
ന്യൂഡൽഹി: 2027ഓടെ ലോകത്തെ മൂന്നാമത്തെ വലിയ സമ്പദ് വ്യവസ്ഥയായി ഇന്ത്യമാറുമെന്ന് മോർഗൻ സ്റ്റാൻലിയുടെ റിപ്പോർട്ട്. ജപ്പാനെയും ജർമ്മനിയെയും മറികടന്നാണ് ഇന്ത്യ ഈ നേട്ടം സ്വന്തമാക്കുന്നത്. സാങ്കേതിക വിദ്യയിലും ഊർജ്ജരംഗത്തുമുള്ള നിക്ഷേപം, പൊതുഡിജിറ്റൽ ഇൻഫ്രാസ്ട്രക്ചർ വർദ്ധിപ്പിക്കുന്നതിനുള്ള നയസമീപനത്തിലെ മാറ്റം എന്നിവയാണ് ഇന്ത്യയെ ഈ നേട്ടത്തിലെത്തിക്കുക. അടുത്ത പത്ത് വർഷത്തിനുള്ളിൽ ഇന്ത്യയുടെ മൊത്തം ആഭ്യന്തര ഉത്പാദനം ( ജി.ഡി.പി) നിലവിലെ 3.4 ട്രില്യൺ ഡോളറിൽ നിന്ന് 8.5 ട്രില്യൺ ഡോളറായി വളരുമെന്നും റിപ്പോർട്ട് വ്യക്തമാക്കി.
2023 മുതൽ ഓരോ വർഷവും ഇന്ത്യ ജി.ഡി.പിയിലേക്ക് 400 മില്യൺ ഡോളറിലധികം കൂട്ടിച്ചേർക്കും. അമേരിക്കയെയും ചൈനയും മറികടക്കുന്നതായിരിക്കും ഇതെന്ന് മോർഗൻ സ്റ്രാൻലിയുടെ ചീഫ് ഏഷ്യൻ എക്കണോമിസ്റ്റ് ചേതൻ അഹ്യ പറഞ്ഞു. 2028ന് ശേഷം ഇത് 500 മില്യൺ ഡോളറായി ഉയരുമെന്നും അദ്ദേഹം വ്യക്തമാക്കി. ആഗോള ഓഫ്ഷോറിംഗ്, ഡിജിറ്റലൈസേഷൻ, ഊർജ്ജ പരിവർത്തനം എന്നീ മൂന്ന് മെഗാട്രെൻഡുകളാണ് ഇന്ത്യയുടെ സാമ്പത്തിക വളർച്ചയ്ക്ക് കാരണമായത്.
ആഗോളകയറ്റുമതിയുടെ ഇന്ത്യയുടെ വിഹിതവും ഈ കാലയളവിൽ ഇരട്ടിയാക്കും. അതേസമയം ബോംബെ സ്റ്റോക്ക് എക്സ്‌ചേഞ്ചിന് 11 ശതമാനം വാർഷിക വളർച്ച നൽകാനാകുകയും വരും വർഷങ്ങളിൽ 10 ട്രില്യൺ ഡോളറിലെത്തുകയും ചെയ്യും.