
അഹമ്മദാബാദ് : ഗുജറാത്തിൽ മുഖ്യപ്രതിപക്ഷമായ കോൺഗ്രസിന് വീണ്ടും തിരിച്ചടി. കോൺഗ്രസ് എം.എൽ.എ ഭഗവൻഭായ് ജി ബരാദ് സ്ഥാനം രാജിവച്ചു. സ്പീക്കർ ഡോ. നിർമല ബെൻ ആചാര്യക്ക് രാജിക്കത്ത് കൈമാറി. കോൺഗ്രസിന്റെ എല്ലാ പദവികളിൽ നിന്നും രാജിവയ്ക്കുന്നതായി ഭഗവൻഭായ് അറിയിച്ചു. പാർട്ടി പ്രാഥമിക അംഗത്വവും അദ്ദേഹം ഉപേക്ഷിച്ചു. ഭഗവൻഭായ് ബി.ജെ.പിയിൽ ചേരുമെന്നാണ് റിപ്പോർട്ട്.
മുതിർന്ന കോൺഗ്രസ് നേതാവും 11 തവണ എം.എൽ.എയുമായിരുന്ന മോഹൻ സിംഗ് രത്‌വ ഇന്നലെ പാർട്ടി വിട്ടിരുന്നു, ഗോത്രവർഗ നേതാവായ രത്‌വയും മക്കളായ രജുഭായ് രത്‌വ, രഞ്ജിത് ഭായ് രത്‌വ എന്നിവർ അഹമ്മദാബാദിൽ നടന്ന ചടങ്ങിൽ വച്ച് ബി.ജെ.പിയിൽ ചേർന്നിരുന്നു. ഡിസംബർ ഒന്ന്, അഞ്ച് തീയതികളിലാണ് ഗുജറാത്തിൽ വോട്ടെടുപ്പ്. വോട്ടെണ്ണൽ ഡിസംബർ എട്ടിന് നടക്കും.