
ന്യൂഡൽഹി: മുതിർന്ന ബി.ജെ.പി നേതാവ് എൽ.കെ. അദ്വാനിയുടെ 95-ാം പിറന്നാൾ ദിനം പ്രധാനമന്ത്രി നരേന്ദ്ര മോദി അദ്ദേഹത്തെ സന്ദർശിച്ചു. പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗിനൊപ്പമാണ് മോദി ഇന്നലെ രാവിലെ അദ്വാനിയുടെ ഡൽഹിയിലെ വീട്ടിലെത്തിയത്. പൂച്ചെണ്ട് നൽകിയാണ് അദ്വാനിയെ മോദി ആദരിച്ചത്. കൂടിക്കാഴ്ചയുടെ ചിത്രങ്ങൾ ട്വിറ്ററിൽ പങ്കുവച്ച മോദി, ഇന്ത്യയുടെ വളർച്ചയ്ക്ക് അദ്വാനിയുടെ സംഭാവന മഹത്തരമാണെന്ന് പറഞ്ഞു. ഇന്ത്യയുടെ വളർച്ചയ്ക്ക് അദ്ദേഹം നൽകിയ സംഭാവനകൾ ബൃഹത്താണ്. അദ്ദേഹത്തിന്റെ ആശയങ്ങൾ ഇന്ത്യയിലെങ്ങും പ്രചാരം നേടി. ബി.ജെ.പിയെ കെട്ടിപ്പടുക്കുന്നതിലും ശക്തിപ്പെടുത്തുന്നതിലും അദ്ദേഹം നിസ്തുല പങ്കുവഹിച്ചെന്നും ആരോഗ്യപൂർണ്ണമായ അദ്ദേഹത്തിന്റെ ദീർഘ ജീവിതത്തിനായി പ്രാർത്ഥിക്കുന്നുവെന്നും മോദി പറഞ്ഞു. കേന്ദ്രമന്ത്രിമാരും വിവിധ കക്ഷി നേതാക്കളും നേരിട്ടും അല്ലാതെയും അദ്വാനിക്ക് പിറന്നാൾ ആശംസ നേർന്നു. ആരോഗ്യ കാരണങ്ങളാൽ വീട്ടിൽ വിശ്രമത്തിലാണ് അദ്വാനി.