n

ഫിലിപ്പീൻസ്: പ്രമുഖ റേഡിയോ ജേണലിസ്റ്റിനെ കൊലപ്പെടുത്താൻ ഉത്തരവിട്ടതിനു പിന്നിൽ രാജ്യത്തെ ജയിൽ മേധാവിയെന്നാരോപണം.

കഴിഞ്ഞ മാസം തലസ്ഥാനമായ മനിലയിൽ തന്റെ റേഡിയോ സ്റ്റുഡിയോയിലേക്ക് കാറിൽ പോകവേയായിരുന്നു പെർസിവൽ മബാസയ്ക്ക് (63) വെടിയേറ്റത്. ജയിൽ സേവന മേധാവിയായ ബാന്റാഗാണ് ഇതിനു പിന്നിലെന്നാണ് ഫിലിപ്പിൻസിലെ പൊലീസ് ആരോപണം.

ബ്യൂറോ ഒഫ് കറക്ഷൻസ് ഡയറക്ടർ ജനറൽ ജെറാൾഡ് ബന്റാഗിനെതിരെ അഴിമതി ആരോപണങ്ങൾ മബാസ ഉന്നയിച്ചിരുന്നുവെന്ന് ഉദ്യോഗസ്ഥർ പറയുന്നത്.മുൻ പ്രസിഡന്റ് റോഡ്രിഗോ ഡ്യുറ്റെർട്ടിന്റെ തുറന്ന വിമർശകൻ കൂടിയായിരുന്നു മബാസ. നിലവിൽ ഡ്യൂട്ടിയിൽ നിന്ന് ജെറാൾഡ് ബന്റാഗിനെ സസ്‌പെൻഡ് ചെയ്തു. ഡെപ്യൂട്ടി സെക്യൂരിറ്റി ഒഫീസർ റിക്കാർഡോ സുലുയേറ്റയ്‌ക്കെതിരെയും പൊലീസ് കൊലപാതക പരാതി നൽകിയിട്ടുണ്ട്. ഒക്ടോബറിൽ സുരക്ഷാ കാമറകളിൽ നിന്ന് തോക്കുധാരിയായ ജോയൽ എസ്‌കോറിയലിനെ തിരിച്ചറിഞ്ഞതോടെ അയാൾ കീഴടങ്ങിയിരുന്നു.

മറ്റൊരു ജയിൽ തടവുകാരനെ കൊലപ്പെടുത്താൻ ഉത്തരവിട്ടതിന് ബന്റാഗും സുലുയേറ്റയും കുറ്റരോപിതരാണ്, ഗൺമാന് കൊലപാതക നിർദ്ദേശം ഇവർ നൽകിയെന്നും ആരോപണമുണ്ട്.മബാസയുടെ ഷോയിൽ ബന്റാഗിനെതിരെ തുടർച്ചയായി ആരോപണങ്ങൾ നടത്തിയതിനാലാണ് ബന്റാഗ് മബാസയുടെ കൊലപാതകത്തിന് ഉത്തരവിട്ടതെന്ന് നാഷണൽ ബ്യൂറോ ഒഫ് ഇൻവെസ്റ്റിഗേഷനിലെ യൂജിൻ ഹാവിയർ മാധ്യമപ്രവർത്തകരോട് പറഞ്ഞത്.

കഴിഞ്ഞ മാസം ആദ്യം മുൻ പ്രസിഡന്റ് റോഡ്രിഗോ ഡ്യുട്ടെർട്ടെ നിയമിച്ച ബാന്റാഗ്, കൊലപാതകവുമായി തനിക്ക് ഒരു ബന്ധവുമില്ലെന്ന് ബ്രോഡ്‌ കാസ്റ്റർ ഡി.എസ്.ആർ.എച്ചിനോട് പറ‌ഞ്ഞതായി റിപ്പോർട്ടുണ്ട്. കോടതിയിൽ കുറ്രപത്രം സമർപ്പിക്കാൻ മതിയായ തെളിവുകൾ ഉണ്ടോയെന്ന് തീരുമാനിക്കേണ്ടത് നീതിന്യായ വകുപ്പിലെ പ്രോസിക്യൂട്ടർമാരായിരിക്കും.

സുരക്ഷയില്ല

റേഡിയോ ഷോയിൽ പെർസിലാപിഡ് എന്നറിയപ്പെട്ടിരുന്ന മബാസ കഴിഞ്ഞ ഒക്ടോബർ 3നാണ് കൊല്ലപ്പെട്ടത്. നിലവിലെ പ്രസിഡന്റ് ഫെർഡിനാൻസ് മാർക്കോസ് ജൂനിയർ അധികാരമേറ്റ ശേഷം കൊല്ലപ്പെടുന്ന രണ്ടാമത്തെ പത്രപ്രവർത്തകനാണ് ഇദ്ദേഹം. മനിലയിൽ നടന്ന സംഭവം സൂചിപ്പിക്കുന്നത് കുറ്റവാളികൾ എത്രമാത്രം ധാർഷ്ട്യമുള്ളവരാണെന്നും മാദ്ധ്യമപ്രവർത്തകരെയും സാധാരണ പൗരന്മാരെയും സംരക്ഷിക്കുന്നതിൽ അധികാരികൾ പരാജയപ്പെട്ടുവെന്നും ഫിലിപ്പീൻസിലെ നാഷണൽ യൂണിയൻ ഒഫ് ജേണലിസ്റ്റ്സ് പറയുന്നു. കഴിഞ്ഞ മൂന്ന് പതിറ്റാണ്ടിനിടെ ഫിലിപ്പീൻസിൽ 187 മാദ്ധ്യമപ്രവർത്തകരെങ്കിലും കൊല്ലപ്പെട്ടിട്ടുണ്ടെന്നാണ് ഇന്റർനാഷണൽ വാച്ച്ഡോഗ് റിപ്പോർട്ടേഴ്സ് വിത്തൗട്ട് ബോർഡേഴ്സ് റിപ്പോർട്ട്. അവരുടെ പ്രസ് ഫ്രീഡം സൂചികയിൽ 180 രാജ്യങ്ങളിൽ 147-ാം സ്ഥാനത്താണ് ഫിലിപ്പീൻസ്.