suresh-gopi

അഭിനയത്തിന് പുറമേ രാഷ്ട്രീയത്തിലും ആലാപനത്തിലും കൈവച്ച വ്യക്തിയാണ് മലയാളികളുടെ പ്രിയ താരം സുരേഷ് ഗോപി. നിസ്സഹായർക്ക് മുന്നിൽ സഹായഹസ്തവുമായെത്താറുള്ള വ്യക്തി കൂടിയാണ് അദ്ദേഹം. തന്റെ രണ്ടാമത്തെ മകൻ മാധവ് സുരേഷിനൊപ്പമുള്ള ചിത്രത്തിന്റെ ഷൂട്ടിംഗ് തിരക്കുകളിലാണ് ഇപ്പോൾ സുരേഷ് ഗോപി. ഷൂട്ടിംഗ് ലൊക്കേഷനിൽ സുരേഷ് ഗോപിക്കൊപ്പം ഫോട്ടോ എടുക്കാൻ അടുത്തെത്തിയ കുട്ടിആരാധകന്റെ വീഡിയോ ആണ് ഇപ്പോൾ സമൂഹമാദ്ധ്യമങ്ങളിൽ വൈറലായിക്കൊണ്ടിരിക്കുന്നത്.

സുരേഷ് ഗോപിക്കൊപ്പം ഫോട്ടോ എടുക്കാനുള്ള തിരക്കിലായിരുന്നു ആരാധകർ. ഇതിനിടെയാണ് കയ്യിൽ കെട്ടുമായി ആശുപത്രിയിൽ നിന്നും താരത്തെ കാണാനായി ഒരു കുട്ടിയെത്തിയത്. ഈ കുട്ടിയുടെ സഹോദരി 'അങ്കിളേ ഒരു ഫോട്ടോ എടുക്കണം' എന്ന് പറഞ്ഞു. അദ്ദേഹത്തെ കാണാനായി ആശുപത്രിയിൽ നിന്ന് ഓടി വന്നതാണ് കുട്ടിയെന്ന് ഒപ്പമുള്ളവർ സുരേഷ് ഗോപിയോട് പറയുന്നതും വീഡിയോയിൽ കാണാം. ശേഷം കുട്ടിആരാധകനെ ചേർത്ത് നിർത്തി ഫോട്ടോ എടുത്ത ശേഷമാണ് താരം മടങ്ങിയത്.

'ജെ എസ് കെ' എന്ന ചിത്രമാണ് സുരേഷ് ഗോപിയുടേതായി അണിയറയിൽ ഒരുങ്ങുന്നത്. പ്രവീൺ നാരായണൻ ആണ് ചിത്രത്തിന്റെ സംവിധാനം നിർവഹിക്കുന്നത്. ഒരു വക്കീലിന്റെ കഥാപാത്രത്തിലാണ് സുരേഷ് ഗോപി ചിത്രത്തിൽ എത്തുന്നത്. മാധവ് സുരേഷിനെ കൂടാതെ അനുപമ പരമേശ്വരൻ, ശ്രുതി രാമചന്ദ്രൻ, അസ്കർ അലി, മുരളി ഗോപി എന്നിവരും ചിത്രത്തിൽ വേഷമിടുന്നു.