arya-rajendran

തിരുവനന്തപുരം: നിയമനക്കത്ത് വിവാദത്തിൽ പ്രതിപക്ഷ പ്രതിഷേധത്തിനിടെ മേയർ ആര്യാ രാജേന്ദ്രൻ കോർപ്പറേഷൻ ഓഫീസിലെത്തി. നഗരസഭാ ഓഫീസിനകത്ത് ബിജെപി കൗൺസിലർമാരും പുറത്ത് കോൺഗ്രസ് നേതാക്കളും പ്രതിഷേധം നടത്തുന്നതിനിടെയാണ് മേയർ ഓഫീസിലെത്തിയത്. പൊലീസിന് പുറമേ സിപിഎം കൗൺസിലർമാരുടെയും സംരക്ഷണത്തോടെയാണ് മേയർ എത്തിയത്. ചേമ്പറിലെത്തിയ മേയർ ഔദ്യോഗിക കൃത്യനിർവഹണത്തിലേയ്ക്ക് കടന്നു.

കോര്‍പ്പറേഷന്‍ ഓഫീസിനുമുന്നില്‍ കാറില്‍ ഇറങ്ങിയ മേയര്‍ ബിജെപി പ്രവര്‍ത്തകര്‍ പ്രതിഷേധിക്കുന്ന വഴിയില്‍ നിന്നും മാറി കൗണ്‍സില്‍ ഹാളിന് സമീപത്തുള്ള വഴിയിലൂടെയാണ് ഓഫീസിലെത്തിയത്. മേയര്‍ പ്രവേശിച്ചതിന് പിന്നാലെ ഗേറ്റ് അടയ്ക്കുകയും ചെയ്തു. തുടർന്ന് പി എയുടെ മുറിയ്ക്കുള്ളിലൂടെ ഓഫീസിലേക്ക് എത്തുകയായിരുന്നു. മേയറുടെ ഓഫീസിനുമുന്നിലെ പ്രധാനവാതിലില്‍ ബിജെപി പ്രവര്‍ത്തകര്‍ ഈ സമയത്തും പ്രതിഷേധം നടത്തുന്നുണ്ടായിരുന്നു.

mayor-

മേയര്‍ ഓഫീസിലേക്കെത്തിയത് ഒരുമണിക്കൂറോളം വൈകിയാണ്. മേയറുടെ ഓഫീസിന്റെ പ്രധാനവാതിലിന് പുറമേ സിപിഎം പാര്‍ലമെന്ററി സെക്രട്ടറി ഡി ആര്‍ അനിലിനെതിരെയും ബിജെപി പ്രവര്‍ത്തകര്‍ പ്രതിഷേധിച്ചിരുന്നു. പ്രതിഷേധക്കാരോട് പലതവണ മാറാന്‍ പൊലീസ് ആവശ്യപ്പെട്ടിരുന്നെങ്കിലും തയ്യാറാവാത്തതോടെ അറസ്റ്റ് ചെയ്ത് നീക്കി.