
തിരുവനന്തപുരം: മേയർ ആര്യാ രാജേന്ദ്രൻ രാജിവയ്ക്കണമെന്ന് കെ മുരളീധരൻ എംപി. തിരുവനന്തപുരത്തേത് അഹങ്കാരത്തിന് കൈയും കാലുംവച്ച മേയറാണെന്നും, കത്തെഴുതിയത് മേയറാണെങ്കിലും അല്ലെങ്കിലും രാജിവയ്ക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
മേയറുടെ ലെറ്റർപാഡും സീലും ഉപയോഗിച്ചാണ് കത്ത് തയ്യാറാക്കിയത്. അത് അറിഞ്ഞില്ലെന്ന് മേയർ പറയുന്നത് ഭരണപരമായ കഴിവുകേടാണ്. എന്നിട്ടും എന്തുകൊണ്ടാണ് ആര്യാ രാജേന്ദ്രൻ രാജിവയ്ക്കാത്തത്. ഇതെന്താ തറവാട്ട് സ്വത്താണോയെന്നും മുരളീധരൻ ചോദിച്ചു.
മേയർക്കെതിരെ പ്രതിഷേധിച്ച യൂത്ത് കോൺഗ്രസ് പ്രവർത്തകരെ പൊലീസിന്റെ മുന്നിലിട്ട് ഡി വൈ എഫ് ഐക്കാർ മർദിച്ചെന്നും, പൊലീസ് ഗുണ്ടകൾക്ക് കുട പിടിക്കുകയാണെന്നും മുരളീധരൻ ആരോപിച്ചു. മേയർ രാജിവയ്‌ക്കുന്നതുവരെ സമരം തുടരാനാണ് തീരുമാനമെന്നും അദ്ദേഹം വ്യക്തമാക്കി.
അതേസമയം, കോൺഗ്രസ് എം എൽ എ എൽദോസ് കുന്നപ്പിള്ളിക്ക് ഒരു നിയമവും മുൻമന്ത്രി കടകംപള്ളി സുരേന്ദ്രന് മറ്റൊരു നിയമവുമാണെന്നും മുരളീധരൻ വിമർശിച്ചു. പിണറായി സർക്കാർ സ്റ്റണ്ടും സെക്സും നിറഞ്ഞ സിനിമയായി മാറിയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. സ്വർണക്കടത്ത് കേസിലെ പ്രതി സ്വപ്ന സുരേഷിനെതിരെ എന്തുകൊണ്ടാണ് സി പി എം മാനനഷ്ടക്കേസ് കൊടുക്കാത്തതെന്നും മുരളീധരൻ ചോദിച്ചു.