ipl

ന്യൂഡൽഹി: അടുത്ത വർഷത്തെ ഇന്ത്യൻ പ്രീമിയർ ലീഗിലേയ്ക്കുള്ള ( ഐ പി എൽ) താരലേലം കൊച്ചിയിൽ നടത്താൻ തീരുമാനം. ബി സി സി ഐയാണ് ഇക്കാര്യം അറിയിച്ചത്. ഡിസംബർ 23നാണ് ലേലം നടത്തുന്നത്. താരലേലത്തിന് ആതിഥേയത്വം വഹിക്കുന്നതിനായി തുർക്കിയുടെ തലസ്ഥാനമായ ഇസ്താംബൂൾ, ബംഗളൂരു, ന്യൂഡൽഹി, മുംബയ്, ഹൈദരാബാദ് എന്നിവിടങ്ങളും പരിഗണിച്ചിരുന്നെങ്കിലും അവസാനം കൊച്ചിയ്ക്ക് നറുക്ക് വീഴുകയായിരുന്നു.

2022ലെ സീസണിന് മുന്നോടിയായി മെഗാ താരലേലം നടന്നതിനാൽ ഇത്തവണ ഒറ്റദിവസം കൊണ്ട് അവസാനിക്കുന്ന മിനി ലേലമായിരിക്കും നടക്കുകയെന്ന് ബി സി സി ഐ വ്യക്തമാക്കി. ഓരോ ടീമിനും ഇത്തവണ ലേലത്തിൽ അഞ്ച് കോടി രൂപ അധികമായി ചെലവഴിക്കുന്നതിന് ബി സി സി ഐ അനുമതി നൽകുന്നു.

നവംബർ 15നകം കളിക്കാരുടെ പട്ടിക സമർപ്പിക്കാൻ പത്ത് ഐ പി എൽ ഫ്രാഞ്ചൈസികളോട് ബി സി സി ഐ ആവശ്യപ്പെട്ടിട്ടുണ്ട്. കൂടാതെ, 2023 സീസണിൽ ശമ്പള പരിധി 90 കോടി രൂപയിൽ നിന്ന് 95 കോടി രൂപയായി ഉയർത്താൻ സാദ്ധ്യതയുള്ളതായും റിപ്പോർട്ടുകളുണ്ട്.