
മേട്ടുപ്പാളയം: വിധവയായ ഇരുപത്തിയഞ്ചുകാരിയെ വിവാഹം കഴിച്ച യുവാവിനെ സഹോദരൻ വെട്ടിക്കൊന്നു. കാരമട വടമംഗളക്കര സ്വദേശി ബാലസുബ്രമണി (32)ആണ് കൊല്ലപ്പെട്ടത്. സഹോദരൻ ബാലമുരുകനെ പൊലീസ് അറസ്റ്റ് ചെയ്‌തു.
വീട്ടുകാരുടെ എതിർപ്പ് മറികടന്നാണ് വടമംഗളക്കരയിലുള്ള യുവതിയെ ബാലസുബ്രമണി വിവാഹം കഴിച്ചത്. യുവതിയുടെ ആദ്യ ഭർത്താവ് വാഹനാപകടത്തിൽ മരിച്ചതാണ്. രണ്ട് മാസം മുമ്പായിരുന്നു ബാലസുബ്രമണിയും യുവതിയും തമ്മിലുള്ള വിവാഹം നടന്നത്. തുടർന്ന് ബന്ധുക്കളിൽ നിന്ന് അകന്നായിരുന്നു ദമ്പതികൾ താമസിച്ചിരുന്നത്.
കഴിഞ്ഞ ദിവസം അമ്മയെ കാണാൻ ബാലസുബ്രമണി വീട്ടിൽ പോയിരുന്നു. സഹോദരനെ കണ്ട ബാലമുരുകൻ വീട്ടിൽ നിന്നിറങ്ങിപ്പോകാൻ ആവശ്യപ്പെട്ടു. തുടർന്ന് ഇരുവരും തമ്മിൽ കൈയാങ്കളിയിലെത്തുകയായിരുന്നു. ഇതിനിടെ പ്രതി വാക്കത്തികൊണ്ട് സഹോദരന്റെ തലയ്ക്ക് വെട്ടുകയായിരുന്നു.