
ന്യൂഡൽഹി: ഇക്യുറ്റോറിയൽ ഗിനിയയിൽ തടവിലായ ഇന്ത്യയിൽ നിന്നുള്ള കപ്പൽജീവനക്കാരുടെ മോചനം അനിശ്ചിതത്വത്തിൽ തുടരുന്നു. യുദ്ധക്കപ്പലിലേയ്ക്ക് മാറ്റിയ പതിനഞ്ച് ഇന്ത്യക്കാരെ വീണ്ടും കരുതൽ തടങ്കലിലാക്കിയിരിക്കുകയാണ്. കപ്പൽ കമ്പനിയിൽ നിന്ന് കൂടുതൽ പണം ലഭിക്കുന്നതിനായുള്ള നീക്കമാണ് ഗിനിയ നടത്തുന്നതെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. കപ്പലിലുള്ള മലയാളിയായ വിജിത്ത് വി. നായർ ജീവനക്കാരെ തടങ്കലിലേയ്ക്ക് വീണ്ടും മാറ്റുകയാണെന്ന വിവരം വീട്ടുകാരെ വിളിച്ചറിയിക്കുകയായിരുന്നു.
ചരക്കു കപ്പലിൽനിന്ന് ഗിനിയൻ നാവികസേന കസ്റ്റഡിയിലെടുത്ത ഇന്ത്യക്കാരായ 15 പേരെയാണ് തടവിലാക്കിയിരിക്കുന്നത്. നൈജീരിയയുടെ സമുദ്രാതിർത്തി ലംഘിച്ചുവെന്ന് ജീവനക്കാർക്കെതിരെ കുറ്റം ആരോപിക്കപ്പെട്ടിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ നൈജീരിയയുടെ പരാതി കണക്കിലെടുത്താണ് അയൽരാജ്യമായ ഇക്യുറ്റോറിയൽ ഗിനിയ ജീവനക്കാരെ കസ്റ്റഡിയിലെടുക്കുകയും തടവിലാക്കുകയും ചെയ്തത്. തുടർന്ന് ഇവരുടെ പക്കൽ നിന്ന് 20 ലക്ഷം ഡോളർ പിഴ ഈടാക്കുകയും ചെയ്തിരുന്നു. പിഴ ഈടാക്കിയതിന് ശേഷവും ജീവനക്കാരെ മോചിപ്പിക്കാതെ പകരം നൈജീരിയയ്ക്ക് കൈമാറാൻ ഗിനിയ നീക്കം നടത്തിയിരുന്നു. ഇതിനെത്തുടർന്നാണ് സഹായിക്കണമെന്ന അപേക്ഷയുമായി ജീവനക്കാർ മാദ്ധ്യമങ്ങളെയും മറ്റും സമീപിച്ചത്.
മൂന്ന് മലയാളികൾ ഉൾപ്പെടെ 16 ഇന്ത്യക്കാരും 10 വിദേശികളുമാണ് കസ്റ്റഡിയിലുള്ളത്. അറസ്റ്റിലായ ചീഫ് ഓഫീസറും മലയാളിയുമായ സനു ജോസിനെ തിരിച്ച് കപ്പലിലെത്തിച്ചിരുന്നു. പിന്നാലെ 15 പേരെ പൂട്ടിയിട്ടെന്നായിരുന്നു ലഭിച്ച വിവരം. കപ്പലിലെ ജീവനക്കാർക്ക് ഇന്ത്യൻ എംബസി കുടിവെള്ളവും ഭക്ഷണവുമെത്തിച്ചിരുന്നു.
ജീവനക്കാരുടെ മോചനത്തിനായി രാജ്യാന്തര തലത്തിൽ ശ്രമങ്ങൾ തുടരുകയാണ്. അതിനിടെ സൈന്യത്തിന്റെ നിർദ്ദേശത്തെത്തുടർന്ന് ജീവനക്കാർ അവരുടെ പാസ്‌പോർട്ടുകൾ ഗിനിയൻ നാവികസേനയ്ക്ക് കൈമാറിയതായാണ് വിവരം. ഇവർക്ക് ഭക്ഷണവും മരുന്നും ലഭിക്കുന്നില്ലെന്ന ആരോപണവുമുണ്ട്. മോചനവുമായി ബന്ധപ്പെട്ട നടപടികൾ തുടരുകയാണെന്ന് ആഫ്രിക്കയിലെ ഇന്ത്യൻ എംബസി അറിയിച്ചിരുന്നു. കപ്പൽ ജീവനക്കാരുടെ മോചനത്തിന് ഇടപെടണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയൻ പ്രധാനമന്ത്രിക്ക് കത്തയയ്ക്കുകയും ചെയ്തു.