
തിരുവനന്തപുരം: വിവാദ കത്തിൽ മേയർ ആര്യാ രാജേന്ദ്രന്റെ രാജി ആവശ്യപ്പെട്ടുള്ള പ്രതിപക്ഷ സംഘടനകളുടെ മാർച്ച് അക്രമാസക്തം. പൊലീസ് ജലപീരങ്കിയും ഗ്രനേഡും പ്രയോഗിച്ചു. യുവമോർച്ച പ്രവർത്തകർ കോർപ്പറേഷന്റെ മതിൽ ചാടിക്കടന്നു. പ്രതിഷേധക്കാരെ പൊലീസ് ഓടിച്ചിട്ട് തല്ലി.
ജെബി മേത്തർ എം പിയെ ആശുപത്രിയിലേക്ക് മാറ്റി. നഗരസഭയ്ക്കുള്ളിൽ ബി ജെ പി കൗൺസിലർമാരുടെ നേതൃത്വത്തിൽ പ്രതിഷേധം നടക്കുകയാണ്. ബി ജെ പി സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രനും യുവമോർച്ച പ്രതിഷേധത്തിൽ പങ്കെടുത്തിരുന്നു. മേയർ രാജിവയ്‌ക്കേണ്ടതില്ലെന്ന നിലപാടിൽ ഉറച്ചുനിൽക്കുകയാണ് സി പി എം.സമരം കേരളം മുഴുവൻ വ്യാപിപ്പിക്കുമെന്ന് കെ സുരേന്ദ്രൻ പറഞ്ഞു.
അതേസമയം, കത്ത് വിവാദത്തിൽ മേയറിന് ഹൈക്കോടതിയുടെ നോട്ടീസ് അയച്ചിട്ടുണ്ട്. വിവാദ കത്തിൽ ജുഡീഷ്യൽ അന്വേഷണമോ സി ബി ഐ അന്വേഷണമോ വേണമെന്നാവശ്യപ്പെട്ട് നഗരസഭാ മുൻ കൗൺസിലർ ജി എസ് ശ്രീകുമാർ നൽകിയ ഹർജിയിലാണ് ഹൈക്കോടതിയുടെ നടപടി.