
തിരുവനന്തപുരം:മേയറുടെ പേരിൽ പ്രചരിച്ച വിവാദ കത്ത് വ്യാജമാണോ എന്നറിയില്ലെന്നും,
മേയറുടെ ഓഫീസിൽ തയ്യാറാക്കിയതല്ലെന്നും ക്രൈം ബ്രാഞ്ചിന് ഓഫീസിലെ ജീവനക്കാരുടെ മൊഴി.
. മേയർ ഓഫീസ് സെക്ഷനിലെ സീനിയർ ക്ളാർക്കുമാരായ വിനോദ് ,ഗീരീഷ് എന്നിവരുടെ മൊഴിയാണ് ക്രൈം ബ്രാഞ്ച് ഇന്നലെ രേഖപ്പെടുത്തിയത്.. പല ആവശ്യങ്ങൾക്കായി മേയർ ലെറ്റർ പാഡിൽ കത്ത് നൽകാറുണ്ടെന്നും,അത് ഫോട്ടോ കോപ്പിയെടുത്ത് ഉപയോഗിച്ചതാകാമെന്നുമായിരുന്നു അവരുടെ മറുപടി.  ജീവനക്കാർക്ക് എടുക്കാൻ പറ്റുന്ന രീതിയിലാണ് ലെറ്റർ പാഡ് വച്ചിരിക്കുന്നതെന്ന് അവർ പറഞ്ഞു. തൃശൂർ കിലയിലായിരുന്നപ്പോൾ , ഇ-മെയിൽ വഴി ലഭിച്ച അടിയന്തര ഫയൽ ഒപ്പിട്ടതായി മേയർ ആര്യാ രാജേന്ദ്രൻ വാർത്താസമ്മേളനത്തിൽ പറഞ്ഞിരുന്നു.ഈ രീതിയിലെ ഒപ്പിനെപ്പറ്റിയും സംഘം ചോദിച്ചറിഞ്ഞു.
അന്വേഷണത്തിന്റെ ഭാഗമായി ക്രൈംബ്രാഞ്ച് സി.പി.എം ജില്ലാ സെക്രട്ടറി ആനാവൂർ നാഗപ്പന്റെ മൊഴിയെടുക്കും.. കത്തിൽ ആനാവൂരിന്റെ പേര് കൂടി ഉൾപ്പെട്ട സാഹചര്യത്തിലാണിത്. സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൾ ഡി.ആർ അനിലിന്റെ മൊഴിയും രേഖപെടുത്തും. മേയറുടെ പരാതിയിന്മേലുള്ള അന്വേഷണ റിപ്പോർട്ട് ക്രൈംബ്രാഞ്ച് ഒരാഴ്ചക്കുള്ളിൽ ക്രൈം ബ്രാഞ്ച് മേധാവി ഷേയ്ക്ക് ദർവേഷ് സാഹിബിന് സമർപ്പിക്കും.തുടർന്ന് ,അദ്ദേഹം അത് സംസ്ഥാന പൊലീസ് മേധാവിക്കും കൈമാറും.
അതേസമയം വിവാദ കത്ത് സംഭവത്തിൽ  മേയർ ആര്യാ രാജേന്ദ്രനെതിരെ വിജിലൻസ് അന്വേഷണം ആവശ്യപ്പെട്ട് മുൻ കൗൺസിലർ ജി.എസ് ശ്രീകുമാർ ഹൈക്കോടതിയിൽ ഹർജി നൽകി.
വിജിലൻസിന് പരാതി നൽകിയെങ്കിലും രാഷ്ട്രീയ സ്വാധീനത്താൽ അന്വേഷണം നടക്കാനിടയില്ലെന്നും, സിറ്റിംഗ് ജഡ്ജിയുടെ നേതൃത്വത്തിൽ ജുഡിഷ്യൽ അന്വേഷണത്തിന് ഉത്തരവിടണമെന്നും ഹർജിയിൽ ആവശ്യപ്പെടുന്നു.
മേയറും പാർലമെന്ററി പാർട്ടി സെക്രട്ടറി ഡി.ആർ. അനിലും ഉൾപ്പെടെയുള്ളവർ എതിർ കക്ഷികളാണ്.