
അമേരിക്കയിൽ അധികാരക്കസേരയിലെത്തി വീണ്ടും ചരിത്രം കുറിച്ച് ഇന്ത്യൻ വംശജ. അമേരിക്കൻ സംസ്ഥാനമായ മേരിലാൻഡിൽ ലെഫ്‌റ്റനന്റ് ഗവർണർ സ്ഥാനത്തേയ്ക്ക് മത്സരിച്ച് വിജയിക്കുന്ന ആദ്യ ഇന്ത്യൻ വംശജ എന്ന നേട്ടം സ്വന്തമാക്കിയിരിക്കുകയാണ് അരുണ മില്ലർ. ആന്ധ്രാപ്രദേശിൽ ജനിച്ച അരുണ മാതാപിതാക്കളോടൊപ്പം അമേരിക്കയിലേയ്ക്ക് കുടിയേറുകയായിരുന്നു.
മേരിലാൻഡ് ഹൗസിലെ മുൻ പ്രതിനിധിയായിരുന്നു അൻപത്തിയെട്ടുകാരിയായ അരുണ. ഗവർണറുടെ സ്ഥാനാർത്ഥിയായ വെസ് മൂറിനൊപ്പമാണ് ലെഫ്‌റ്റനന്റ് സ്ഥാനത്തേയ്ക്ക് അരുണ മത്സരിച്ചത്. ഗവർണർക്ക് ശേഷം സംസ്ഥാനത്തെ ഏറ്റവും വലിയ പദവിയാണ് ലെഫ്‌റ്റനന്റ് ഗവർണറുടേത്. ഗവർണർ സംസ്ഥാനത്തിന് പുറത്തായിരിക്കുമ്പോഴോ ആരോഗ്യപ്രശ്നങ്ങൾ നേരിടുമ്പോഴോ തൽസ്ഥാനം ഏറ്റെടുക്കേണ്ടത് ലെഫ്‌റ്റനന്റ് ഗവർണറാണ്. നിലവിലെ ഗവർണർ മരണപ്പെടുകയോ, രാജി വയ്ക്കുകയോ, ഓഫീസിൽ നിന്ന് പുറത്താക്കപ്പെടുകയോ ചെയ്താൽ ലെഫ്‌റ്റനന്റ് ഗവർണർ സ്ഥാനത്തേയ്ക്ക് എത്തും. ഗവർണർ സ്ഥാനാർത്ഥികളായ അരുണയുടെയും വെസ് മൂറിന്റെയും തിരഞ്ഞെടുപ്പ് പ്രചാരണത്തിൽ പ്രസിഡന്റ് ജോ ബൈഡനും വൈസ് പ്രസിഡന്റ് കമലാ ഹാരിസും പങ്കെടുത്തിരുന്നു.
അതേസമയം, ഹിന്ദു ദേശീയവാദികളെ പിന്തുണയ്ക്കുന്നുവെന്ന ആരോപണം തിരഞ്ഞെടുപ്പിനിടെ അരുണ നേരിട്ടിരുന്നു. എന്നാൽ ഇത് അവർ നിഷേധിച്ചു. തിരഞ്ഞെടുപ്പ് മത്സരത്തിനിടെ ചില ട്രംപ്, റിപ്പബ്ളിക്കൻ അനുഭാവികൾ അരുണ മില്ലറിന് പിന്തുണ നൽകി രംഗത്തെത്തിയതും ഫണ്ട് സ്വരൂപിച്ചതും ഏറെ ശ്രദ്ധനേടിയിരുന്നു.
ജനാധിപത്യം ബാലറ്റിലെത്തുമ്പോൾ ഒരു ചെറിയ സംസ്ഥാനത്തിന് എന്തുചെയ്യാനാകുമെന്ന് ജനങ്ങൾ തെളിയിച്ചെന്ന് വിജയപ്രഖ്യാപനത്തിന് പിന്നാലെ അരുണ മില്ലർ ജനങ്ങളെ അഭിസംബോധന ചെയ്തുകൊണ്ട് പറഞ്ഞു. വിഭജനത്തിന് പകരം ജനങ്ങൾ ഐക്യം തിരഞ്ഞെടുത്തെന്നും വിലക്കുകൾക്ക് പകരം അവകാശങ്ങൾക്ക് പ്രാധാന്യം നൽകിയെന്നും ഭയത്തിന് മേലെ പ്രതീക്ഷ തിരഞ്ഞെടുത്തെന്നും പ്രസംഗത്തിൽ മില്ലർ കൂട്ടിച്ചേർത്തു.