nirav

ന്യൂഡൽഹി: പതിനായിരം കോടിയിലേറെ രൂപയുടെ വായ്പാ തട്ടിപ്പ് നടത്തി ഇന്ത്യവിട്ട വ്യവസായി നീരവ് മോദിയെ ഇന്ത്യയ്ക്ക് കെെമാറാൻ ബ്രിട്ടീഷ് കോടതി ഉത്തരവ്. തന്നെ ഇന്ത്യയ്ക്ക് കെെമാറരുതെന്ന് ആവശ്യപ്പെട്ട് നീരവ് നൽകിയ ഹർജി ബ്രിട്ടീഷ് കോടതി തള്ളി.ഇയാളെ ഇന്ത്യയ്ക്ക് കെെമാറുന്നതാണ് ശരിയെന്ന് കോടതി ചൂണ്ടിക്കാട്ടി. ഉടൻതന്നെ ലണ്ടനിലെ ജയിലിൽ കഴിയുന്ന നീരവിനെ ഇന്ത്യയ്ക്ക് കെെമാറിയേക്കും.13,000 കോടി രൂപയുടെ,​ പഞ്ചാബ് നാഷണൽ ബാങ്ക് തട്ടിപ്പിലെ മുഖ്യപ്രതിയാണ് നീരവ് മോദി. തട്ടിപ്പ് വിവരം പുറത്തതുവരികയും വിവിധ ഏജൻസികൾ അന്വേഷണം ആരംഭിക്കുകയും ചെയ്തപ്പോൾ ഇയാൾ ഇന്ത്യ വിടുകയായിരുന്നു. ഇദ്ദേഹം 2019 മാർച്ചിലാണ് ലണ്ടനിൽ അറസ്റ്റിലായത്.

ഹർജി പരിഗണിച്ച കോടതി, ഇന്ത്യ ഒരു വിദേശ സൗഹൃദ ശക്തിയാണെന്നും കുറ്റവാളി കെെമാറ്റ ഉടമ്പടിയുടെ ബാധ്യതകൾ യുകെ പാലിക്കുമെന്നും അറിയിച്ചു. നീരവ് മോദി വിഷാദാവസ്ഥയിലാണെന്നും ആത്മഹത്യാപ്രവണതയുണ്ടെന്നും ഇന്ത്യയിലെ പ്രതികൂല സാഹചര്യം കാരണം അവിടേക്ക് കെെമാറുന്നതോടെ അത് കൂടുതൽവഷളാകുമെന്നും നീരവിന്റെ അഭിഭാഷകൻ വാദിച്ചു.ഇന്ത്യയെ രാഷ്ട്രീയക്കാർ മോശം അവസ്ഥയിലാക്കിയെന്നും ഇന്ത്യൻ മാദ്ധ്യമങ്ങൾ തനിക്കെതിരെ ക്രൂരമായാണ് പെരുമാറുന്നതെന്നും ഹർജിയിൽ പറയുന്നു. ഇതിന് ഉദാഹരണമായി പൊതുജനങ്ങൾ അദ്ദേഹത്തിന്റെ കോലം കത്തിച്ചത് ചൂണ്ടിക്കാട്ടിയായിരുന്നു വാദം. എന്നാൽ മുംബെയിലെ ആർതർ റോഡ് ജയിലിൽ നീരവ് മോദിയ്ക്ക് മതിയായ വെെദ്യസഹായം നൽകുമെന്ന ഇന്ത്യൻ സർക്കാർ ഉറപ്പ് നൽകിയിരുന്നു.ആ ഉറപ്പ് സംശയിക്കരുതെന്നും ബ്രിട്ടീഷ് കോടതി പറ‌ഞ്ഞു.