mohansinh-rathva-join-bjp

അഹ്മമ്മദാബാദ്:ഗുജറാത്തിൽ പത്ത് തവണ കോൺഗ്രസ് പാർട്ടിയിൽ നിന്നും എംഎൽഎ സ്ഥാനം വഹിച്ച മോഹൻസിംഗ് രത്‌വ പാർട്ടി വിട്ടു. ആദിവാസി മേഖലയിലെ കരുത്തുറ്റ നേതാവായ മോഹൻസിംഗ് സംസ്ഥാന നിയമസഭാ തിരഞ്ഞെടുപ്പിന് ഒരു മാസം ശേഷിക്കവേയാണ് പാർട്ടിയിൽ നിന്നും ബിജെപിയിലേയ്ക്ക് ചേക്കേറിയത്. നിലവിൽ ഛോട്ടാ ഉദയ്പൂർ മണ്ഡലത്തിൽ നിന്നുള്ള എംഎൽഎ ആയ ഇദ്ദേഹം പാർട്ടി സംസ്ഥാന അദ്ധ്യക്ഷന് രാജിക്കത്ത് കൈമാറി. തിരഞ്ഞെടുപ്പ് സീറ്റുമായി ബന്ധപ്പെട്ട പ്രശ്നങ്ങളാണ് 78-കാരനായ മോഹൻസിംഗ് രത്‌വയുടെ രാജി പ്രഖ്യാപനത്തിന് പിന്നിലെന്നാണ് റിപ്പോർട്ട്.

വരുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ തുടർന്ന് മത്സരിക്കുന്നില്ല എന്ന നിലപാട് മോഹൻസിംഗ് സ്വീകരിച്ചിരുന്നു. എന്നാൽ എഞ്ചിനീയറായ തന്റെ മകന് പകരം സീറ്റ് നൽകണമെന്ന് അദ്ദേഹം പാർട്ടിയിൽ ആവശ്യമുന്നയിച്ചിരുന്നു. ഇതേ മണ്ഡലത്തിൽ തന്നെ തന്റെ മകനെയും മത്സരിപ്പിക്കണമെന്ന് കോൺഗ്രസ് എംപി നരൻ രത്‌വയും ആവശ്യപ്പെട്ടിരുന്നു. ഇതിനെ തുടർന്ന് സീറ്റ് നിർണയത്തെ സംബന്ധിച്ച് അവ്യക്തത നിലനിൽക്കുന്ന സാഹചര്യത്തിലാണ് മോഹൻസിംഗ് പാർട്ടി വിട്ടത്. എംഎൽയോടൊപ്പം മകനായ രാജേന്ദ്ര സിംഗ് രത്‌വയും ബിജെപിയിൽ ചേർന്നതായാണ് വിവരം.

അതേ സമയം ഹിമാചൽ പ്രദേശിൽ നിയമസഭാ തിരഞ്ഞെടുപ്പിന് നാലു ദിവസം മാത്രം ബാക്കിനിൽക്കെ 26 കോൺഗ്രസ് നേതാക്കൾ ബിജെപിയിൽ ചേർന്നിരുന്നു. ഇക്കുറി സംസ്ഥാനത്തെ ഭരണ വിരുദ്ധ തരംഗം വോട്ടാക്കി മാറ്റാനാവുമെന്ന കോൺഗ്രസ് കണക്കൂട്ടലുകൾ തെറ്റിച്ചാണ് സ്വന്തം നേതാക്കൾ മറുകണ്ടം ചാടിയത്. പിസിസി മുൻ ജനറൽ സെക്രട്ടറി ധരംപാൽ ഠാക്കൂർ ഖണ്ട് ഉൾപ്പെടെയുള്ള 26 മുതിർന്ന നേതാക്കളാണ് ബി ജെ പിയിൽ ചേർന്നത്.