
തിരുവനന്തപുരം: ചാൻസലർ പദവിയിൽ നിന്ന് ഗവർണറെ നീക്കാനുള്ള ഓർഡിനൻസിന് മന്ത്രിസഭായോഗം തീരുമാനിച്ചതോടെ, ഒപ്പിടാതെ രാഷ്ട്രപതിക്ക് അയയ്ക്കുന്നത് പരിഗണനയിലെന്ന് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ.
ചാൻസലർ പദവി എടുത്തുമാറ്റുന്ന കരട് ബിൽ ഡിസംബർ അഞ്ചിന് പ്രത്യേക നിയമസഭാസമ്മേളനം വിളിച്ച് അവതരിപ്പിക്കാനായിരുന്നു ആലോചന. ഉടനടി നടപടിയിലേക്ക് നീങ്ങണമെന്ന രാഷ്ട്രീയ നിലപാടിനെ തുടർന്നാണ് ഓർഡിനൻസിന് തീരുമാനമായത്. പക്ഷേ  ഓർഡിനൻസിൽ രാഷ്ട്രപതി അന്തിമതീരുമാനമെടുക്കും വരെ പകരമുള്ള ബിൽ സഭയിൽ കൊണ്ടുവരാനാവില്ല.
ഗവർണർക്ക് എതിരായ രാഷ്ട്രീയസന്ദേശമായാണ് ഓർഡിനൻസിനെ കാണുന്നതെന്ന് സർക്കാർ വൃത്തങ്ങൾ പറയുന്നു. ഓർഡിനൻസിനെതിരെ പ്രതിപക്ഷവും ബി.ജെ.പിയും രംഗത്തെത്തിയിട്ടുണ്ട്.
ബന്ധപ്പെട്ട മേഖലയിലെ അതിപ്രഗത്ഭരെ ചാൻസലർമാരാക്കുകയാണ് ഓർഡിനൻസിന്റെ പ്രത്യക്ഷ ലക്ഷ്യം. 'ഗവർണർ അദ്ദേഹത്തിന്റെ പദവി മുഖാന്തിരം ചാൻസലർ കൂടിയായിരിക്കും' എന്നാണ് സംസ്ഥാനത്തെ 14 സർവകലാശാലകളിലെയും നിയമവ്യവസ്ഥ. ഓരോ സർവകലാശാലാ നിയമത്തിലും ഈ വകുപ്പ് നീക്കി വേണം ഭേദഗതി വരുത്താൻ. അതിന് നിർദ്ദേശിക്കുന്ന ഓർഡിനൻസാണ് മന്ത്രിസഭ അംഗീകരിച്ചത്.
ചാൻസലർ പദവിയിൽ നിന്ന് തന്നെ മാറ്റാനുള്ള ഓർഡിനൻസ് ഗവർണർ ഒപ്പുവയ്ക്കാതെ രാഷ്ട്രപതിക്ക് അയച്ചാൽ, രാഷ്ട്രപതി കേന്ദ്രത്തിന്റെ ഉപദേശം തേടും. ഗവർണർക്ക് വിരുദ്ധമായി കേന്ദ്രം നിലപാടെടുക്കില്ലെന്ന് ഉറപ്പുള്ളതിനാൽ ഓർഡിനൻസ് ഡൽഹിയിൽ കുടുങ്ങി, സാവധാനം ഇല്ലാതാവും.
ഗവർണർക്ക് തന്നെ ഓർഡിനൻസ് പിടിച്ചുവയ്ക്കാനുമാകും. എന്തിനാണ് ചാൻസലറെ മാറ്റുന്നതെന്ന് സർക്കാർ ബോദ്ധ്യപ്പെടുത്തണമെന്ന ഗവർണറുടെ വാക്കുകൾ ഓർഡിനൻസിന്റെ ഭാവിയെക്കുറിച്ചുള്ള സൂചനയാണ്.
സർവകലാശാലകളിലെ രാഷ്ട്രീയ അതിപ്രസരം കാരണം ചാൻസലർ പദവിയൊഴിയുന്നതായി ഗവർണർ നേരത്തേ മുഖ്യമന്ത്രിക്ക് കത്ത് നൽകിയിരുന്നു. രാഷ്ട്രീയ ഇടപെടലുണ്ടാവില്ലെന്ന് രേഖാമൂലം മുഖ്യമന്ത്രി ഉറപ്പുനൽകിയാണ് അന്ന് അനുനയിപ്പിച്ചത്. ഗവർണർ തുടരുന്നതാണ് സർക്കാരിന് താത്പര്യമെന്നറിയിച്ച് മുഖ്യമന്ത്രി അയച്ച മൂന്നു കത്തുകളും ഗവർണറുടെ പക്കലുണ്ട്.
ചാൻസലറായി മുഖ്യമന്ത്രി പ്രവർത്തിക്കണമെന്ന നിർദ്ദേശം നേരത്തേ നടന്ന കൂടിയാലോചനകളിലുയർന്നെങ്കിലും പിണറായി വിജയൻ തള്ളിക്കളഞ്ഞിരുന്നു. മന്ത്രിമാരെ പരിഗണിക്കുന്നതിനോടും യോജിച്ചില്ല. മന്ത്രിസഭായോഗത്തിന് മുന്നോടിയായി സി.പി.ഐ അടക്കം പ്രമുഖ കക്ഷികളുടെ മന്ത്രിമാരുമായി മുഖ്യമന്ത്രി ആശയവിനിമയം നടത്തിയിരുന്നു. ചൊവ്വാഴ്ചത്തെ
 കൂടിയാലോചനകൾക്കൊടുവിലാണ് രാത്രിയോടെ കരട് തയാറാക്കി മന്ത്രിസഭായോഗ അജൻഡയിലുൾക്കൊള്ളിച്ചത്.
ഭരണഘടനയിൽ നിക്ഷിപ്തമായ ചുമതലകൾ നിറവേറ്റേണ്ട ഗവർണറെ ചാൻസലറാക്കുന്നത് ഉചിതമാവില്ലെന്ന പൂഞ്ചി കമ്മിഷൻ ശുപാർശകൾ പരിഗണിച്ചാണ് നടപടിയെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ മന്ത്രിസഭായോഗത്തിൽ വിശദീകരിച്ചു.
'