india-cricket

ലോകകപ്പ് സെമിഫൈനലിൽ ഇന്ത്യയ്ക്ക് 10 വിക്കറ്റിന്റെ നാണംകെട്ട തോൽവി

ഇന്ത്യ 168/6 (20)

ഹാർദിക് പാണ്ഡ്യ 63

വിരാട് കൊഹ്‌ലി 50

ഇംഗ്ളണ്ട് 170/0(16)

അലക്സ് ഹേൽസ് 86*

ജോസ് ബട്ട്‌ലർ 80*

മാൻ ഒഫ് ദ മാച്ച് : അലക്സ് ഹേൽസ്

അഡ്‌ലെയ്ഡ് : ഫൈനൽ ടിക്കറ്റ് കൊതിച്ചിറങ്ങിയ ഇന്ത്യയ്ക്ക് റിട്ടേൺ ടിക്കറ്റ് നൽകി മടക്കി അയയ്ക്കുക മാത്രമല്ല ഇന്നലെ ഇംഗ്ളണ്ട് അഡ്‌ലെയ്ഡിൽ ചെയ്തത് ; കഴിഞ്ഞ ഒരു വർഷത്തിനിടയിലെ ഏറ്റവും ദാരുണമായ ട്വന്റി-20 തോൽവിയിലേക്ക് രോഹിത് ശർമ്മയെയും കൂട്ടരെയും വലിച്ചിടുകയുമായിരുന്നു.

ഇന്നലെ അഡ്‌ലെയ്ഡിൽ നടന്ന രണ്ടാം സെമിഫൈനലിൽ ടോസ് നഷ്ടപ്പെട്ട് ആദ്യ ബാറ്റിംഗിനിറങ്ങിയ ഇന്ത്യ ഹാർദിക് പാണ്ഡ്യയുടെയും (33 പന്തിൽ 63 റൺസ്) വിരാട് കൊഹ്‌ലിയുടെയും(40 പന്തിൽ 50 റൺസ്)പോരാട്ടത്തിന്റെ മികവിൽ നിശ്ചിത 20 ഓവറിൽ ഉയർത്തിയ 168/6 റൺസ് എന്ന ലക്ഷ്യം നിഷ്പ്രയാസം മറികടക്കാൻ ഇംഗ്ളണ്ടിന് ഒരു വിക്കറ്റുപോലും നഷ്ടമാക്കേണ്ടിവന്നില്ലെന്ന് മാത്രമല്ല നാലോവറുകൾ അവശേഷിപ്പിക്കുകയും ചെയ്തു. ഓപ്പണിംഗിൽ അലക്സ് ഹേൽസും (47പന്തുകളിൽ പുറത്താകാതെ 86 റൺസ് ) നായകൻ ജോസ് ബട്ട്‌ലറും (49 പന്തുകളിൽ 80 റൺസ്) ചേർന്നാണ് ഇന്ത്യൻ ബൗളർമാരെ ചാരമാക്കിക്കളഞ്ഞത്. ഹേൽസ് ഏഴ് സിക്സുകളും നാലു ഫോറുകളും പായിച്ചപ്പോൾ ബട്ട്‌ലർ മൂന്ന് സിക്സുകളും ഒൻപത് ഫോറുകളും പറത്തി ബാറ്റിംഗ് ആഘോഷമാക്കി മാറ്റി. ഹേൽസാണ് മാൻ ഒഫ് ദ മാച്ച്.

ഞായറാഴ്ച മെൽബണിൽ നടക്കുന്ന ഫൈനലിൽ പാകിസ്ഥാനാണ് ഇംഗ്ളണ്ടിന്റെ എതിരാളികൾ.ആദ്യ സെമിഫൈനലിൽ കിവീസിനെ തോൽപ്പിച്ചാണ് പാകിസ്ഥാൻ ഫൈനലിന് ടിക്കറ്റെടുത്തത്.

ഇന്ത്യയുടെ സാഹസം

ഇംഗ്ളണ്ടിന് നിസാരം !

നേരിട്ട ആദ്യ പന്തുതന്നെ ബൗണ്ടറികടത്തിയാണ് തുടങ്ങിയതെങ്കിലും അധികം മുന്നോട്ടുപോകാൻ ഇന്ത്യൻ ഒാപ്പണർ കെ.എൽ രാഹുലിന് കഴിഞ്ഞില്ല. രണ്ടാം ഓവറിൽ ക്രിസ് വോക്സിന്റെ കുത്തിയുയർന്ന പന്ത് കീപ്പറുടെ ഗ്ളൗസിലേക്ക് തട്ടിയിട്ട് രാഹുൽ മടങ്ങുമ്പോൾ അഞ്ചു റൺസ് മാത്രമാണ് നേടിയിരുന്നത്.തുടർന്നിറങ്ങിയ വിരാട് വോക്സിനെ സിക്സിന് പറത്തി മൂഡ് മാറ്റാൻ ശ്രമിച്ചു. അടുത്ത ഓവറിൽ സാം കറനെ തുടർച്ചയായി രണ്ട് ബൗണ്ടറികൾക്ക് ശിക്ഷിച്ച് രോഹിതും(28 പന്തുകളിൽ 27 റൺസ്,നാലു ഫോർ) ഫോമിലേക്ക് വന്നു. പവർപ്ളേ കഴിഞ്ഞ് പതിയെ സ്കോർ ഉയർത്താൻ തുടങ്ങുമ്പോഴാണ് അനാവശ്യമായി ജോർദാനെ ഉയർത്തിയടിച്ച് കറാന് ക്യാച്ച് നൽകി രോഹിത് മടങ്ങുന്നത്.

തുടർന്നിറങ്ങിയ സൂര്യകുമാർ യാദവ് (14)സ്റ്റോക്സിനെ സിക്സും ഫോറുമടിച്ച് നന്നായി തുടങ്ങിയെങ്കിലും 12-ാം ഓവറിൽ റാഷിദിന്റെ പന്തിൽ സാൾട്ടിന് ക്യാച്ച് നൽകി മടങ്ങിയത് അടുത്ത ആഘാതമായി. തുടർന്നിറങ്ങിയ ഹാർദിക് താളത്തിലേക്കെത്താൻ സമയമെടുത്തു.ഇതിനിടയിൽ വിരാട് അർദ്ധസെഞ്ച്വറിയിലെത്തി. 18-ാം ഓവറിൽ 39 പന്തുകളിൽ നാലുഫോറിന്റെയും ഒരു സിക്സിന്റെയും അകമ്പടിയോടെ വിരാട് അർദ്ധസെഞ്ച്വറി തികച്ചെങ്കിലും അടുത്ത പന്തിൽ പുറത്തായി.19-ാം ഓവറിൽ ഹാർദിക്കും റിഷഭും ചേർന്ന് 20 റൺസടിച്ചു.ഹാർദിക് അർദ്ധസെഞ്ച്വറിയും തികച്ചു. അവസാന ഓവറിൽ ഹാർദിക്കിന് സ്ട്രൈക്ക് നൽകി റിഷഭ് റൺഒൗട്ടായി. അവസാന പന്തിൽ ഹാർദിക് ഫോറടിച്ചെങ്കിലും കാൽ സ്റ്റംപിൽ കൊണ്ടതിനാൽ ഹിറ്റ് വിക്കറ്റായി.33 പന്തുകളിൽ നാലുഫോറും അഞ്ചുസിക്സുമടങ്ങുന്നതായിരുന്നു ഹാർദിക്കിന്റെ ഇന്നിംഗ്സ്.

ഇന്ത്യ 20 ഓവറിൽ സാഹസപ്പെട്ട് നേടിയത് തങ്ങൾക്ക് ഒന്നുമല്ല എന്ന രീതിയിലായിരുന്നു ഇംഗ്ളണ്ടിന്റെ ബാറ്റിംഗ്. ഭുവിയെ ആദ്യപന്തിൽത്തന്നെ ഫോറടിച്ചാണ് ബട്ട്‌ലർ തുടങ്ങിയത്.ആദ്യ ഓവറിൽ 13 റൺസ് നേടിയ അവർ ആ താളം തെറ്റാതെ മുന്നേറി.അർഷദീപും ഷമിയും അക്ഷറുമൊക്കെ എത്തിയിട്ടും കഥ മാറിയില്ല.പവർപ്ളേയിൽ അവർ 63 റൺസ് നേടിയിരുന്നു.പത്തോവറിൽ 98 റൺസിലെത്തിപ്പോഴേ ഇന്ത്യയ്ക്ക് രക്ഷയില്ലെന്ന് മനസിലായി. പിന്നെ ചന്നംപിന്നം ഇന്ത്യൻ ബൗളർമാരെ ബട്ട്‌ലറും ഹേൽസും വാരിയിട്ടലക്കുകയായിരുന്നു.അശ്വിൻ രണ്ടോവറിൽ വഴങ്ങിയത് 27 റൺസാണ്. ഷമി മൂന്നോവറിൽ 39 റൺസും ഹാർദിക് 34 റൺസും വിട്ടുകൊടുത്തു. ഭുവി രണ്ടോവറിൽ കൊടുത്തത് 25 റൺസ്.

3

ഇത് മൂന്നാം വട്ടമാണ് ഇംഗ്ളണ്ട് ട്വന്റി-20 ലോകകപ്പിന്റെ ഫൈനലിലെത്തുന്നത്. ആദ്യം ഫൈനൽ കളിച്ച 2010ൽ ഓസ്ട്രേലിയയെ തോൽപ്പിച്ച് കിരീടം നേടി. 2016ൽ ഫൈനലിലെത്തിയെങ്കിലും വെസ്റ്റ് ഇൻഡീസിനോട് തോറ്റു.

പാകിസ്ഥാന്റെയും മൂന്നാം ഫൈനലാണിത്.2007ൽ ഇന്ത്യയോടു തോറ്റു. 2009ൽ ശ്രീലങ്കയെ തോൽപ്പിച്ച് കിരീടം നേടി.

10

കഴിഞ്ഞ ലോകകപ്പിൽ പാകിസ്ഥാനെതിരെയായിരുന്നു ഇതിനുമുമ്പുള്ള ഇന്ത്യയുടെ ട്വന്റി-20യിലെ പത്തുവിക്കറ്റ് തോൽവി.അന്ന് ഇന്ത്യ ഉയർത്തിയ 151/7 എന്ന സ്കോർ 17.5 ഓവറിൽ പാകിസ്ഥാൻ മറികടക്കുകയായിരുന്നു.

4000

റൺസ് അന്താരാഷ്ട്ര ട്വന്റി-20യിൽ തികയ്ക്കുന്ന ആദ്യ ബാറ്ററായി വിരാട് കൊഹ്‌ലി. ഇന്നലെ അർദ്ധസെഞ്ച്വറി നേടിയ കൊഹ്‌ലി 107 ഇന്നിംഗ്സുകളിൽ നിന്ന് 4008 റൺസാണ് നേടിയിരിക്കുന്നത്.140 ഇന്നിംഗ്സുകളിൽ നിന്ന് 3853 റൺസുള്ള രോഹിത് ശർമ്മയാണ് രണ്ടാം സ്ഥാനത്ത്.

4

ഈ ലോകകപ്പിലെ നാലാമത്തെ അർദ്ധസെഞ്ച്വറിയാണ് വിരാട് ഇന്നലെ നേടിയത്. പാകിസ്ഥാൻ (82*),നെതർലാൻഡ്സ് (62*),ബംഗ്ളാദേശ്(64) എന്നിവർക്കെതിരെയായിരുന്നു മറ്റ് അർദ്ധസെഞ്ച്വറികൾ.

296

റൺസുമായി ഈ ലോകകപ്പിലെ റൺവേട്ടക്കാരിൽ ഒന്നാം സ്ഥാനത്താണ് കൊഹ്‌ലി.242 റൺസ് നേടിയ നെതർലാൻഡ്സിന്റെ ഒഡൗഡാണ് രണ്ടാം സ്ഥാനത്ത്.

വമ്പൻ തോൽവിക്ക് വഴിയൊരുക്കിയത്

1. പവർപ്ളേയിൽ പതിവുപോലെ ഇന്ത്യൻ ബാറ്റിംഗ് പതറിയത്.ആദ്യ ആറോവറിൽ ഒരു വിക്കറ്റ് നഷ്‌ടത്തിൽ 38 റൺസ് മാത്രമായിരുന്നു ഇന്ത്യയുടെ സമ്പാദ്യം. അതേസമയം ഇംഗ്ളണ്ട് പവർപ്ളേയിൽ പത്തിന് മേൽ റൺറേറ്റ് കാത്തുസൂക്ഷിച്ചു.

2.പവർപ്ളേയ്ക്ക്ശേഷം വിരാടും രോഹിതും ഒരുമിച്ചപ്പോൾ സ്കോർബോർഡിന് ജീവൻ വച്ചിരുന്നു. എന്നാൽ രോഹിതിന്റെയും സൂര്യകുമാറിന്റെയും പെട്ടെന്നുള്ള പുറത്താകൽ വീണ്ടും വേഗം കുറച്ചു.

3.ഹാർദിക്ക് താളത്തിലേക്ക് എത്താൻ സമയമെടുത്തു. അവസാനസമയത്ത് വലിയ ഷോട്ടുകൾക്ക് ശ്രമിച്ചതുകൊണ്ടുമാത്രമാണ് സ്കോർ 150 കടന്നതുതന്നെ. എന്നാൽ അവസാന ഓവറുകളിൽ കുറച്ചുപന്തുകൾ പാഴാക്കുകയും ചെയ്തു.

4. രോഹിത് ചൂണ്ടിക്കാട്ടിയതുപോലെ തോൽവിയുടെ പ്രധാനകാരണം ബൗളർമാരുടെ പിഴവുകൾ തന്നെ. ഒരു ഘട്ടത്തിൽപ്പോലും എതിരാളികൾക്ക് മേൽ മാനസികമായ ആധിപത്യം സ്ഥാപിക്കാൻ ഇന്ത്യൻ ബൗളർമാർക്ക് കഴിഞ്ഞില്ല.

5. കളി കൈവിട്ടുപോകുമെന്ന് തോന്നിയപ്പോൾ അക്രമണോത്സുക ഫീൽഡ് ഒരുക്കാനുള്ള ആർജവം നായകൻ എന്ന നിലയിൽ രോഹിതിന്റെ ഭാഗത്തുനിന്നുമുണ്ടായില്ല. തോറ്റവന്റെ ശരീരഭാഷയായിരുന്നു ഫീൽഡിൽ ഉടനീളം രോഹിതിന്റേത്.

ഈ തോൽവിയിൽ വലിയ നിരാശയുണ്ട്. നന്നായി ബാറ്റ് ചെയ്യാൻ ഞങ്ങൾക്ക് കഴിഞ്ഞുവെന്നായിരുന്നു എന്റെ തോന്നൽ. 16 ഓവറിൽ ഈ സ്കോർ ചേസ് ചെയ്യാൻ കഴിയുന്നതായിരുന്നില്ല പിച്ച്. പക്ഷേ ബൗളർമാരുടെ ഭാഗത്തുനിന്നും ഗുരുതരമായ പിഴവുകളുണ്ടായി. തുടക്കത്തിൽ വിക്കറ്റ് ലഭിക്കാതിരുന്നപ്പോൾ അവർ പതറിപ്പോയി. ഐ.പി.എല്ലിലൊക്കെ ഇതിലും വലിയ സമ്മർദ്ദം നേരിട്ട് വിജയിച്ചവർക്ക് എന്തുപറ്റിയെന്നോർത്ത് സങ്കടമുണ്ട്.

- രോഹിത് ശർമ്മ,ഇന്ത്യൻ ക്യാപ്ടൻ

പാഴായത് ഒരു വർഷത്തെ പ്രയത്നം

ഈ ലോകകപ്പ് ലക്ഷ്യമിട്ട് ഒരു വർഷത്തോളമായി കോച്ച് ദ്രാവിഡും ക്യാപ്ടൻ രോഹിത് ശർമ്മയും നടത്തിയ തയ്യാറെടുപ്പുകൾക്കാണ് അഡ്‌ലെയ്ഡിൽ ദാരുണാന്ത്യമായിരിക്കുന്നത്. കഴിഞ്ഞ വർഷം നടന്ന ലോകകപ്പിൽ സെമികാണാതെ പുറത്തായതിനെത്തുടർന്നാണ് വിരാട് ക്യാപ്ടൻസി രാജിവച്ചതും രോഹിത് ആ സ്ഥാനത്തെത്തിയതും. തുടർന്ന് സഞ്ജു സാംസൺ ഉൾപ്പടെ നിരവധി താരങ്ങളെ വിവിധ പരമ്പരകളിൽ പരീക്ഷിച്ച് രൂപപ്പെടുത്തിയ 15 ടീമുമായാണ് ഇന്ത്യ ഓസ്ട്രേലിയയിലേക്ക് പോയത്.

ലോകകപ്പിൽ ഇന്ത്യയുടെ പ്രകടനം ഇങ്ങനെ

1. ആദ്യ മത്സരത്തിൽ പാകിസ്ഥാനെ നാലുവിക്കറ്റിന് തോൽപ്പിച്ചു.

2. നെതർലാൻഡ്സിനെതിരെ 56 റൺസിന്റെ വിജയം

3.ദക്ഷിണാഫ്രിക്കയോട് അഞ്ചുവിക്കറ്റ് തോൽവി

4.അഞ്ചു റൺസിന് ബംഗ്ളാദേശിനെ തോൽപ്പിച്ചു.

5.സിംബാബ്‌വെയ്ക്കെതിരെ വിജയം 71 റൺസിന്

6. സെമിയിൽ ഇംഗ്ളണ്ടിനോട് പത്തുവിക്കറ്റ് തോൽവി