france-world-cup

ലോകകപ്പിനുള്ള 25 അംഗടീമിനെ പ്രഖ്യാപിച്ച് നിലവിലെ ലോക ചാമ്പ്യന്മാരായ ഫ്രാൻസ്

പാരിസ്: കരീം ബെൻസേമ, കിലിയൻ എംബാപ്പെ, അന്റോയ്ൻ ഗ്രീസ്മാൻ എന്നീ ത്രിമൂർത്തികളുമായി നിലവിലെ ചാമ്പ്യന്മാരായ ഫ്രാൻസ് ഖത്തർ ലോകകപ്പ് ഫുട്ബാളിനുള്ള 25 അംഗ ടീമിനെ പ്രഖ്യാപിച്ചു. കഴിഞ്ഞ ലോകകപ്പിൽ മിന്നുന്ന പ്രകടനം കാഴ്ചവച്ച പോൾ പോഗ്ബയെയും എൻഗോള കാന്റേയെയും പരിക്കുമൂലം ഉൾപ്പെടുത്തിയിട്ടില്ല. പരിക്കിന്റെ പിടിയിലുള്ള റാഫേൽ വരാനെയേയും 36 കാരനായ ഒളിവർ ജിറൂദും ടീമിലുണ്ട്. ഇരുവരും ലോകകപ്പിലെ ആദ്യ മത്സരത്തിനു മുമ്പ് ഫിറ്റ്‌നസ് വീണ്ടെടുക്കുമെന്ന് കോച്ച് ദിദിയെ ദെഷാംപ്സ് പ്രതീക്ഷ പ്രകടിപ്പിച്ചു.

ഓസ്ട്രേലിയ, ടുണീഷ്യ, ഡെന്മാൻക്ക് എന്നിവർക്കൊപ്പം ഗ്രൂപ്പ് ഡിയിലാണ് ഫ്രാൻസ്. നവംബർ 23-ന് ഖത്തറിലെ അൽ വക്ര സ്പോർട്സ് കോംപ്ലക്സിൽ ഓസ്ട്രേലിയയ്ക്കെതിരെയാണ് നിലവിലെ ചാമ്പ്യന്മാരുടെ ആദ്യ മത്സരം.

മൂന്ന് ഗോൾകീപ്പർമാരും ഒൻപത് ഡിഫൻഡർമാരും ആറ് മിഡ്ഫീൽഡർമാരും ഏഴ് ഫോർവേഡുകളും ഉൾപ്പെടുന്നതാണ് ദെഷാംപ്‌സിന്റെ സ്ക്വാഡ്.

ബെൻസേമ, എംബാപ്പെ, ഗ്രീസ്മാൻ എന്നിവടങ്ങുന്ന മുന്നേറ്റനിരതന്നെയാണ് ടീമിന്റെ കരുത്ത്

പോഗ്ബയുടേയും കാന്റേയുടേയും അഭാവം മധ്യനിരയ്ക്ക് പരിചയസമ്പത്ത് കുറയ്ക്കും.കാമാവിംഗ,ഫൊഫാന റാബിയോട്ട് എന്നിവരിലാണ് പ്രതീക്ഷ.

പ്രതിരോധത്തിൽ പൊവാർഡ്,വരാനേ,ലൂക്കാസ്,തിയോ തുടങ്ങിയ പ്രമുഖർ അണിനിരക്കും.

നായകൻ ലോറിസ്

ഇംഗ്ളീഷ് ക്ളബ് ടോട്ടൻഹാമിന്റെ ഗോളി ഹ്യൂഗോ ലോറിസാണ് ഒന്നാം നമ്പർ ഗോളിയും നായകനും. കഴിഞ്ഞ ലോകകപ്പ് നേടിയ ഫ്രഞ്ച് ടീമിനെ നയിച്ചതും ലോറിസാണ്.35കാരനായ താരത്തിന്റെ നാലാം ലോകകപ്പാണിത്.

തുറുപ്പുചീട്ട് 2014 ന് ശേഷം ബെൻസേമ ആദ്യമായാണ് ഫ്രാൻസിന്റെ ലോകകപ്പ് ടീമിൽ മടങ്ങിയെത്തിയത്. സഹതാരത്തെ അശ്ലീല വീഡിയോ കാട്ടി ഭീഷണിപ്പെടുത്തിയെന്ന ആരോപണത്തെ തുടർന്ന് 2016 യൂറോപ്പിലും കഴിഞ്ഞ ലോകകപ്പിലും ബെൻസേമയെ പരിഗണിച്ചിരുന്നില്ല.കഴിഞ്ഞ യൂറോ കപ്പോടെയാണ് ടീമിൽ മടങ്ങിയെത്തിയത്.ഈ വർഷത്തെ ബാൾ ഒാൺ ഡി ഓർ പുരസ്കാരവും യുവേഫ പ്ളേയർ ഒഫ് ദ ഇയർ പുരസ്കാരവും തേടിയെത്തിയത് റയൽ മാഡ്രിഡിന്റെ ഈ 34കാരനാണ്.

ഫ്രഞ്ച് ടീം ( താരങ്ങളും ക്ളബും):

ഗോൾകീപ്പർമാർ: ഹ്യൂഗോ ലോറിസ് (ടോട്ടൻഹാം), സ്റ്റീവ് മന്ദാന്ദ (റെന്നസ്), അൽഫോൺസ് അരിയോള (വെസ്റ്റ് ഹാം യുണൈറ്റഡ്)

ഡിഫൻഡർമാർ: ലൂക്കാസ് ഹെർണാണ്ടസ് (ബയേണ്‍ മ്യൂണിക്ക്), തിയോ ഹെർണാണ്ടസ് (എ.സി മിലാൻ), പ്രെസ്‌നെൽ കിംപെംബെ (പി.എസ്.ജി), ഇബ്രാഹിം കൊനാറ്റെ (ലിവർപൂൾ), യൂൾസ് കൗണ്ടെ (ബാഴ്‌സലോണ), ബെഞ്ചമിൻ പവാർഡ് (ബയേണ്‍ മ്യൂണിക്ക്), വില്യം സാലിബ (ആഴ്‌സനൽ), റാഫേൽ വരാനെ (മാഞ്ചസ്റ്റർ യുണൈറ്റഡ്), ഡായോ ഒപമെക്കാനോ (ബയേൺ മ്യൂണിക്ക്).

മിഡ്ഫീൽഡർമാർ: എഡ്വേർഡോ കാമാവിംഗ (റയൽ മാഡ്രിഡ്), യൂസഫ് ഫൊഫാന (മൊണാക്കോ), മാറ്റിയോ ഗെൻഡുസി (മാഴ്‌സെ), അഡ്രിയൻ റാബിയോട്ട് (യുവന്റസ്), ഒറെലിയൻ ചുവമെനി (റയൽ മാഡ്രിഡ്), യോർദാൻ വേറെറ്റോ (മാഴ്‌സെ)

ഫോർവേഡുകൾ: കരീം ബെൻസേമ (റയൽ മാഡ്രിഡ്), കിംഗ്സ്‌ലി കോമാൻ (ബയേൺ മ്യൂണിക്ക്), ഒസ്മാനെ ഡെംബെലെ (ബാഴ്‌സലോണ), ഒളിവിയർ ജിറൂദ് (എ.സി മിലാൻ), അന്റോയിൻ ഗ്രീസ്മാൻ (അത്‌ലറ്റിക്കോ മാഡ്രിഡ്), കിലിയൻ എംബാപ്പെ (പി.എസ്.ജി), ക്രിസ്റ്റഫർ എൻകുംഗു (ആർ.ബി ലെയ്പിസിഗ്). പ്രാഥമിക റൗണ്ട് ഫിക്സ്ചർ നവംബർ 23 Vs ഓസ്ട്രേലിയ നവംബർ 26 Vs ഡെൻമാർക്ക് നവംബർ 30 Vs ടുണീഷ്യ