mayor-arya

തിരുവനന്തപുരം: നഗരസഭയിലെ നിയമനവുമായി ബന്ധപ്പെട്ട് വിവാദമായ കത്ത് വ്യാജമാണെന്ന് മേയർ ആര്യ രാജേന്ദ്രന്റെ മൊഴി. തന്റെ പേരിൽ പ്രചരിച്ച കത്തിൽ ഒപ്പിട്ടിട്ടില്ലെന്നും. ഒപ്പ് വ്യാജമായി സ്കാൻ ചെയ്ത് കയറ്റിയതാണെന്നും മേയർ ക്രൈം ബ്രാഞ്ച് സംഘത്തിന് മുൻപാകെ മൊഴി നൽകി. നിയമനത്തിനായി ശുപാർശ അയക്കാറില്ലെന്നും കത്ത് സിപിഎം ജില്ലാ സെക്രട്ടറിയ്ക്ക് നൽകാൻ താൻ നിർദേശിച്ചിട്ടില്ലെന്നും മേയറുടെ മൊഴിയിൽ പറയുന്നതായാണ് വിവരം.

കത്ത് വിവാദത്തിൽ മേയറുടെ വീട്ടിൽ വച്ചാണ് ഡിവൈഎസ്‌പി ജലീൽ തോട്ടങ്കലിന്റെ നേതൃത്വത്തിലെ അന്വേഷണ സംഘം മൊഴി രേഖപ്പെടുത്തിയത്. സംഭവത്തിൽ മേയർ തന്നെ നേരിട്ട് പരാതിപ്പെട്ടെങ്കിലും മൊഴി നൽകാൻ വൈകുന്നത് വിവാദമായിരുന്നു. നഗരസഭാ ഭരണത്തിൽ വൻ വിവാദം സൃഷ്ടിച്ച പ്രശ്നത്തിൽ മേയറുടെ പരാതി പരിഗണിച്ചാണ് നേരത്തെ മുഖ്യമന്ത്രി ക്രെെംബ്രാഞ്ച് അന്വേഷണത്തിന് നിർദേശം നൽകിയത്. പാർട്ടി നേതാക്കൾകൂടി ഉൾപ്പെട്ട വിവാദത്തിൽ പൊലീസിൽ പരാതി നൽകിയാൽ എഫ് ഐ ആർ കോടതിയിലേയ്‌ക്ക് എത്തുമെന്നും കോടതി ഇടപെടലിൽ അന്വേഷണത്തിന്റെ പരിഗണനാ വിഷയങ്ങൾ മാറുമെന്ന നിയമോപദേശത്തിന്റെ അടിസ്ഥാനത്തിലാണ് മേയർ മുഖ്യമന്ത്രിക്ക് നേരിട്ട് പരാതി നൽകിയത്. വിവാദത്തിൽ പാർട്ടി അന്വേഷണം തത്ക്കാലം മുന്നോട്ടുപോകേണ്ടെന്നാണ് പാർട്ടി നേതൃത്വത്തിന്റെ തീരുമാനം.

അതേസമയം,​ ഇന്ന് രണ്ടാം ദിവസവും മേയർക്കെതിരെ പ്രതിപക്ഷ പാർട്ടികളുടെ പ്രതിഷേധം തുടർന്നു. കോര്‍പ്പറേഷന്‍ ഓഫീസിനുമുന്നില്‍ കാറില്‍ ഇറങ്ങിയ മേയര്‍ കൗണ്‍സില്‍ ഹാളിന് സമീപത്തുള്ള വഴിയിലൂടെയാണ് ഓഫീസിലെത്തിയത്. മേയര്‍ പ്രവേശിച്ചതിന് പിന്നാലെ ഗേറ്റ് അടയ്ക്കുകയും ചെയ്തു. തുടർന്ന് പി എയുടെ മുറിയ്ക്കുള്ളിലൂടെ ഓഫീസിലേക്ക് എത്തുകയായിരുന്നു. മേയറുടെ ഓഫീസിനുമുന്നിലെ പ്രധാനവാതിലില്‍ ബിജെപി പ്രവര്‍ത്തകര്‍ ഈ സമയത്തും പ്രതിഷേധം നടത്തുന്നുണ്ടായിരുന്നു.