
ഇറ്റാവ (ഉത്തർപ്രദേശ്): ആറുമാസത്തെ ഗർഭത്തിനൊടുവിൽ യുവതി 'പ്രസവിച്ചു'. പക്ഷേ, കുഞ്ഞിനെ ഡോക്ടർമാർ പരിശോധിച്ചപ്പോൾ അതിന് ജീവനില്ലെന്ന് മാത്രമല്ല അതൊരു പ്ളാസ്റ്റിക് പാവയാണെന്ന് വ്യക്തമാവുകയും ചെയ്തു. ഉത്തർപ്രദേശിലെ ഇറ്റാവയിലെ ബാദ്പുര പൊലീസ് സ്റ്റേഷൻ പരിധിയിലെ ഉദി മോറിലാണ് സംഭവം.
18 വർഷത്തിന് മുമ്പ് വിവാഹിതയായ നാൽപ്പതുകാരിയാണ് വ്യാജ ഗർഭം അഭിനയിച്ച് പുലിവാൽ പിടിച്ചത്. വിവാഹം കഴിഞ്ഞിട്ട് വർഷങ്ങളായെങ്കിലും ഗർഭിണിയാകാത്തതിന്റെ പേരിൽ യുവതിയെ ബന്ധുക്കൾ കുറ്റപ്പെടുത്തുക പതിവായിരുന്നു. പ്രസവിക്കാൻ കഴിയാത്തവൾ എന്ന പരിഹാസവും ഉണ്ടായി. ഇതോടയാണ് വ്യാജ ഗർഭം ധരിച്ച് വീട്ടുകാരെയും ബന്ധുക്കളെയും പറ്റിക്കാൻ തീരുമാനിച്ചത്. ഗർഭിണിയാണെന്ന് വീട്ടിൽ പറഞ്ഞെങ്കിലും ആദ്യം ആരും വിശ്വസിച്ചില്ല. അവരെ വിശ്വസിപ്പിക്കാനായി അടുത്തുള്ള കമ്മ്യൂണിറ്റി ഹെൽത്ത് സെന്റർ സന്ദർശിക്കുന്നതും പതിവാക്കി. ആറുമാസം കഴിഞ്ഞപ്പോൾ തനിക്ക് കലശലായി വയറുവേദനിക്കുന്നു എന്ന് യുവതി വീട്ടുകാരെ അറിയിച്ചു. അല്പം കഴിഞ്ഞതോടെ പ്രസവിക്കുകയും ചെയ്തു. കുഞ്ഞിന് അനക്കമില്ലെന്ന് കണ്ട് വീട്ടുകാർ അതിനെ ഒരു തുണിയിൽ പൊതിഞ്ഞ് കമ്മ്യൂണിറ്റി ഹെൽത്ത് സെന്ററിൽ എത്തിച്ചു. ഡോക്ടർമാർ പരിശോധിച്ചപ്പോഴാണ് അത് വെറും പ്ളാസ്റ്റിക് പാവയാണെന്നും രക്തമെന്ന് തോന്നിക്കാൻ ചുവന്ന ചായം അടിച്ചതാണെന്നും വ്യക്തമായത്.
കമ്മ്യൂണിറ്റി ഹെൽത്ത് സെന്ററിലെ ഡോക്ടർമാരാണ് സ്ഥിരമായി പരിശോധിച്ചിരുന്നതെന്ന് വീട്ടുകാർ പറഞ്ഞതോടെ യുവതി വീട്ടുകാരെ കാണിച്ച തുണ്ടുകളും എക്സ്റേയുമൊക്കെ അവർ പരിശോധിച്ചു. അപ്പോഴാണ് അതെല്ലാം വ്യാജമാണെന്ന് വ്യക്തമായത്.