
തിരുവനന്തപുരം: ‘പാതിരാത്രി ആശ്രമം കത്തിച്ച ആ ദുഷ്ടശക്തികളെ നിയമത്തിന് മുന്നിൽ കൊണ്ടുവരണേ ദേവീ.. ആ കള്ളൻമാരെ എത്രയും പെട്ടെന്ന് പിടിക്കണേ... ആരാണോ പിന്നിൽ അവൻമാരെ എല്ലാം പിടിക്കണേ..’ അൽമോറ ക്ഷേത്രത്തിൽ മൂന്നുതവണ മണിയടിച്ചുള്ള സ്വാമി സന്ദീപാനന്ദഗിരിയുടെ ഈ പ്രാർത്ഥന ദൈവം കേട്ടു. തന്റെ ആശ്രമം കത്തിച്ച പ്രതികളെ നാലുവർഷം കഴിഞ്ഞിട്ടും പിടിക്കാനാവാത്തതിൽ മനം നൊന്താണ് അദ്ദേഹം അൽമോറ ക്ഷേത്രത്തിൽ പ്രാർത്ഥിച്ചത്. ഇവിടെയെത്തി മനസിൽ ആഗ്രഹിച്ച് മണിമുഴക്കിയാൽ തെളിയിക്കപ്പെടാത്ത ഏത് കേസും തെളിയുമെന്നാണ് വിശ്വാസം. തിരുവോണനാളിൽ പ്രാർത്ഥിച്ചാൽ ഫലിക്കുമെന്നും സ്വാമി ഫേസ്ബുക്കിൽ കുറിച്ചിരുന്നു. അതെല്ലാം ഇപ്പോൾ സത്യമായി തീർന്നിരിക്കുകയാണ്.
2018 ഒക്ടോബർ 27ന് പുലർച്ചെയാണ് കുണ്ടമൺകടവിലെ ആശ്രമത്തിന് തീപിടിച്ചത്. കെട്ടിടത്തിന് കേടുപാടുകളുണ്ടായതിനൊപ്പം മൂന്നുവാഹനങ്ങളും കത്തിനശിച്ചു. തീയിട്ടവർ ഷിബു സ്വാമിക്ക് ആദരാഞ്ജലികൾ എന്നെഴുതിയ റീത്ത് വച്ചിരുന്നു. മുഖ്യമന്ത്രി ആശ്രമത്തിലെത്തുകയും അന്വേഷണം പ്രഖ്യാപിക്കുകയും ചെയ്തു. ലോക്കൽ പൊലീസ് അന്വേഷിച്ച കേസ് പിന്നീട് ആറു മാസത്തോളം കമ്മിഷണറുടെ സംഘവും അന്വേഷിച്ചു. തുമ്പില്ലാതെ വന്നപ്പോഴാണ് ക്രൈംബ്രാഞ്ചിന് വിട്ടത്. പക്ഷേ, ഒന്നും ഉണ്ടായില്ല.ആശ്രമത്തിലെ സിസി ടിവി ക്യാമറകൾ തകരാറിലായതും തെളിവുകൾ കിട്ടാൻ തടസമായി. സംഭവത്തിന് ഒരാഴ്ച മുമ്പ് ആശ്രമത്തിലേക്ക് മാർച്ച് നടത്തിയവരെ ഉൾപ്പെടെ പൊലീസ് നിരീക്ഷണത്തിലാക്കിയെങ്കിലും ഫലമുണ്ടായില്ല. ഇതിനിടെ കേസിൽ അന്വേഷണം അവസാനിപ്പിച്ച് കോടതിയിൽ റിപ്പോർട്ട് നൽകാൻ ക്രൈംബ്രാഞ്ച് നീക്കം നടത്തുന്നു എന്ന വാർത്തയും പുറത്തുവന്നു. ഇതിനിടെയാണ് നിർണായക വെളിപ്പെടുത്തലുണ്ടായത്.
പൊലീസ് അന്വേഷണത്തിൽ പ്രതികളെ കണ്ടെത്താൻ കഴിയാതെ വന്നതോടെ സന്ദീപാനന്ദയ്ക്കുനേരെ രൂക്ഷമായ സൈബർ ആക്രമണമാണ് ഉണ്ടായത്. ശബരിമല യുവതീ പ്രവേശന വിഷയം കത്തിനിൽക്കുന്ന സമയത്താണ് ആശ്രമത്തിനുനേരെ ആക്രമണമുണ്ടായത്. വിഷയത്തിൽ സർക്കാരിനെ അനുകൂലിക്കുന്ന നിലപാടാണ് സന്ദീപാനന്ദഗിരി സ്വീകരിച്ചത്. അതിനാൽ യുവതീ പ്രവേശനത്തിന് എതിര് നിൽക്കുന്നവരാണ് ആശ്രമം കത്തിച്ചതെന്ന് തുടക്കം മുതൽ തന്നെ പലരും പറഞ്ഞെങ്കിലും വ്യക്തമായ തെളിവുകൾ ഒന്നും കിട്ടിയില്ല. അതോടെ അത് വെറും ആരോപണം മാത്രമായി ഒതുങ്ങി. അന്വേഷണത്തിന്റെ ഭാഗമായി ഒരാളുടെ രേഖാചിത്രം പൊലീസ് തയ്യാറാക്കിയെങ്കിലും അത് പുറത്ത് വിട്ടില്ല. ചിത്രത്തെക്കുറിച്ചുള്ള ആത്മവിശ്വാസക്കുറവായിരുന്നു ഇതിന് പിന്നിൽ.
ഇതോടെ സ്വാമിക്കെതിരെയുള്ള ആക്രമണം വീണ്ടും രൂക്ഷമായി. അദ്ദേഹം തന്നെയാണ് ആശ്രമം കത്തിച്ചെന്ന തരത്തിൽ പ്രചാരണങ്ങളുണ്ടായി. എതിരാളികളാണ് ഇതിന് കൂടുതൽ പ്രചാരണം കൊടുത്തത്. സോഷ്യൽ മീഡിയയും ഇത് ഏറ്റുപിടിച്ചു. ട്രോളുകൾ നിരവധിയുണ്ടായി. സന്ദീപാനന്ദഗിരിയാണ് ആശ്രമം കത്തിച്ചെന്ന തരത്തിലുള്ള ആരോപണങ്ങൾക്ക് സമാനമായ രംഗങ്ങൾ അടുത്തിടെ പുറത്തിറങ്ങിയ ഒരു സൂപ്പർഹിറ്റ് മലയാള ചിത്രത്തിൽപ്പോലും ഉൾപ്പെട്ടു.

സൈബർ ആക്രമണത്തിലും അന്വേഷണം അവസാനിപ്പിക്കാനുള്ള പൊലീസ് നീക്കത്തിലും പ്രതിഷേധിച്ച് സന്ദീപാനന്ദഗിരിതന്നെ രംഗത്തെത്തിയിരുന്നു. ഇതിനിടെയാണ് ആശ്രമം കത്തിച്ചവരെക്കുറിച്ചുള്ള വെളിപ്പെടുത്തലുണ്ടായത്. ആശ്രമത്തിന് തീയിട്ടത് സ്ഥലവാസിയായ ആർ എസ് എസ് പ്രവർത്തകൻ പ്രകാശും കൂട്ടുകാരും ചേർന്നാണെന്നാണ് വെളിപ്പെടുത്തൽ. പ്രകാശിന്റെ സഹോദരൻ പ്രശാന്താണ് ഇക്കാര്യം വെളിപ്പെടുത്തിയത്. ഈ വർഷം ജനുവരിയിൽ പ്രകാശ് ജീവനൊടുക്കിയിരുന്നു. ഒരാഴ്ച മുൻപ് പ്രശാന്തിന്റെ മൊഴി ക്രൈംബ്രാഞ്ച് രേഖപ്പെടുത്തിയിരുന്നു. ഇയാളുടെ രഹസ്യമൊഴി രേഖപ്പെടുത്താൻ ക്രൈംബ്രാഞ്ച് തിരുവനന്തപുരം അഡീഷണൽ ചീഫ് മജിസ്ട്രേറ്റ് കോടതിയിൽ അപേക്ഷ നൽകിയിട്ടുണ്ട്.