ഇന്ന് ചെറുപ്പക്കാരും കുട്ടികളുമടക്കം നിരവധി പേർ ബുദ്ധിമുട്ടനുഭവിക്കുന്ന രോഗമാണ് ആസ്തമ. ലോകാരോഗ്യ സംഘടനയുടെ കണക്കുകൾ പ്രകാരം 235 മില്ല്യൺ പേരാണ് ലോകമൊട്ടാകെ ആസ്തമ രോഗബാധിതരായുള്ളത്. കൊവിഡ് വ്യാപനത്തോടെ ആസ്തമ രോഗികളുടെ എണ്ണത്തിലും വർദ്ധനവുണ്ടായതായി റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു. ശ്വാസകോശ നാഡിയുടെ പ്രവർത്തനക്ഷമതയെ അലട്ടുന്ന ഈ രോഗത്തെ ഒരു പരിധിവരെ ഭക്ഷണത്തിലൂടെ നിയന്ത്രിക്കാനാകുമെന്നാണ് വിദഗ്ദ്ധർ അഭിപ്രായപ്പെടുന്നത്.
ആസ്തമ നിയന്ത്രിക്കാൻ സഹായിക്കുന്ന ചില ആഹാരപദാർത്ഥങ്ങൾ
നിർജ്ജലീകരണം നിമിത്തം രോഗം മൂർച്ഛിക്കുന്നത് തടയാൻ ധാരാളം വെള്ളം കുടിക്കേണ്ടത് വളരെ പ്രധാനമാണ്.
വിറ്റാമിൻ സി, ആന്റി ഓക്സിഡന്റുകൾ ധാരാളം അടങ്ങിയ ഓറഞ്ച് കഴിക്കുന്നത് ശ്വാസകോശ സംബന്ധിയായ രോഗങ്ങൾ പ്രതിരോധിക്കുന്നതിന് സഹായിക്കും.
ഒമേഗ 3 ഫാറ്റി ആസിഡ്, മഗ്നീഷ്യം എന്നിവ ധാരാളം അടങ്ങിയ ഫ്ലാക്സ് സീഡ്സ് കഴിക്കുന്നതിലൂടെ ശ്വാസകോശത്തിന് സമീപമായുള്ള മസിലുകൾ അയയുന്നതിനും ആസ്തമ ചെറുക്കുന്നതിനും സഹായിക്കും.
വിറ്റാമിൻ ബി, സി, ബീറ്റ കരോട്ടിൻ എന്നിവ അടങ്ങിയിട്ടുള്ള ചീര ശീലമാക്കുന്നത് വഴി രോഗത്തെ പ്രതിരോധിക്കാൻ സധിക്കും.
ഓമേഗ 3 ഫാറ്റി ആസിഡ്, വിറ്റാമിൻ ഡി എന്നിവ അടങ്ങിയിട്ടുള്ള സാൽമൺ മീൻ ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നതും ആസ്തമ രോഗമുള്ളവർക്ക് ഏറെ ഗുണം ചെയ്യും.
ദിവസേന ആപ്പിൾ കഴിക്കുന്നതും രോഗാവസ്ഥയെ നിയന്ത്രിക്കാൻ സഹായിക്കും.
നട്സ്, മത്തങ്ങ, ഇഞ്ചി, വെളുത്തുള്ളി, വാഴപ്പഴം, അവക്കാഡോ, തേൻ തുടങ്ങിയവയും ഭക്ഷണക്രമത്തിൽ ഉൾപ്പെടുത്താൻ ആസ്മ രോഗികൾ ശ്രദ്ധിക്കണം.
മുട്ട, തൈര്, ഐസ്ക്രീം, പാൽ ഉത്പന്നങ്ങൾ, മറ്റ് ലാക്ടോസ് അധിഷ്ഠിത ഉത്പന്നങ്ങൾ, ജങ്ക് ഫുഡ്, സംസ്കരിച്ച ഭക്ഷണങ്ങൾ എന്നിവ ആസ്ത്മയ്ക്ക് കാരണമാകും. കൃത്രിമ നിറം, കൃത്രിമ മധുരം, പ്രിസർവേറ്റീവ്സ് എന്നിവ കൂടിയ അളവിലുള്ള ഭക്ഷണങ്ങൾ ഒഴിവാക്കാം. ഇത്തരം ഭക്ഷണങ്ങൾ ശ്വാസകോശത്തിൽ വീക്കം അല്ലെങ്കിൽ ശ്വാസനാളങ്ങളിൽ അണുബാധയ്ക്ക് കാരണമായേക്കാമെന്നും പഠനങ്ങൾ വ്യക്തമാക്കുന്നു.