനെയും ഡിസംബർ മൂന്നിന് കാമറൂണിനെയും നേരിടും.