
തിരുവനന്തപുരം: കത്ത് വിവാദത്തിൽ മേയർ ആര്യാ രാജേന്ദ്രന്റെ രാജി ആവശ്യപ്പെട്ട് നഗരസഭയിൽ സംഘർഷം. നഗരസഭയിലേക്ക് തള്ളിക്കയറിയ മഹിളാ മോർച്ച പ്രവർത്തകർക്ക് നേരെ പൊലീസ് ലാത്തി വീശി. പ്രതിഷേധക്കാർക്ക് നേരെ ജലപീരങ്കിയും പ്രയോഗിച്ചു. ബി ജെ പി കൗൺസിലർമാർ നഗരസഭയിലെ മേയറുടെ ഓഫീസിന് മുന്നിൽ പ്രതിഷേധിച്ചു.

വിവാദ കത്തിനെച്ചൊല്ലി തുടർച്ചയായ മൂന്നാം ദിവസമാണ് നഗരസഭയിൽ പ്രതിഷേധമുണ്ടാകുന്നത്. സംഘർഷത്തിന്റെ പശ്ചാത്തലത്തിൽ നഗരസഭയ്ക്ക് അകത്തും പുറത്തും വൻ പൊലീസ് സന്നാഹമേർപ്പെടുത്തിയിട്ടുണ്ട്. രാജി ആവശ്യം തമാശയാണെന്ന് മേയർ കഴിഞ്ഞ ദിവസം പ്രതികരിച്ചിരുന്നു.

കഴിഞ്ഞ ദിവസം ആര്യാ രാജേന്ദ്രന്റെ മുടവൻമുകളിലെ വീട്ടിലെത്തി കെ.എസ്.യു കരിങ്കൊടി കാണിച്ചിരുന്നു. കൂടാതെ ബി ജെ പി കൗൺസിലർമാർ മേയറുടെ ഓഫീസിനുമുന്നിൽ കൊടികെട്ടി ഉപരോധിച്ചു. യു ഡി എഫ് നഗരസഭാ കവാടത്തിന് പുറത്ത് റോഡരികിൽ പന്തലിട്ട് സത്യഗ്രഹം തുടങ്ങുകയും ചെയ്‌തിരുന്നു.
