
മമ്മൂട്ടിയും ജ്യോതികയും നായകനും നായികയുമായി അഭിനയിക്കുന്ന കാതൽ ദ കോർ എന്ന ചിത്രത്തിന്റെ കൊച്ചിയിലെ ലൊക്കേഷനിൽ അതിഥിയായി സൂര്യ എത്തി. ജ്യോതികയുടെ ഭർത്താവും തമിഴ് സൂപ്പർ താരവുമായ സൂര്യ എത്തിയതിന്റെ വീഡിയോ സമൂഹമാദ്ധ്യമത്തിൽ ശ്രദ്ധ നേടുന്നു. സൂര്യയെ മമ്മൂട്ടിയും സംവിധായകൻ ജിയോ ബേബിയും മറ്റ് അണിയറ പ്രവർത്തകരും ചേർന്ന് സ്വീകരിച്ചു. മമ്മൂട്ടിക്കും ജ്യോതികയ്ക്കും ഒപ്പമിരുന്ന് ഭക്ഷണം കഴിക്കാനായി തയ്യാറെടുക്കുന്ന സൂര്യയുടെ ചിത്രവും പുറത്തുവന്നിട്ടുണ്ട്.
പന്ത്രണ്ട് വർഷത്തെ ഇടവേളയ്ക്ക് ശേഷം ജ്യോതിക മലയാളത്തിൽ തിരിച്ചെത്തുന്ന ചിത്രമാണ് കാതൽ. മമ്മൂട്ടിയുടെ നായികയായി ജ്യോതിക എത്തുന്നത് ആദ്യമാണ്. തൊടുപുഴ ആണ് ചിത്രത്തിന്റെ മറ്റൊരു ലൊക്കേഷൻ. മമ്മൂട്ടി കമ്പനിയുടെ ബാനറിൽ മമ്മൂട്ടി ആണ് നിർമാണം.