
ടി20 ലോകകപ്പിലെ ഇന്ത്യൻ ടീം എന്നാൽ അതിന് പര്യായം ഉജ്വല ഫോമിൽ തുടരുന്ന സൂര്യ കുമാർ യാദവ് എന്നാണ് ഇപ്പോൾ പല ആരാധകർ പറയുന്നത്. ടീമിലേയ്ക്ക് വൈകി വന്ന വസന്തം എന്ന് വിശേഷിപ്പിക്കപ്പെടുന്ന സൂര്യകുമാർ യാദവ് നിർണായക മത്സരങ്ങളിൽ റൺമഴ തീർത്ത് കൊണ്ട് നടത്തിയ പ്രകടനങ്ങൾ ഇത് ശരി വെയ്ക്കുന്നതാണ്. ബൗളർമാരെ ഗ്രൗണ്ടിന് ചുറ്റും യാതൊരു ദാക്ഷിണ്യവുമില്ലാതെ തനത് ഷോട്ടുകളിലൂടെ തലങ്ങും വിലങ്ങും പായിക്കുന്നത് സ്ഥിരമാക്കിയ സൂര്യകുമാർ യാദവ് ലോകകപ്പിൽ ഇന്ത്യയുടെ സെമി പ്രവേശനത്തിന് നിർണായക സംഭാവനയാണ് നൽകിയത് എന്ന കാര്യത്തിൽ തർക്കമില്ല. കൂടാതെ വിരാട് കൊഹ്‌ലിയും ഇന്ത്യൻ കുതിപ്പിന് കരുത്തേകിയിട്ടുണ്ട്. റൺനേട്ടത്തിൽ ഒന്നും മൂന്നും സ്ഥാനത്താണ് ഇന്ത്യയുടെ സ്റ്റാർ ബാറ്റ്സ്മാൻമാരായ കൊഹ്‌ലിയും സൂര്യകുമാറും യഥാക്രമമുള്ളത്.
എന്നാൽ 193.97 സ്ട്രൈക്ക് റേറ്റിൽ വൈഡ് ബോളുകൾ പോലും ബൗണ്ടറിയ്ക്ക് പുറത്ത് പറത്തുന്ന സൂര്യകുമാർ യാദവിനെ പുറത്താക്കാനുള്ള വഴി ബോളർമാർക്കായി പങ്കുവെച്ചിരിക്കുകയാണ് മുൻ പാകിസ്ഥാൻ പേസ് ബോളർ വഖാർ യൂനിസ്. താരത്തിന്റെ റൺവേട്ടയ്ക്ക് തടയിടാനായി ഷോർട്ട് ബോളുകൾ എറിയുകയാണ് പ്രതിവിധിയെന്നാണ് വഖാർ യൂനിസിന്റെ നിർദേശം. ''മുന്‍ മത്സരങ്ങളിലെല്ലാം സൂര്യയെ പിടിച്ചുനിര്‍ത്താന്‍ പാകിസ്ഥാന് സാധിച്ചിട്ടുണ്ട്. ഈ ലോകകപ്പില്‍ സൂപ്പര്‍ 12 മത്സരത്തിലും അത് കണ്ടതാണ്. തന്ത്രപരമായിട്ടാണ് സൂര്യയെ പാകിസ്ഥാന്‍ പുറത്താക്കിയത്. ഷോര്‍ട്ട് ഡെലിവറികളില്‍ സൂര്യയെ വീഴ്ത്താന്‍ സാധിക്കും. സൂര്യയെ ഔട്ടാക്കാനുള്ള ഏക മാര്‍ഗവും ഇതുതന്നെയാണ്.'' അദ്ദേഹം പറഞ്ഞു.
ലോകകപ്പിലെ ഇഷടപ്പെട്ട ടീമുകളിൽ ഒന്ന് ഇന്ത്യയാണെന്നും പാകിസ്ഥാന് ലോകകപ്പുയർത്താൻ കഴിഞ്ഞില്ലെങ്കിൽ ഇന്ത്യയ്ക്ക് തന്നെയാണ് അവസരമെന്നും വഖാർ യൂനീസ് പറഞ്ഞു. ഇന്ത്യ മികച്ച ടീമാണെന്നും ടൂർണമെന്റിലെ അവസാന മത്സരങ്ങളിൽ മികച്ച പ്രകടനം കാഴ്ച വെച്ച് മറ്റൊരു ടീമായി കാണപ്പെട്ടെന്നും അദ്ദേഹം പറഞ്ഞു. വഖാർ യൂനിസിന്റെ നിർദേശപ്രകാരം ഷോർട്ട് ബോളുകൾക്ക് സൂര്യകുമാർ യാദവ് ബോളുകൾ ആകാശപര്യടനത്തിനായി അയക്കുന്ന ശീലത്തിന് തടയിടാനാകുമോ എന്നത് കാത്തിരുന്ന് തന്നെ കാണേണ്ട കളിവിശേഷമാണ്.