cji-dy-chandrachud

ന്യൂഡൽഹി: സുപ്രീം കോടതി ചീഫ് ജസ്റ്റിസായി ഡി.വൈ. ചന്ദ്രചൂഡ് ചുമതലയേറ്റു. രാഷ്‌ട്രപതി ഭവനിൽ നടന്ന ചടങ്ങിൽ രാഷ്‌ട്രപതി ദ്രൗപദി മുർമു സത്യവാചകം ചൊല്ലിക്കൊടുത്തു. രണ്ട് വർഷമാണ് അദ്ദേഹത്തിന്റെ കാലാവധി. 2024 നവംബർ പത്ത് വരെ സ്ഥാനത്ത് തുടരാം. ജസ്റ്റിസ് യു യു ലളിതിന്റെ പിൻഗാമിയായ ഡി.വൈ. ചന്ദ്രചൂഡ് ഇന്ത്യയുടെ അൻപതാമത് ചീഫ് ജസ്റ്റിസാണ്.

ജസ്റ്റിസ് ചന്ദ്രചൂഡ് 1998 മുതൽ 2000 വരെ ഇന്ത്യയുടെ അഡീഷണൽ സോളിസിറ്റർ ജനറലായി സേവനമനുഷ്ഠിച്ചിട്ടുണ്ട്. 2000 മാർച്ച് 29 ന് ബോംബെ ഹൈക്കോടതിയിൽ അഡീഷണൽ ജഡ്ജിയയി. 2013 ഒക്ടോബർ 31ന് അലഹബാദ് ഹൈക്കോടതി ചീഫ് ജസ്റ്റിസും 2016 മേയ് 13ന് സുപ്രീംകോടതി ജഡ്ജിയുമായി.

ഇന്ത്യയിൽ ഏറ്റവും കൂടുതൽ കാലം ചീഫ് ജസ്റ്റിസായിരുന്ന വൈ.വി. ചന്ദ്രചൂഡിന്റെ മകനാണ് ഡി.വൈ. ചന്ദ്രചൂഡ്. പിതാവ് ചീഫ് ജസ്റ്റിസായിചുമതലയേറ്റ് നാൽപ്പത്തിനാല് വർഷങ്ങൾക്ക് ശേഷമാണ് ഡി.വൈ. ചന്ദ്രചൂഡ് അതേ സ്ഥാനത്തെത്തുന്നത്.

ചൊവ്വാഴ്‌ചയായിരുന്നു യു യു ലളിത് സ്ഥാനമൊഴിഞ്ഞത്. കഴിഞ്ഞ ആഗസ്റ്റ് 27നായിരുന്നു ജസ്റ്റിസ് ലളിത് സുപ്രീം കോടതി ചീഫ് ജസ്റ്റിസായി ചുമതലയേറ്റത്.