himachal

ഷിംല: അധികാര തുടർച്ച ബിജെപി നേതാക്കൾ ഉറപ്പ് പറഞ്ഞിട്ടുള‌ള സംസ്ഥാനമാണ് ഹിമാചൽ പ്രദേശ്. വെറും മൂന്ന് ദിവസം കൂടിയേ ഹിമാചലിൽ തിരഞ്ഞെടുപ്പിന് ബാക്കിയുള‌ളു. ഇതിനിടെ ഇന്ന് പുറത്തുവന്ന എബിപി- സീ വോട്ടർ സർവെയിൽ കോൺഗ്രസിനും ബിജെപിയ്‌‌ക്കും തുല്യ സാദ്ധ്യത കൽപ്പിക്കുന്നതായി ഫലം. ആകെ 68 സീറ്റുകളിൽ 35 ആണ് ഭരണം ഉറപ്പിക്കാൻ വേണ്ട സംഖ്യ.

ബിജെപിയ്‌ക്ക് 31 മുതൽ 39 വരെ സീറ്റുകൾ ലഭിക്കുമെന്നാണ് സർവെയിൽ പറയുന്നത്. എന്നാൽ കോൺഗ്രസിന് അത്ര മോശമല്ലാത്ത പ്രകടനമാണെന്ന് മാത്രമല്ല കേവലഭൂരിപക്ഷം നേടാനാകുമെന്നുമാണ് സർവെ ഫലം. 29 മുതൽ 37 സീറ്രുകൾ കോൺഗ്രസ് നേടിയേക്കും. വോട്ട് ശതമാനത്തിലും ബിജെപി മുൻപിലായിരിക്കുമെങ്കിലും കോൺഗ്രസുമായി ഇത്തവണ നേരിയ വ്യത്യാസമേ ഉണ്ടാകൂ എന്നാണ് പറയുന്നത്. 2017ലെതിനെക്കാൾ 3.9 ശതമാനം കുറഞ്ഞ് 44.8 ആകും ബിജെപിയുടെ വോട്ട് ശതമാനം. അതേസമയം കോൺഗ്രസിന് 2.5 ശതമാനം ഉയർന്ന് 44.2 ആകും. വ്യത്യാസം കേവലം .60 ശതമാനം മാത്രം.

2017ൽ ബിജെപിയ്‌ക്ക് 48.8ഉം കോൺഗ്രസിന് 41.7മായിരുന്നു. ഒക്‌ടോബർ മൂന്നിന് പുറത്തിറങ്ങിയ എബിപി -ന്യൂസ് ഹിമാചൽ സർവെയിൽ ബിജെപി വളരെ മുന്നിലെത്തും എന്നായിരുന്നു പ്രവചനം. 37 മുതൽ 45 വരെ സീറ്റുകളാണ് അന്ന് ബിജെപിക്ക് ലഭിക്കുമെന്ന് പ്രവചിച്ചിരുന്നത്. കോൺഗ്രസിന് 21 മുതൽ 29 വരെ മാത്രം. രണ്ടാമത് വന്ന എബിപി-സീ വോട്ടർ സർവെയിലും ബിജെപിക്ക് മുന്നേറ്റം പ്രവചിച്ചു. 38 മുതൽ 46 സീറ്റുകൾ വരെ. കോൺഗ്രസിന് 20 മുതൽ 28 സീറ്റ് വരെമാത്രം. എന്നാൽ മൂന്നാമത് സർവെയിലാണ് കോൺഗ്രസിന് മുന്നേറ്റമുണ്ടാകുമെന്ന് പ്രവചിച്ചത്. അതേസമയം അരവിന്ദ് കേജ്‌രിവാളിന്റെ ആം ആദ്‌മി പാർട്ടിയ്‌ക്ക് ഒരു സീറ്റ് ലഭിച്ചേക്കാമെന്നും പറയുന്നുണ്ട്.