ecudor

ദോഹ: ഖത്തർ ലോകകപ്പിന് യോഗ്യതനേടിയിട്ടും കളിക്കാനകുമോയെന്ന ആശങ്കയിലായിരുന്ന ദക്ഷിണ അമേരിക്കൻ ടീം ഇക്വഡോറിന് ആശ്വാസം. ഇക്വഡോറിനെ ലോകകപ്പിൽ നിന്ന് അയോഗ്യരാക്കണമെന്ന് കാട്ടി പെറു,​ ചിലി ടീമുകൾ നൽകിയ പരാതി അന്താരാഷ്ട്ര കായിക തർക്ക പരിഹാര കോടതി തള്ളിയതോടെയാണ് ഇക്വഡോറിന്റെ പ്രതിസന്ധി നീങ്ങിയത്. ഇക്വഡോറിനായി ലോകകപ്പ് യോഗ്യതാ മത്സരങ്ങളിൽ കളിച്ച പ്രതിരോധി താരം ബൈറോൺ കാസറ്റിലോയുടെ മാതാപിതാക്കൾ കൊളംബിയക്കാരാണെന്നും താരത്തിന്റെ പാസ്പോർട്ട് വ്യാജമാണെന്നും അതിനാൽ ഇക്വഡോറിനെ ലോകകപ്പിൽ നിന്ന് അയോഗ്യരാക്കണമെന്നുമായിരുന്നു ചിലിയുടേയും പെറുവിന്റെയും പരാതി. പാസ്‌പോർട്ടിലെ ജനനതീയതിയും സ്ഥലവും തെറ്റാണെന്ന് കോടതി കണ്ടെത്തിയെങ്കിലും അതിന്റെ പേരിൽ ഇക്വഡോറിനെ ലോകകപ്പിൽ നിന്ന് വിലക്കണമെന്ന ആവശ്യം തള്ളുകയായിരുന്നു. ഇക്വഡോർ നിയമ ലംഘനം നടത്തിയിട്ടില്ലെന്നാണ് കോടതിയുടെ കണ്ടെത്തൽ. ആതിഥേയരായ ഖത്തർ,​ നെതർലൻഡ്സ്,​ സെനഗൽ എന്നീടീമുകൾക്കൊപ്പം ഗ്രൂപ്പ് എയിലാണ് ഇക്വഡോർ. 20 ന് നടക്കുന്ന ഉദ്ഘാടന മത്സരത്തിൽ ഖത്തറിനെ ഇക്വഡോർ നേരിടും.