real-madrid

മാഡ്രിഡ്: സ്പാനിഷ് ലാ ലിഗ ഫുട്ബാളിൽ നിലവിലെ ചാമ്പ്യന്മാരായ റയൽമാഡ്രിഡിനെ ദുർബലരായ റയോ വയ്യക്കാനോ അട്ടിമറിച്ചപ്പോൾ രക്ഷപെട്ടത് ബാഴ്സലോണ. രണ്ടിനെതിരെ മൂന്നുഗോളുകൾക്കാണ് കഴിഞ്ഞരാത്രി നടന്ന മത്സരത്തിൽ വയ്യക്കാനോ റയലിനെ മുട്ടുകുത്തിച്ചത്. ഈ തോൽവിയോടെ റയലിന് പോയിന്റ് പട്ടികയിലെ ഒന്നാം സ്ഥാനം നഷ്ടമാവുകയും ബാഴ്‌സലോണ ഒന്നാം സ്ഥാനത്താവുകയും ചെയ്തു.

റയോ വയ്യെക്കാനോയ്ക്ക് വേണ്ടി സാന്റി കോമെൻസന, ആൽവാരോ ഗാഅഷ്യ റിവേറ, ഓസ്‌കാർ ട്രെയോ എന്നിവരാണ് ഗോളുകൾ നേടിയത്. . ലൂക്ക മോഡ്രിച്ച്, എദർ മിലിറ്റാവോ എന്നിവർ റയലിനായി ഗോളടിച്ചു. സൂപ്പർതാരം കരിം ബെൻസേമയുടെ അഭാവം റയൽ നിരയിൽ പ്രകടമായിരുന്നു. മത്സരത്തിലുടനീളം ആധിപത്യം പുലർത്തിയിട്ടും റയലിന് വിജയം നേടാനായില്ല. ഈ സീസണിലെ റയലിന്റെ ആദ്യ തോൽവിയായിരുന്നു ഇത്.

ഇതോടെ 13 മത്സരങ്ങളിൽ നിന്ന് 32 പോയിന്റുമായി റയൽ പോയന്റ് പട്ടികയിൽ രണ്ടാം സ്ഥാനത്തേക്ക് വീണു. ഇത്രയും മത്സരങ്ങളിൽ നിന്ന് 34 പോയിന്റുള്ള ബാഴ്‌സലോണ സീസണിലാദ്യമായാണ് ഒന്നാം സ്ഥാനത്തെത്തുന്നത്. അത്‌ലറ്റിക്കോ മാഡ്രിഡാണ് മൂന്നാമത്.