
തിരുവനന്തപുരം: ഗവർണർ-സർക്കാർ പോര് രൂക്ഷമായിരിക്കെ പ്രത്യേക നിയമസഭാ സമ്മേളനം കൂടാൻ ഒരുങ്ങി സർക്കാർ. ഗവർണറെ ചാൻസലർ പദവിയിൽ നിന്നും മാറ്റാനുളള ബിൽ നിയമസഭാ സമ്മേളനത്തിൽ കൊണ്ടുവന്നേക്കുമെന്നാണ് സൂചന. ഡിസംബർ ആദ്യവാരമാണ് സമ്മേളനം കൂടുന്നതിന് സർക്കാർ ആലോചിക്കുന്നത്. ഡിസംബർ അഞ്ച് മുതൽ 15 വരെയുളള തീയതികളിലാകും കൂടുക എന്നാണ് വിവരം. ഗവർണർക്ക് പകരം ആര് ചാൻസലർ ആകണമെന്നും സഭാ സമ്മേളനത്തിന്റെ തീയതിയും നാളെ ക്യാബിനറ്റിന് ശേഷമാകും അന്തിമ തീരുമാനമുണ്ടാകുക. മന്ത്രിസഭാ തീരുമാനം ഗവർണറെ അറിയിക്കും.
സിപിഎം സംസ്ഥാന സമിതി ഇക്കാര്യത്തിൽ അനുമതി നൽകിയതോടെയാണ് ബില്ലിനായി സർക്കാർ നടപടി വേഗത്തിലാക്കിയത്. സംസ്ഥാനത്ത് 16 സർവകലാശാലകളിൽ 15ലും ഗവർണറാണ് ചാൻസലർ. ഗവർണർക്ക് പകരം ആരെ ചാൻസലർ ആക്കണമെന്നത് സർക്കാർ തീരുമാനമായിട്ടില്ല. ഓരോ സർവകലാശാലക്കും പ്രത്യേക ചാൻസലർ എന്നതാണ് ഉന്നതവിദ്യാഭ്യാസരംഗത്തെ മാറ്റങ്ങളെക്കുറിച്ച് പഠിക്കാൻ സർക്കാർ നിയോഗിച്ച ശ്യാം ബി മേനോൻ കമ്മിഷനും എൻ.കെ ജയകുമാർ കമ്മിഷനും നൽകിയ റിപ്പോർട്ടുകളിൽ പറയുന്നത്. എന്നാൽ ബിൽ സഭ പാസാക്കിയാലും ഇത് ഗവർണർ ഒപ്പിട്ടാലെ അംഗീകാരത്തിൽ വരൂ എന്നതും പ്രശ്‌നമാണ്. ഗവർണർ ഒപ്പിട്ടില്ലെങ്കിൽ നിയമനടപടികൾ എങ്ങനെവേണം എന്നറിയാൻ ഫാലി എസ്.നരിമാനിൽ നിന്നുമടക്കം സർക്കാർ നിയമോപദേശവും തേടിയിരുന്നു.