
ചെന്നൈ: തമിഴ്നാട്ടിലെ പടക്ക നിർമ്മാണ ശാലയിൽ തീ പിടിച്ച് അഞ്ചു തൊഴിലാളികൾക്ക് ദാരുണാന്ത്യം. മരിച്ചവരിൽ ഒരു സ്ത്രീയും ഉൾപ്പെടുന്നു. പത്തുപേർക്ക് ഗുരുതരമായി പൊള്ളലേറ്റു. പരിക്കേറ്റവരിൽ പലരുടേയും നില ഗുരുതരമാണ്. ഉസിലാംപെട്ടിക്ക് സമീപം അഴകുചിറ ഗ്രാമത്തിലാണ് അപകടമുണ്ടായത്. തൊഴിലാളികൾ ജോലിയിലേർപ്പെട്ടുകൊണ്ടിരിക്കെയാണ് തീപിടിച്ചത്. പൊട്ടിത്തെറിയിൽ കെട്ടിടം പൂർണമായും തകർന്നു. വിവരമറിഞ്ഞ് പൊലീസും ഫയർഫോഴ്സും സ്ഥലത്തെത്തി, രക്ഷാപ്രവർത്തനം തുടരുകയാണ്. സ്ഫോടനകാരണം ഇതുവരെ വ്യക്തമായിട്ടില്ല. തമിഴ്നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ മരിച്ചവരുടെ കുടുംബങ്ങൾക്ക് അഞ്ച് ലക്ഷം രൂപ വീതം നഷ്ടപരിഹാരം പ്രഖ്യാപിച്ചു.