കേരളനവോത്ഥാനചരിത്രത്തിലെ പ്രധാന അദ്ധ്യായമാണ് കറുത്തവരും മനുഷ്യനെന്ന് തെളിയിക്കാൻ അവർക്ക് വഴിനടക്കുന്ന സ്വാതന്ത്യത്തിന് വേണ്ടിയുള്ള വൈക്കം സത്യാഗ്രഹസമരം. അയിത്തത്തിന് എതിരെയുള്ള വൈക്കം സത്യാഗ്രഹസമരത്തെക്കുറിച്ച് കേട്ടുകേൾവിയുടെ നിറം പിടിപ്പിച്ച നുണ നിറഞ്ഞ നിരവധി പുസ്തകങ്ങൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്. അമ്പത് വർഷം മുമ്പ് ജീവിച്ചിരുന്ന സമരസേനാനികളെ കണ്ടും സമര നായകനായിരുന്ന കെ.പി കേശവമേനോന്റെ ഉപദേശ നിർദ്ദേശങ്ങൾ സ്വീകരിച്ചും നാലു വർഷം കൊണ്ട് സുകുമാരൻ മൂലേക്കാട്ട് രചിച്ച "വെക്കം സത്യാഗ്രഹം ഒരു ഇതിഹാസസമരം "എന്ന ഗ്രന്ഥം നിക്ഷ്പക്ഷവും നീതിയുക്തവും സത്യസന്ധവുമായ് ചരിത്രത്തോട് നീതി പുലർത്തി വേറിട്ടു നിൽക്കുന്നു .

sad

വൈക്കം സത്യാഗ്രഹത്തിന്റെ ശതാബ്ദിവേളയിൽ പ്രസിദ്ധീകരിക്കുന്ന ഈ പുസ്തകം ചരിത്ര വിദ്യാർത്ഥികൾക്കും ചരിത്രാന്വേഷകർക്കും ഗവേഷണ തത്പരർക്കും വഴികാട്ടിയുമാണ് .

45 വർഷം മുമ്പ് വൈക്കം സത്യാഗ്രഹത്തിന്റെ അമ്പതാം വാർഷികത്തിൽ ഒരു സ്മരണിക പ്രസിദ്ധീകരിച്ചിരുന്നു. ചരിത്രഗ്രന്ഥത്തിന്റെ ആധികാരികതയോടെ പുറത്തിറക്കിയ സ്മരണികയുടെ എഡിറ്ററായിരുന്ന സുകുമാരൻ മൂലേക്കാട്ട് അന്നുമുതൽ കാത്തു സൂക്ഷിച്ച ചരിത്രരേഖകളുടെ പിൻബലത്തിൽ ആണ് 448 പേജുകളുള്ള വൈക്കം സത്യാഗ്രഹം ഒരു ഇതിഹാസസമരം എന്ന ഗ്രന്ഥം ഇന്ന് ജീവിച്ചിരിക്കുന്ന വൈക്കം സമരസേനാനിയും മുൻ വൈക്കം നഗരസഭാ ചെയർമാനുമായ നരസിംഗനായിക്കിന്റെ ഉപദേശ നിർദ്ദേശങ്ങളോടെ അരനൂറ്റാണ്ടിന് ശേഷം സത്യാഗ്രഹ ശതാബ്ദി വേളയിൽ പുറത്തിറങ്ങുന്നത്.

ഗ്രന്ഥകാരൻ പുസ്തകത്തിന്റെ ആമുഖത്തിൽ പറയുന്നു " ചരിത്രം തേടി നടന്ന കാലത്ത് ജീവിച്ചിരുന്ന സത്യാഗ്രഹനേതാക്കളെ നേരിൽ കാണാനും അനുഭവങ്ങൾ കേൾക്കാനും കഴിഞ്ഞത ഭാഗ്യമായി കാണുന്നു . ചരിത്രത്തിന് വ്യക്തത ലഭിക്കാനും സത്യസന്ധത ഉറപ്പിക്കാനും വൈക്കം സത്യാഗ്രഹ സമരകാലത്ത് രാഷ്ടീയ പ്രതിയോഗികൾ ചെവിക്കല്ല് തകർത്ത കുരൂർ നീലകണ്ഠൻ നമ്പൂതിരിപ്പാടിനെ പല തവണ കണ്ടു. ടി.കെ.മാധവന്റെ പുത്രൻ ഡോ.ബാബുവിജയനാഥ് ടി.കെ.മാധവെ ഡയറിയും കുറിപ്പുകളും തന്നു. പുതുപ്പള്ളി രാഘവൻ അന്ന് വിവിധ പത്രങ്ങളിൽ വന്ന പത്രവാർത്തകൾ സമാഹരിച്ച നൽകി . ചരിത്രരേഖകൾ തന്ന കേരളകൗമുദി ചീഫ് എഡിറ്റർ കെ.സുകുമാരൻ മനോരമ ചീഫ് എഡിറ്ററായിരുന്ന കെ.എം.മാത്യൂ എന്നിവരുടെ സഹായം മറക്കാനാവില്ല

തൊഴും തോറും തൊഴിക്കുകയും തൊഴിക്കുംതോറും തൊഴുകയും ഇതു രണ്ടും വളരെക്കാലം ഇനി നടന്നു കൂട എന്ന സി.വി കുഞ്ഞുരാമന്റെ പ്രസിദ്ധ വാചകം അടങ്ങുന്ന "ഞങ്ങൾക്കും സർക്കാർ ക്ഷേത്രങ്ങളിൽ ഒന്ന് " എന്ന ദേശാഭിമാനി മുഖപ്രസംഗം പൂർണ രൂപത്തിൽ പുസ്തകത്തിൽ ചേർത്തിട്ടുണ്ട്. മഹാത്മജിയുമായ് ടി.കെ.മാധവൻ നടത്തിയ അഭിമുഖം, മഹാത്മജിയുടെ സന്ദേശം, ഇ.വി രാമസ്വാമി നായ്ക്കരുടെ പ്രസംഗം , മഹാത്മജിയുടെ വൈക്കം സന്ദർശനം, ഇണ്ടൻ തുരുത്തി മന നമ്പൂതിരിയുമായ് മഹാത്മജി നടത്തിയ സംഭാഷണം , ഗുരുദേവൻ സത്യാഗ്രഹാശ്രമം സന്ദർശിച്ചത് സത്യാഗ്രഹ ഫണ്ടിലേക്ക് 1000 രൂപ സംഭാവന നൽകിയത്, തുടങ്ങിയവ ചലച്ചിത്രത്തിലെന്ന പോലെ മനസിൽ തെളിയുന്നു. സത്യാഗ്രഹസമരസേനാനികൾ അനുഭവിച്ച ക്രൂര മർദ്ദന വിവരണം ശ്രദ്ധേയമാണ്. വൈക്കം ഇതിഹാസസമര ചരിത്രത്തോട് നീതി പുലർത്തുന്നതും വരും തലമുറക്ക് വഴികാട്ടിയുമായ ഗ്രന്ഥമാണ്