r-bindhu

തിരുവനന്തപുരം: ചാൻസലർ സ്ഥാനത്തുനിന്ന് ഗവർണറെ നീക്കുന്നതിനായി കൊണ്ടുവരുന്ന ഓർഡിനൻസ് ഉന്നത വിദ്യാഭ്യാസ മേഖലയിലെ പരിഷ്‌കരണത്തിന്റെ ഭാഗമായാണെന്ന് ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ആർ ബിന്ദു. അക്കാദമിക് രംഗത്തെ നിലവാരം ഉയർത്താൻ കൂടിയാണ് തീരുമാനമെന്നും മന്ത്രി പറഞ്ഞു.

സർവകലാശാലകളിൽ വിദ്യാഭ്യാസ വിദഗ്ദ്ധരെ നിയമിക്കുന്നതിനായാണ് ഓർഡിനൻസ് കൊണ്ടുവരുന്നത്. ഇടത് സർക്കാർ ഭരണത്തിൽ എത്തിയപ്പോഴെല്ലാം കേരളത്തിലെ എല്ലാ സർവകലാശാലകളിലും മികച്ച അക്കാദമീഷ്യൻമാരെയാണ് വിസിമാരായി നിയമിച്ചിട്ടുള്ളത്. ഇതിന്റെ ഭാഗമായി മൂന്ന് കമ്മീഷനുകളെ നിയോഗിച്ചിരുന്നു. ഇതര- വിദേശ സർവകലാശാലകളിലേതുപോലെ ഒരു അക്കാദമിക് വിദഗ്ദ്ധനെ ചാൻസലറായി നിയമിക്കണമെന്നത് കമ്മീഷൻ റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടിയിരുന്നു. പൂഞ്ചി കമ്മീഷൻ റിപ്പോർട്ടിലും ഗവർണറെ മറ്റ് ചുമതലകൾക്കായി വിട്ടുനൽകേണ്ടതാണെന്ന് വ്യക്തമാക്കുന്നുണ്ട്. ഇതാണ് സർക്കാർ പരിഗണിച്ചതെന്നും മന്ത്രി പറഞ്ഞു.

ശ്യാം മേനോൻ കമ്മീഷൻ റിപ്പോർട്ടിലും സർക്കാർ ഇടപെട്ടിട്ടില്ല. അക്കാദമീഷ്യൻസ് തയ്യാറാക്കിയ റിപ്പോർട്ടാണിത്. കമ്മീഷൻ റിപ്പോർട്ടിന് ശേഷം വിശദമായ യോഗങ്ങൾ ചേർന്നിരുന്നു. അദ്ധ്യാപക- അനദ്ധ്യാപക പ്രതിനിധികൾ, വൈസ് ചാൻസലർമാർ, വിദ്യാർത്ഥി പ്രതിനിധികൾ എന്നിവരുൾപ്പടെ കേരളത്തിലെ ഉന്നതവിദ്യാഭ്യാസ മേഖലയിൽ നിന്നുള്ള പ്രമുഖർ അത്തരം യോഗങ്ങളിൽ പങ്കെടുത്തിരുന്നു. അതിൽ സംഘം ചേർന്നുള്ള ചർച്ചകൾ നടത്തി. കമ്മീഷൻ ശുപാർശ എങ്ങനെ നടപ്പാക്കണമെന്നുള്ള അവരുടെ അഭിപ്രായം കൂടി കണക്കിലെടുത്താണ് സർക്കാർ മുന്നോട്ടുപോകുന്നത്. ഓർഡിനൻസിൽ ഒപ്പിടേണ്ട ഭരണഘടനാ ബാദ്ധ്യത ഗവർണർ നിറവേറ്റുമെന്ന് പ്രതീക്ഷിക്കുന്നുവെന്നും മന്ത്രി പറഞ്ഞു.