കൊല്ലം: ഭൂരഹിതർക്ക് വീട് നിർമ്മിക്കുന്നതിനുള്ള ലൈഫ് മിഷൻ പദ്ധതിയുടെ മനസോടിത്തിരി മണ്ണ് കാമ്പയിനിൽ പത്ത് സെന്റ് ഭൂമി നൽകി കൊല്ലം മണപ്പള്ളി സ്വദേശി ബിനോയി. കൊല്ലം ജില്ലാ പഞ്ചായത്ത് ഹാളിൽ നടന്ന നവകേരള തദ്ദേശകം 2.0 പരിപാടിയിൽ മന്ത്രി എം.ബി.രാജേഷ്, ബിനോയിയെയും കുടുംബത്തെയും ആദരിച്ചു. ബിനോയിക്ക് ആകെയുണ്ടായിരുന്ന 13 സെന്റ് ഭൂമിയിൽ വീടിരിക്കുന്ന ഭാഗം മാത്രം ബാക്കി വച്ച് 10 സെന്റ് ഭൂമിയും മൂന്ന് കുടുംബങ്ങൾക്ക് വീട് നിർമ്മിക്കാൻ നൽകുകയായിരുന്നു. സിപി.എമ്മിന്റെ കരുനാഗപ്പള്ളി മണപ്പള്ളി തെക്ക് ബ്രാഞ്ച് സെക്രട്ടറിയാണ് ബിനോയ്. കാമ്പയിന്റെ ഭാഗമായി ചവറ മണ്ണൂർ വീട്ടിൽ രാജൻപിള്ള നേരത്തെ സംഭാവന ചെയ്ത 30 സെന്റ് ഭൂമി പത്ത് കുടുംബങ്ങൾക്കായി മന്ത്രി കൈമാറി. പത്ത് സെന്റ് ഭൂമി ഗ്രാമപഞ്ചായത്തിന് വേണ്ടിയും രാജൻപിള്ള നൽകിയിരുന്നു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സാം കെ. ഡാനിയേൽ, ജില്ലാ കളക്ടർ അഫ്‌സാന പർവീൺ, മേയർ പ്രസന്ന ഏണസ്റ്റ്, അർബൻ ഡയറക്ടർ അരുൺ കെ.വിജയൻ, സബ് കളക്ടർ മുകുന്ദ് ഠാക്കൂർ തുടങ്ങിയവർ പങ്കെടുത്തു.