
ബംഗളൂരു: സ്വകാര്യ ദൃശ്യങ്ങൾ പുറത്തുവിടുമെന്ന് പറഞ്ഞ് കാമുകൻ ഭീഷണിപ്പെടുത്തിയതിന് പിന്നാലെ നാല് കുട്ടികളുടെ അമ്മയായ യുവതി ആത്മഹത്യ ചെയ്തതായി പരാതി. ബംഗളൂരുവിൽ താമസിക്കുന്ന ചാമുണ്ഡേശ്വരി (35) ആണ് മരിച്ചത്. യുവതിയുടെ ഭർത്താവ് നൽകിയ പരാതിയിൽ പൊലീസ് കേസെടുത്തു.
ആത്മഹത്യ ചെയ്യുന്നതിന് തൊട്ടുമുൻപ് യുവതി ഒരു വീഡിയോ കാമുകന് അയച്ചിരുന്നു. ‘നിങ്ങൾ സന്തോഷമായിരിക്കൂ. എന്ന് കരുതി ഇതുപോലെ മറ്റു സ്ത്രീകളുടെ ജീവിതം തകർക്കരുത് ’ – എന്നായിരുന്നു വീഡിയോയിൽ യുവതി പറഞ്ഞത്. ബ്യൂട്ടീപാർലറിലായിരുന്നു യുവതിക്ക് ജോലി.
ആറ് മാസം മുമ്പാണ് യുവതി മല്ലികാർജുനെ പരിചയപ്പെട്ടത്. പിന്നീട് പ്രണയത്തിലായി. യുവതിയുമായുള്ള സ്വകാര്യ ദൃശ്യങ്ങൾ യുവാവ് ഫോണിൽ പകർത്തിയിരുന്നു. തുടർന്ന് രണ്ട് ലക്ഷം രൂപ നൽകിയില്ലെങ്കിൽ ഇത് സോഷ്യൽ മീഡിയയിലൂടെ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തുകയായിരുന്നു. ഇതോടെയാണ് യുവതി ജീവനൊടുക്കിയത്. മല്ലികാർജുനെതിരെ ആത്മഹത്യാ പ്രേരണ കുറ്റം ചുമത്തിയിട്ടുണ്ട്.