jodo

ബംഗളൂരു: രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിൽ നടക്കുന്ന ഭാരത് ജോഡോ യാത്രയുടെയും കോൺഗ്രസ് പാർട്ടിയുടെയും ട്വിറ്റർ അക്കൗണ്ടുകൾ ബ്ളോക്കാവില്ല. കീഴ്‌കോടതി വിധി കർണാടക ഹൈക്കോടതി സ്‌റ്റേ ചെയ്‌തു. സൂപ്പർ ഹിറ്റ് ചിത്രമായ കെജിഎഫ്-2ലെ സംഗീതം ഉപയോഗിച്ച് രണ്ട് വീഡിയോ പോസ്‌റ്റ് ചെയ്‌തതിന് എം‌ആർ‌ടി മ്യൂസിക് ഉടമയാണ് കോടതിയിൽ ഹർജി നൽകിയത്. കെജിഎഫ്-2 ഹിന്ദി ഭാഷാഭേദത്തിന്റെ പകർപ്പവകാശം സ്വന്തമാക്കിയത് എം‌ആർ‌ടി മ്യൂസിക്കാണ്. ഇവരെ അറിയിക്കാതെയാണ് രണ്ട് വീഡിയോ പോസ്‌റ്റ് ചെയ്‌തത്.

രാഹുൽ ഗാന്ധി, എഐസിസി ജനറൽ സെക്രട്ടറി ജയറാം രമേശ്, പാർട്ടിയുടെ സമൂഹമാദ്ധ്യമ ചുമതല വഹിക്കുന്ന സുപ്രിയ ശ്രീനാതെ എന്നിവർക്കെതിരെ തുടർന്ന് എംആർ‌ടി മ്യൂസിക് ഉടമ നവീൻ കുമാർ പരാതി നൽകി. കോൺഗ്രസിന്റെ എല്ലാ ഔദ്യോഗിക സമൂഹമാദ്ധ്യമ അക്കൗണ്ടുകളിൽ നിന്നും കെജിഎഫ്-2ലെ ഗാനം ഉപയോഗിച്ചുള‌ള വീഡിയോ നീക്കം ചെയ്‌തതോടെയാണ് കീഴ്‌കോടതി വിധി ഹൈക്കോടതി മരവിപ്പിച്ചത്. ബംഗളൂരുവിലെ കോടതിയാണ് കഴിഞ്ഞദിവസം വീഡിയോയുടെ മൂന്ന് ലിങ്കും ട്വിറ്ററിൽ നിന്ന് നീക്കാനും കോൺഗ്രസിന്റെയും ഭാരത് ജോഡോ യാത്രയുടെയും ഔദ്യോഗിക ട്വി‌റ്റ‌ർ അക്കൗണ്ടുകൾ നീക്കാനും ഉത്തരവിട്ടത്. തുടർന്ന് കോൺഗ്രസ് ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു.