governor

തിരുവനന്തപുരം: കേരളത്തിലെ സർവകലാശാലകളുടെ ചാൻസലർ സ്ഥാനത്തുനിന്ന് ഗവർണറെ നീക്കുന്നതിനായി ഓർഡിനൻസ് കൊണ്ടുവരാൻ മന്ത്രിസഭായോഗത്തിൽ തീരുമാനം. ഇതുമായി ബന്ധപ്പെട്ട ബില്ല് അവതരിപ്പിക്കുന്നതിനായി ഡിസംബർ അഞ്ച് മുതൽ സഭാസമ്മേളനം ചേരാനായിരുന്നു ധാരണയെങ്കിലും നടപടികൾ അതിവേഗത്തിലാക്കണമെന്ന ഉദ്ദേശത്തോടെ ഓർഡിനൻസ് കൊണ്ടുവരുക എന്ന തീരുമാനത്തിലെത്തുകയായിരുന്നു. ശ്യാം ബി മേനോൻ കമ്മിറ്റി റിപ്പോർട്ടിന്റെ ശുപാർശ പ്രകാരമാണ് ഓർഡിനൻസ് കൊണ്ടുവരുന്നത്.

അതേസമയം, ഓർഡിനൻസ് നടപ്പിലാകണമെങ്കിൽ ഗവർണർ ഒപ്പിടണം. ഗവർണർക്ക് പകരമായി വിദ്യാഭ്യാസ വിദഗ്ദ്ധരെ ചാൻസലർമാരാക്കാനാണ് നീക്കം. ഓരോ സർവകലാശാലയ്ക്കും പ്രത്യേകം ചാൻസലർമാർ ഉണ്ടാകും.

കേരളത്തിലെ സ‌ർവകലാശാലകളുടെ ചാൻസലർ സ്ഥാനത്തുനിന്ന് ഗവർണറെ നീക്കാനാകുമെന്ന് സംസ്ഥാന സർക്കാരിന് നിയമോപദേശം ലഭിച്ചിരുന്നു. ഗവർണർക്ക് പകരമായി വകുപ്പ് മന്ത്രിമാരെയോ വിദ്യാഭ്യാസ വിദഗ്ദ്ധരെയോ ചാൻസലറായി നിയമിക്കാമെന്നാണ് സർക്കാരിന് നിയമോപദേശം ലഭിച്ചത്. മുൻ അറ്റോർണി ജനറൽ അടക്കമുള്ള ഭരണഘടനാ വിദഗ്ദ്ധരാണ് സർക്കാരിന് നി‌ർദേശങ്ങൾ നൽകിയത്.

പശ്ചിമ ബംഗാളിൽ സർക്കാരിന് കീഴിലുള്ള സർവകലാശാലകളിൽ ഗവർണറെ നീക്കി മുഖ്യമന്ത്രിയെ ചാൻസലർ ആക്കുന്നതിനുള്ള ബില്ല് നിയമസഭ പാസാക്കിയിരുന്നു. ഇതേരീതിൽ കേരളത്തിലും ബില്ല് പാസാക്കുന്നതുമായി ബന്ധപ്പെട്ടാണ് സർക്കാ‌ർ നിയമോപദേശം തേടിയത്.

സ്ഥിരം സംവിധാനം ഉണ്ടാകുന്നതുവരെ ചാൻസലറുടെ താത്കാലിക ചുമതല വിദ്യാഭ്യാസ വിദഗ്ദ്ധർക്ക് കൈമാറാമെങ്കിലും ഇവർക്ക് ശമ്പളം ഉൾപ്പെടെയുള്ള പ്രതിഫലം ലഭിക്കുകയില്ല. അധിക സാമ്പത്തിക ബാദ്ധ്യതയുണ്ടാകാതിരിക്കാനാണ് ഇതെന്ന് നിയമോപദേശത്തിൽ ചൂണ്ടിക്കാട്ടുന്നു.