cm-kerala

തിരുവനന്തപുരം: ഗവർണറെയും കേന്ദ്ര സർക്കാരിനെയും രൂക്ഷമായ ഭാഷയിൽ വിമർശിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. ജനാധിപത്യ രീതിയിൽ തിരഞ്ഞെടുക്കപ്പെട്ട സർക്കാരുകളെ താഴെയിറക്കാനുള്ള ഭരണഘടനാ വിരുദ്ധമായ കടന്നുകയറ്റമാണ് നടക്കുന്നത്. എംഎൽഎമാരെ വിലയ്ക്കെടുത്ത് കൊണ്ടുള്ള കുതിരക്കച്ചവടം നടക്കാത്ത സംസ്ഥാനങ്ങളിൽ ഗവർണറെയുപയോഗിച്ച് അട്ടിമറിയ്ക്കുള്ള ശ്രമം നടക്കുകയാണെന്ന് അദ്ദേഹം ആരോപിച്ചു.

രാജ്യത്തിന്റെ മർമ്മ പ്രധാനസ്ഥലങ്ങളിൽ പോലും സ്വകാര്യവത്കരണമാണ് നടക്കുന്നത്. സംസ്ഥാന സർക്കാരുകൾക്ക് കൂടി അർഹതപ്പെട്ട പൊതുമേഖല സ്ഥാപനങ്ങൾ പോലും അറിയിപ്പില്ലാതെ തന്നെ കേന്ദ്രസർക്കാർ വിൽക്കുന്നു. ഈ സ്ഥാപനങ്ങൾക്കായി സംസ്ഥാന സർക്കാരാണ് ഭൂമി ഏറ്റെടുത്ത് നൽകിയത്. സ്വകാര്യ മേഖലയിൽ സാമൂഹ്യ നീതിയും സംവരണവും നിഷേധിക്കപ്പെടുകയാണ് മുഖ്യമന്ത്രി പറഞ്ഞു. റെയിൽവേയിൽ കേന്ദ്ര സർക്കാർ പുതിയ തസ്തികകൾ സൃഷ്ടിച്ചിട്ടില്ല. രണ്ട് ലക്ഷം തൊഴിലവസരങ്ങൾ സൃഷ്ടിക്കുമെന്ന് പറഞ്ഞിരുന്നു. പക്ഷേ പത്ത് ലക്ഷം ഒഴിവുകൾ നിയമനം നടക്കാതെ കിടക്കുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

അതേ സമയം കേരളത്തിൽ ഭരണഘടനാ തകർച്ചയ്ക്കായി സിപിഎം ശ്രമം തുടങ്ങിയതായി ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ മുൻപ് ആരോപിച്ചിരുന്നു. രാജ്ഭവനിലേയ്ക്ക് നടത്തുന്ന മാർച്ച് താനുള്ള സമയത്താണെങ്കിൽ പൊതു സംവാദത്തിന് തയ്യാറാണെന്നും ധൈര്യമുണ്ടെങ്കിൽ രാജ്ഭവനിലേയ്ക്ക് തള്ളിക്കയറാനും തന്നെ വഴിയിൽ വച്ച് കൈയ്യേറ്റം ചെയ്യാനും ഗവർണർ വെല്ലുവിളി നടത്തിയിരുന്നു. ഇതിന് മറുപടിയെന്നോണമാണ് ഗവർണറെ ഉപയോഗിച്ച് സർക്കാരിനെ അട്ടിമറിക്കാനാണ് കേന്ദ്ര സർക്കാരിന്റെ ശ്രമം എന്ന് മുഖ്യമന്ത്രി വിമർശനം ഉന്നയിച്ചത്.