beauty

തണുപ്പ് കാലമാണ് വരാൻ പോകുന്നത്. ഈ സമയം നിങ്ങളുടെ ശിരോചർമ്മം വരണ്ടതാകാനുള്ള സാദ്ധ്യത കൂടുതലാണ്. ഇതോടെ താരൻ കൂടാൻ സാദ്ധ്യതയേറെയാണ്. നിരവധി മാർഗങ്ങൾ പരീക്ഷിച്ച് നോക്കിയിട്ടും താരൻ മാറുന്നില്ലെന്നത് പലരുടെയും പ്രശ്നമാണ്. എന്നാൽ വലിയ വില കൊടുത്ത് വാങ്ങുന്ന ക്രീമുകൾക്ക് തരാൻ കഴിയാത്ത ഫലം നൽകാൻ പ്രകൃതിദത്ത മാർഗങ്ങൾക്ക് കഴിയും. താരൻ പൂർണമായും കളയാൻ വീട്ടിൽ തന്നെ ചെയ്യാൻ കഴിയുന്ന ചില മാർഗങ്ങൾ നോക്കാം. ഇത് ആഴ്ചയിൽ ഒരു ദിവസം ചെയ്താൽ മതിയാകും.

വെളിച്ചെണ്ണ

മുടിയുടെ ആരോഗ്യത്തിന് ഏറ്റവും മികച്ച ഒന്നാണ് വെളിച്ചെണ്ണ. ഇതോടൊപ്പം അൽപ്പം കർപ്പൂരം യോജിപ്പിച്ച് തലയിൽ മൃദുവായി മസാജ് ചെയ്യുന്നത് വളരെ നല്ലതാണ്. ശേഷം വീര്യം കുറഞ്ഞ ഏതെങ്കിലും ഷാംപൂ ഉപയോഗിച്ച് കഴുകി കളയാവുന്നതാണ്.

നാരങ്ങ

താരനെ തുരത്താനുള്ള കഴിവ് നാരങ്ങയ്ക്കുണ്ട്. എന്നാൽ ഇത് നേരിട്ട് തലയോട്ടിയിലോ മുടിയിലോ തേയ്ക്കുന്നത് നല്ലതല്ല. അതിനാൽ വെളിച്ചെണ്ണയിലോ മുട്ടയുടെ വെള്ളയിലോ യോജിപ്പിച്ച് തേയ്ക്കുന്നത് ഗുണം ചെയ്യും. ശേഷം വീര്യം കുറഞ്ഞ ഷാംപൂ ഉപയോഗിച്ച് കഴുകി കളയാവുന്നതാണ്.

ഉലുവ

ഉലുവ പൊടിച്ച് പേസ്റ്റ് രൂപത്തിലാക്കി തലയോട്ടിയിലും മുടിയിലും പുരട്ടി ഉണങ്ങിയ ശേഷം കഴുകി കളയാവുന്നതാണ്. തലയിൽ പുരട്ടുന്ന എണ്ണയിൽ ഉലുവ ചേർക്കുന്നതും നല്ലതാണ്. കഞ്ഞിവെള്ളത്തിൽ ഉലുവ ഇട്ട് വച്ച ശേഷം അടുത്ത ദിവസം കഞ്ഞിവെള്ളത്തിൽ തല കഴുകുന്നതും മുടിക്ക് ബലം നൽകാൻ സഹായിക്കും.

കറ്റാർവാഴ

മുഖസൗന്ദര്യത്തിനും മുടിക്കും വളരെ നല്ലതാണ് കറ്റാർവാഴ. ഇവയിലെ ആന്റിബാക്ടീരിയൽ ഗുണങ്ങൾ താരനെ ഇല്ലാതാക്കാൻ സഹായിക്കുന്നു.