tata-ev

ഇപ്പോൾ നമ്മൾ പുറത്തേയ്ക്ക് ഇറങ്ങിയാൽ റോഡിൽ കുറച്ച് ഇലക്ട്രിക് കാറുകളെങ്കിലും കാണാറുണ്ട്. ഇവയിൽ മിക്കവാറും ടാറ്റയുടെ കാറുകളാണ് എന്ന പ്രത്യേകതയുമുണ്ട്. ഇലക്ട്രിക് തരംഗത്തിന്റെ കാറ്റ് രാജ്യത്ത് എത്തിയപ്പോൾ തന്നെ പുത്തൻ മോഡലുകൾ ഇവി സെക്ടറിൽ ഇറക്കാനായി എന്നതാണ് ടാറ്റയുടെ നേട്ടം. ഇപ്പോഴിതാ തങ്ങളുടെ ഇലക്ട്രിക് വാഹന ഉദ്പാദനത്തിൽ അമ്പതിനായിരം കാറുകൾ എന്ന നാഴികക്കല്ല് പിന്നിട്ടിരിക്കുകയാണ് ടാറ്റ.

പൂനെയ്ക്കടുത്തുള്ള രഞ്ജൻഗാവിലുള്ള പ്ലാന്റിൽ നിന്നും തങ്ങളുടെ 50,000ാമത്തെ ഇലക്ട്രിക് വാഹനം പുറത്തിറക്കുന്ന ചിത്രം കഴിഞ്ഞ ദിവസമാണ് ടാറ്റ പുറത്ത് വിട്ടത്. നെക്‌സോൺ ഇവി മാക്സാണ് ടാറ്റയുടെ 50,000ാമത്തെ ഇലക്ട്രിക് വാഹനമായി പുറത്തിറങ്ങിയത്. നെക്‌സോൺ, ടിഗോർ എന്നിവയ്ക്ക് പിന്നാലെ ടിയാഗോ കൂടി നിരത്തിലിറങ്ങുമ്പോൾ ടാറ്റയുടെ തലവര വീണ്ടും തെളിയുമെന്ന് ഉറപ്പാണ്.

നിലവിൽ രാജ്യത്തെ ഇലക്ട്രിക് കാറുകളുടെ വിൽപ്പനയിൽ എതിരാളികളെക്കാൾ അതിദൂരമാണ് ടാറ്റയുടെ സ്ഥാനം. ഈ സാമ്പത്തിക വർഷത്തെ ആദ്യ പകുതിയിൽ മാത്രം ടാറ്റ 15,518 യൂണിറ്റുകളാണ് വിറ്റഴിച്ചത്. വിപണി ശതമാനം നോക്കിയാൽ ഇത് 85.53 വരും. 2022 സാമ്പത്തിക വർഷത്തിൽ കമ്പനി മൊത്തം 19,105 യൂണിറ്റുകൾ വിറ്റിരുന്നു. ഈ വർഷം ഈ റെക്കാഡ് ഭേദിക്കുമെന്ന് ഉറപ്പാണ്. 2,586 യൂണിറ്റുകളാണ് പ്രതിമാസ വിൽപ്പന. ഇലക്ട്രിക് വാഹന വിപണിയിൽ എതിരാളികളുടെ പരിമിതികളും, അഭാവവും ടാറ്റ നേട്ടമാക്കുകയാണ്. നിലവിൽ, 20 ലക്ഷം രൂപയിൽ താഴെയുള്ള ഇലക്ട്രിക് കാർ വിൽപ്പന നടത്തുന്ന രാജ്യത്തെ ഏക കമ്പനിയാണ് ടാറ്റ.

2019 ജൂണിൽ വിൽപ്പനയ്‌ക്കെത്തിയ ടിഗോർ ആയിരുന്നു ടാറ്റയുടെ ആദ്യ ഇലക്ട്രിക് കാർ. എന്നാൽ 2020 ജനുവരിയിൽ ജനപ്രിയ മോഡലായ നെക്‌സോൺ ഇലക്ട്രിക്കിൽ അവതാരമെടുത്തതോടെ ടാറ്റയുടെ ലീഡ് കുത്തനെ ഉയർന്നു. അടുത്തിടെ കേവലം 8.49 ലക്ഷം രൂപയ്ക്ക് ടാറ്റ ടിയാഗോ ഇവി പുറത്തിറക്കിയിരുന്നു. ഇന്ത്യയിൽ നിലവിൽ ലഭ്യമായ ഏറ്റവും വില കുറഞ്ഞ ഇലക്ട്രിക് കാറാണ് ഇത്. 2023 ജനുവരി മുതലാവും വിൽപ്പന ആരംഭിക്കുക.