esaf
ഇസാഫ് ബാങ്ക്

കൊച്ചി: പരിസ്ഥിതി, സാമൂഹിക, ഭരണനിർവഹണ (ഇ.എസ്.ജി​) ലക്ഷ്യങ്ങൾ നേടുന്നതിൽ മികച്ച മുന്നേറ്റം നടത്തിയതിന് ഇസാഫ് സ്‌മാൾ ഫിനാൻസ് ബാങ്കിന് കെയർ എഡ്ജ് റേറ്റിംഗ്സിന്റെ ഉയർന്ന ഇ.എസ്.ജി​ ഗ്രേഡ്. അഞ്ചിൽ നാലു പോയിന്റുകളാണ് ഇസാഫ് നേടിയത്. കമ്പനികളുടെ പരിസ്ഥിതി സംരക്ഷണ നയങ്ങളും സാമൂഹിക പ്രതിബദ്ധത, ഭരണനിർവഹണ ലക്ഷ്യങ്ങളും എത്രത്തോളം പാലിക്കപ്പെടുന്നുണ്ടെന്ന് വിലയിരുത്തിയാണ് ഗ്രേഡിംഗ്.

ആഗോളതലത്തിൽ അംഗീകരിക്കപ്പെട്ട പരിസ്ഥിതി, സാമൂഹിക, ഭരണനിർവഹണ മാനദണ്ഡങ്ങൾ പാലിക്കുന്നുണ്ടോ എന്ന് വി​ലയിരുത്തപ്പെടുന്ന ലോകമൊട്ടാകെ കോർപ്പറേറ്റ് രംഗത്ത് പുതിയ നിബന്ധനയായി വരുന്ന ഇ.എസ്.ജി​കേരളത്തിൽ പ്രചാരത്തിലാകുന്നതേയുള്ളൂ.

'പരിസ്ഥിതി സൗഹൃദവും സുസ്ഥിരതയും ഉറപ്പുവരുത്തുന്നതിനും സാമ്പത്തിക ശാക്തീകരണത്തിനും സാക്ഷരതയ്ക്കുമായി വിവിധ പദ്ധതികൾ ഇസാഫ് വിജയകരമായി നടപ്പിലാക്കി വരുന്നുണ്ട്. തുടക്കം മുതൽ ഈ രംഗത്ത് മികച്ച പ്രകടനം കാഴ്ചവയ്ക്കുന്ന ഇസാഫ് ബാങ്ക് ഈ നേട്ടത്തോടെ രാജ്യാന്തര തലത്തിൽ ഇ.എസ്.ജി​ രംഗത്ത് ഉന്നത നിലവാരത്തിലേക്ക് ഉയർന്നിരിക്കുകയാണെന്ന് ഇസാഫ് ബാങ്ക് എം.ഡിയും സി.ഇ.ഒയുമായ കെ. പോൾ തോമസ് പറഞ്ഞു.

ഇ.എസ്.ജി​ ലക്ഷ്യങ്ങളോട് നീതി പുലർത്താതെ ഇവ വ്യാജമായി അവകാശപ്പെടുന്ന ഗ്രീൻവാഷിംഗ് എന്ന പ്രവണതയ്‌ക്കെതിരെ ആഗോള ധനകാര്യ മേഖലയിൽ ശക്തമായി രംഗത്തുള്ള ഗ്ലോബൽ അലയൻസ് ഫോർ ബാങ്കിംഗ് ഓൺ വാല്യൂസി​ (ജി.എ.ബി.വി)ന്റെ പോരാട്ടത്തിൽ ഇന്ത്യയിലെ മുൻനിര സോഷ്യൽ ബാങ്കായ ഇസാഫും പങ്കാളിയാണ്.