
വിവാഹത്തിന് പല തരത്തിലുള്ള സമ്മാനങ്ങളാണ് വധൂവരന്മാർക്ക് ലഭിക്കാറുള്ളത്. പ്രത്യേകിച്ച് സമ്മാനം നൽകുന്നത് സുഹൃത്തുക്കളാണെങ്കിൽ പറയുകയേ വേണ്ട. ഇത്തരത്തിൽ പാലക്കാട് സ്വദേശിയായ രഘുവിന് സുഹൃത്തുക്കൾ നൽകിയ വിവാഹസമ്മാനമാണ് ഇപ്പോൾ സമൂഹമാദ്ധ്യമങ്ങളിൽ വൈറലായിക്കൊണ്ടിരിക്കുന്നത്. രാത്രി ഒമ്പത് മണിവരെ കൂട്ടുകാരോടൊപ്പം ചെലവഴിക്കാൻ ഭർത്താവിനെ അനുവദിക്കുമെന്നും അതുവരെ ഫോൺ വിളിച്ച് ശല്യം ചെയ്യില്ലെന്നുമാണ് 50 രൂപയുടെ മുദ്രപത്രത്തിൽ രഘുവിന്റെ പേരിൽ വധു അർച്ചനയിൽ നിന്നും സുഹൃത്തുക്കൾ എഴുതി വാങ്ങിയത്.
കഴിഞ്ഞ ശനിയാഴ്ചയാണ് മലയക്കോട് വി എസ് ഭവനിൽ എസ് രഘുവിന്റെയും കാക്കയൂര് വടക്കേപ്പുര വീട്ടിൽ എസ് അർച്ചനയുടെയും വിവാഹം കഴിഞ്ഞത്. കഞ്ചിക്കോട്ടെ സ്വകാര്യ കമ്പനിയിൽ ജീവനക്കാരനായ രഘുവിന്റെ ബാഡ്മിന്റൺ കളിക്കാരും ചിരകാല സുഹൃത്തുക്കളുമായ 17പേരടങ്ങുന്ന 'ആശാനും ശിഷ്യന്മാരും' എന്ന വാട്സാപ്പ് ഗ്രൂപ്പിലെ അംഗങ്ങളാണ് വിവാഹത്തിന് സർപ്രൈസ് ഒരുക്കിയത്. ഗ്രൂപ്പിലെ അംഗങ്ങളുടെ വിവാഹത്തിന് സർപ്രൈസ് ഒരുക്കുക എന്നത് ഇവർക്കിടയിലെ പതിവാണ്. അങ്ങനെ വിവാഹത്തിന് തൊട്ടുമുമ്പ് തന്നെ ഗ്രൂപ്പിൽ നിന്ന് പുറത്താക്കിയ ശേഷമാണ് കൂട്ടുകാർ ഇത് പ്ലാൻ ചെയ്തതെന്ന് രഘു പറയുന്നു.
50 രൂപയുടെ മുദ്രപത്രം വാങ്ങിയ ശേഷം സുഹൃത്തുക്കൾ അർച്ചനയുടെ അനുമതി തേടുകയായിരുന്നു. പിന്നീട് സമൂഹമാദ്ധ്യമങ്ങളിലൂടെ പങ്കുവച്ചതും സുഹൃത്തുക്കൾ തന്നെയാണ്. ഇതോടെ രഘുവും ഭാര്യ അർച്ചനയും നാട്ടിലെ താരങ്ങളായി. ബാങ്ക് ജോലിയ്ക്കായുള്ള കോച്ചിംഗ് ക്ലാസുകളിൽ പങ്കെടുക്കുകയാണ് അർച്ചന. സമൂഹമാദ്ധ്യമങ്ങളിൽ ഇവരെ അഭിനന്ദിച്ച് പലരും രംഗത്തെത്തിയപ്പോൾ, ഇതുപോലൊരു ഉടമ്പടി ഭർത്താവ് ഭാര്യയ്ക്ക് എഴുതി നൽകുമോയെന്നാണ് മറ്റു പലരും കമന്റ് ചെയ്തിരിക്കുന്നത്.