photo

ഒന്നാം ലോകമഹായുദ്ധം അവസാനിപ്പിച്ച് സമാധാന കരാർ ഒപ്പിട്ട ആർമിസ്റ്റീസ് ദിനത്തിന്റെ ഓർമ്മ പുതുക്കി,​ ശ്രീനാരായണഗുരുവിന്റെ സച്ഛിഷ്യൻ നടരാജഗുരു കണ്ണൂരിലെ ഏഴിമലയിൽ 1970ലും 71ലും സംഘടിപ്പിച്ച ലോകസമാധാന സമ്മേളനങ്ങളുടെ സുവർണ ജൂബിലി ഇന്ന്.

ഇതോടനുബന്ധിച്ച് നാരായണ ഗുരുകുലവും കാഞ്ഞങ്ങാട് നെഹ്രു ആർട്സ് ആൻഡ് സയൻസ് കോളേജിലെ ചരിത്ര വിഭാഗവും ചേർന്ന് നടത്തുന്ന ചരിത്രസെമിനാർ ഇന്ന് കോളേജ് കോൺഫറൻസ് ഹാളിൽ​.

...............................................

ഒന്നാം ലോകമഹായുദ്ധം അവസാനിപ്പിച്ച് സഖ്യകക്ഷികൾ ജർമ്മനിയുമായി ഫ്രാൻസിൽ സമാധാനക്കരാർ ഒപ്പിട്ടത് 1918 നവംബർ 11ന് പകൽ 11.11നാണ്. (1918 പതിനൊന്നാം മാസം പതിനൊന്നാം തീയതി 11.11 മണിക്ക് )​ . ആർമിസ്റ്റീസ് ഡേ ( വെടിനിറുത്തൽ ദിനം )​ എന്നാണ് ഈ ദിനം അറിയപ്പെടുന്നത്. സമാധാനത്തിന്റെ പ്രതീകമായ ഈ ദിനത്തിന്റെ അൻപതാം വാർഷികത്തിന് മുന്നോടിയായാണ് ശ്രീനാരായണ ഗുരുവിന്റെ സദ്ശിഷ്യനായ നടരാജഗുരു കണ്ണൂരിലെ ഏഴിമലയിൽ വിശ്വ സമാധാനസമ്മേളന പരമ്പരയ്ക്ക് തുടക്കമിട്ടത്. 1967 മുതൽ തുടർച്ചയായി അഞ്ച് വർഷം ഏഴിമലയിൽ അന്നുണ്ടായിരുന്ന ഗുരുകുല ഐലന്റ് ഹോം എന്ന നാരായണ ഗുരുകുലത്തിൽ അദ്ദേഹം World Peace Through Unitive Understanding (ലോക സമാധാനം ഏകാത്മകതാബോധം വഴി) എന്ന ആശയത്തെ അടിസ്ഥാനമാക്കി പതിനൊന്നു ദിവസത്തെ സമ്മേളന പരമ്പര നടത്തി.

ആർമിസ്റ്റീസ് ദിനമായ (Armistice Day ) നവംബർ 11 മുതൽ 21 വരെയുള്ള പതിനൊന്നു ദിവസങ്ങളിലായിരുന്നു സമ്മേളനം. 1970ലും 1971ലും അഖിലലോക സമ്മേളന പരമ്പരയായിരുന്നു. 1970 നവംബർ 11 ന് പകൽ 11.11-ന് ഏഴിമല ഗുരുകുലാദ്ധ്യക്ഷൻ ഫ്രെഡി വാന്റർ ബോഗ് ഒന്നാം ലോക സമാധാനസമ്മേളനത്തിന് പതാക ഉയർത്തി. ഫീൽഡ് മാർഷൽ കെ. എം. കരിയപ്പയാണ് 1971-ലെ സമ്മേളനത്തിന് പതാക ഉയർത്തിയത്. എല്ലാ വർഷവും സമ്മേളനപരമ്പര നടത്താൻ തീരുമാനിച്ചെങ്കിലും 1972 ജൂണിൽ പക്ഷാഘാതം മൂലം കിടപ്പിലായ നടരാജഗുരു 1973 മാർച്ച് 19-ന് സമാധിയായി. 1972-ലും 1973-ലും ഏഴു ദിവസത്തെ സമ്മേളനങ്ങൾ ബാംഗ്ലൂരിലെ സോമനഹള്ളി ഗുരുകുലത്തിൽ നടത്തി. പിന്നീട് നടന്നിട്ടില്ല.

ശ്രീനാരായണ ഗുരു 1924 മാർച്ച് 3, 4 തീയതികളിൽ ആലുവ അദ്വൈതാശ്രമത്തിൽ നടത്തിയ സർവമത സമ്മേളനം ഏഷ്യയിലെ ആദ്യത്തേതും ലോകത്തെ രണ്ടാമത്തേതുമായിരുന്നു. (1893 സെപ്തംബറിൽ ചിക്കാഗോയിൽ സ്വാമി വിവേകാനന്ദൻ പങ്കെടുത്ത 'വേൾഡ് പാർലമെന്റ് ഓഫ് റിലീജിയൺസ് ' ആയിരുന്നു ആദ്യസമ്മേളനം)​ ഗുരുദേവന്റെ സമ്മേളനത്തിന്റെ തുടർച്ചയായാണ് നടരാജഗുരു സമ്മേളന പരമ്പര വിഭാവനം ചെയ്‌തത്. നടരാജഗുരു അതിൽ സർവദർശനങ്ങളും ശാസ്ത്രങ്ങളും സമന്വയിപ്പിച്ച് അന്വേഷണചക്രവാളം വികസിപ്പിച്ചു. പരമമായ സത്യം പല ഭാവങ്ങളും രൂപങ്ങളും കൈവരിക്കുന്നതിൽ ഒരു പ്രതിഭാസം മാത്രമാണ് താൻ എന്നും ആ സത്യത്തിൽ നിന്ന് വേറിട്ടുള്ള ഉണ്മ തനിക്കില്ലെന്നും ബോദ്ധ്യപ്പെട്ട് ജീവിക്കുമ്പോഴാണ് മനുഷ്യജീവിതം അർത്ഥവത്തും സ്വസ്ഥവും ആനന്ദപൂർണവുമാകുന്നത്. ഇതാണ് അദ്വൈത ദർശനത്തിന്റെ മർമ്മം. ശ്രീനാരായണ ഗുരുവിന്റെ അദ്വൈത ദർശത്തിന്റെ സാരവും ഇതാണ്. ഈ സത്യത്തോട് ചേർത്ത് സകലതിനേയും കാണുന്നതിനെയാണ് നടരാജഗുരു Unitive Understanding എന്ന് അർത്ഥമാക്കിയത്. മലയാളത്തിൽ 'ഏകാത്മകതാബോധം'.

മനുഷ്യരാശിയുടെ എല്ലാ പ്രശ്നങ്ങളും പരിഹരിച്ച് ശാശ്വതസമാധാനം കൈവരിക്കാൻ ഇതേ ഒരു വഴിയുള്ളൂ എന്ന് ലോകത്തെ ബോദ്ധ്യപ്പെടുത്താനാണ് നടരാജഗുരു സമ്മേളന പരമ്പര നടത്തിയത്. അദ്വൈത ദർശനത്തിന്റെ സാരവും പ്രയോഗവും ജീവിതത്തിൽ എങ്ങനെ കൈവരുത്താം എന്നായിരുന്നു ചർച്ച. ലോക സർക്കാർ, ലോകപൗരത്വം, ലോകനിയമം, വിദ്യാഭ്യാസം, മതം, നൈതികത, സൗന്ദര്യശാസ്ത്രം, ശാസ്ത്രങ്ങളുടെ സമന്വയം, ധനതത്വശാസ്ത്രം, യോഗ തുടങ്ങിയ വിഷയങ്ങളിലായിരുന്നു സെമിനാറുകൾ. മനുഷ്യനന്മയുമായി ബന്ധപ്പെട്ട എല്ലാ കാര്യങ്ങളെയും അവതരിപ്പിക്കാനാണ് ഈ വിഷയങ്ങൾ തിരഞ്ഞെടുത്തതെന്ന് നടരാജഗുരു വ്യക്തമാക്കിയിട്ടുണ്ട്. അക്കാലത്ത് വളരെ വാർത്താപ്രാധാന്യം നേടിയതായിരുന്നു രണ്ടു ലോകസമ്മേളനങ്ങളും. നടരാജഗുരു പ്രസിഡന്റും നിത്യ ചൈതന്യയതി സെക്രട്ടറിയുമായി സ്വാഗതസംഘം പ്രവർത്തനം ആരംഭിച്ചിരുന്നു. 1970ലെ സമ്മേളനത്തിന്റെ പ്രബന്ധകാരന്മാരിൽ നിന്ന് പ്രബന്ധങ്ങൾ മുൻകൂട്ടി എഴുതി വാങ്ങി എഡിറ്റ് ചെയ്ത് നടരാജഗുരുവിന്റെ അവതാരികയോടെ Unitive Understanding എന്ന പേരിൽ അച്ചടിച്ച് സമ്മേളനത്തിൽ വിതരണംചെയ്‌തു. ഓരോ ദിവസവും പ്രബന്ധങ്ങൾ നടരാജഗുരു വിലയിരുത്തി സംസാരിക്കുമായിരുന്നു.

ഗുരുകുലബന്ധുക്കൾക്ക് പുറമേ വിശിഷ്ടവ്യക്തികളും യൂറോപ്പ്,​ അമേരിക്ക, ഓസ്‌ട്രേലിയ, മലേഷ്യ തുടങ്ങിയ രാജ്യങ്ങളിൽ നിന്നും 300 പേർ ദിവസവും പങ്കെടുത്തു. വിദേശത്തായിരുന്ന നിത്യചൈതന്യ യതി എത്തിയില്ല. ഇന്നത്തെ നാരായണഗുരുകുല അദ്ധ്യക്ഷൻ മുനി നാരായണ പ്രസാദിനായിരുന്നു സമ്മേളനത്തിന്റെ നടത്തിപ്പ് ചുമതല. ഈ സമ്മേളനത്തിലാണ് മുനി ആദ്യമായി ഒരു പ്രബന്ധം ഇംഗ്ലീഷിൽ അവതരിപ്പിക്കുന്നത്. 1971-ലെ സമ്മേളനത്തിലെ പ്രബന്ധങ്ങൾ സമാഹരിച്ച് Unitive Understanding Vol 2 എന്ന പേരിൽ ഗുരുവിന്റെ സമാധിക്ക് ശേഷം പ്രസിദ്ധീകരിച്ചു. ഗുരു എഴുതിയ 'ശാസ്ത്രങ്ങളുടെ ഏകീകരണം' എന്ന പ്രബന്ധവും ഇതിൽ ചേർത്തിട്ടുണ്ട് 'നാരായണഗുരു തന്റെ ജീവിതാന്ത്യത്തിൽ ഒരു സർവമതസമ്മേളനം സംഘടിപ്പിച്ചു. ഞാനുമിതാ എന്റെ ജീവിതാന്ത്യത്തിൽ ഇങ്ങനെയൊരു സമ്മേളനം സംഘടിപ്പിക്കുന്നു' എന്നാണ് നടരാജഗുരു പറഞ്ഞത്.

കടത്തുകടന്ന് മാത്രം എത്തിച്ചേരാൻ കഴിയുന്ന രാമന്തളി ദ്വീപിലെ ഗുരുകുലത്തിലായിരുന്നു സമ്മേളനം. 1970-ലെ സമ്മേളനത്തിനാണ് ദ്വീപിൽ ആദ്യമായി വൈദ്യുതി എത്തിയത്. ബുദ്ധിമുട്ടുള്ള ഈ സ്ഥലത്ത് എന്തിനാണ് സമ്മേളനം നടത്തുന്നതെന്നും അതുകൊണ്ട് ലോകസമാധാനം കൈവരുമോ എന്നും ഒരാൾ ഗുരുവിനോട് ചോദിച്ചു. 'സ്വപ്നം കാണാനുള്ള സ്വാതന്ത്ര്യം ആർക്കുമുണ്ട്. ഇതെന്റെ സ്വപ്നമാണ്. അത് യാഥാർത്ഥ്യമാകുമോ എന്നു ഞാൻ നോക്കുന്നില്ല. എല്ലാ നല്ല സ്വപ്നങ്ങളും യഥാർത്ഥ്യമാകുന്ന തരത്തിൽ നന്മ നിറഞ്ഞതല്ല ഈ ലോകം. എന്നാലും സ്വപ്നം കാണുന്നതിന് ഇതൊരു തടസമല്ല' എന്നായിരുന്നു ഗുരുവിന്റെ മറുപടി. ശ്രീനാരായണ ഗുരു 1924-ൽ ആലുവയിൽ സംഘടിപ്പിച്ച ചരിത്രപ്രസിദ്ധമായ സർവമത സമ്മേളനത്തിന്റെ ശതാബ്ദിയാഘോഷം അടുത്തുവരുമ്പോൾ ഗുരുവിന്റെ സദ്‌ശിഷ്യൻ ലോകസമാധാനത്തിനായി നടത്തിയ ഈ സമ്മേളനപരമ്പരയും ഓർക്കുന്നത് ഉചിതമായിരിക്കും.