
കൊച്ചി: ഗവർണറുടെ കാരണം കാണിക്കൽ നോട്ടീസുമായി ബന്ധപ്പെട്ട് പത്ത് വൈസ് ചാൻസലർമാർ നൽകിയ ഹർജി ഹൈക്കോടതി പരിഗണിച്ചു. വിസിമാരെ പുറത്താക്കുന്ന നടപടി ഹൈക്കോടതി തടഞ്ഞു. കോടതി ഉത്തരവ് വരുന്നതുവരെ ഗവർണർ അന്തിമ തീരുമാനം എടുക്കരുതെന്ന് കോടതി വ്യക്തമാക്കി. വിസിമാരുടെ ഹർജികളിലാണ് ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ് പുറത്തുവന്നത്.
അതേസമയം, നോട്ടീസിന് എല്ലാ വി സിമാരും മറുപടി നൽകിയെന്ന് ഗവർണറുടെ അഭിഭാഷകൻ കോടതിയെ അറിയിച്ചു. മറുപടി സത്യവാങ്‌മൂലം നൽകാൻ മൂന്നുദിവസത്തെ സാവകാശം വേണമെന്നും ഗവർണർ അഭ്യർത്ഥിച്ചു. ഗവർണറുടെ ഹിയറിംഗിന് പോകണോയെന്നത് വി സിമാർക്ക് തീരുമാനിക്കാമെന്ന് കോടതി നിർദേശിച്ചു. ഗവർണറുടെ ഹിയറിംഗിന് നേരിട്ട് ഹാജരാകാൻ താത്പര്യമില്ലെന്ന് കണ്ണൂർ വി സി കോടതിയെ അറിയിച്ചു. ഗവർണറുടെ നോട്ടീസിനെതിരായ ഹർജികൾ പരിഗണിക്കുന്നത് ഈ മാസം 17ലേയ്ക്ക് മാറ്റി.
അതിനിടെ, ഗവർണർ ക്രിമിനലെന്ന് വിളിച്ചെന്ന് വി സിമാരുടെ അഭിഭാഷകൻ കോടതിയെ അറിയിച്ചു. പരസ്‌പരം ചെളിവാരിയെറിയാനാണ് ഇരുകൂട്ടരും ശ്രമിക്കുന്നതെന്ന് കോടതി വിമർശിച്ചു. വി സി സ്ഥാനത്തുനിന്ന് പുറത്താകാതിരിക്കാൻ എന്തെങ്കിലും കാരണമുണ്ടെങ്കിൽ അതറിയിക്കണമെന്നായിരുന്നു ഗവർണർ നോട്ടീസിൽ നിർദേശിച്ചത്. എന്നാൽ യു ജി സി നിയമങ്ങളും സർവകലാശാല ചട്ടങ്ങളും പാലിച്ച് നടത്തിയ തങ്ങളുടെ നിയമനം റദ്ദാക്കാൻ ഗവർണർക്ക് അധികാരമില്ലെന്നാണ് വി സിമാർ വാദിക്കുന്നത്.