
കണ്ണൂർ: ഗവർണറെ സർവകലാശാലകളിലെ ചാൻസലർ പദവിയിൽ നിന്ന് മാറ്റാനുള്ള നീക്കം അംഗീകരിക്കാനാകില്ലെന്ന് കെപിസിസി അദ്ധ്യക്ഷൻ കെ സുധാകരൻ. യൂണിവേഴ്സിറ്റികളിൽ രാഷ്ട്രീയ നിയമനം നടത്താനുള്ള ശ്രമമാണ് പുതിയ ഓർഡിനൻസിലൂടെ സർക്കാർ നടത്തുന്നതെന്നും കെ സുധാകരൻ പറഞ്ഞു.
'ബില്ല് നിയമസഭയിൽ വരുമ്പോൾ ശക്തമായി എതിർക്കും. യുഡിഎഫിന്റെ അഭിപ്രായമാണിത്. വിഷയം ചർച്ച ചെയ്യാൻ യുഡിഎഫ് ഉടൻ യോഗം വിളിക്കും. പല സംസ്ഥാനങ്ങളിൽ പല തീരുമാനമുണ്ടാകും. അതുകൊണ്ടാണ് തമിഴ്നാട്ടിൽ വേറെ നിലപാടെടുത്തത്. ഇല്ലാത്ത അധികാര പ്രയോഗം ഗവർണർ നിർത്തണം. സർക്കാരും ഗവർണറും മിതത്വം പാലിക്കണം.'- സുധാകരൻ പറഞ്ഞു.
ഗവർണറെ ചാൻസലർ സ്ഥാനത്ത് നിന്ന് നീക്കുന്നത് അംഗീകരിക്കാനാവില്ലെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശനും വ്യക്തമാക്കിയിരുന്നു. സർവകലാശാലകളെ കമ്മ്യൂണിസ്റ്റ് വൽക്കരിക്കാനാണ് ഈ ഓർഡിനൻസ് വഴി ശ്രമിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.