photo

കേരളത്തിന്റെ ഉന്നത വിദ്യാഭ്യാസരംഗത്ത് അഴിമതിയുടെ അടിത്തറ ഉറപ്പിക്കാനുള്ളതാണ് സർവകലാശാലാ ചാൻസലർ പദവിയിൽ നിന്ന് ഗവർണറെ നീക്കാനുള്ള സംസ്ഥാന സർക്കാരിന്റെ ഓർഡനൻസ്. സർവകലാശാലകളിൽ അഴിമതിയുടെ മുഖ്യരൂപമായ സ്വജനപക്ഷപാതം തുടച്ചുനീക്കാനുള്ള ഗവർണറുടെ ശ്രമമാണ് സി.പി.എമ്മിനെ ചൊടിപ്പിച്ചത്. ഗവർണറും സർക്കാരും തമ്മിലല്ല,​ അഴിമതിവിരുദ്ധതയും അഴിമതിയും തമ്മിലാണ് ഇപ്പോൾ യഥാർത്ഥ പോരാട്ടം നടക്കുന്നത്.

യോഗ്യരായ ചെറുപ്പക്കാർക്ക് അവസരം നിഷേധിച്ച്,​ നേതാക്കളുടെ ബന്ധുക്കളെയും പാർട്ടി അണികളെയും സർവകലാശാലകളിൽ കുത്തിത്തിരുകാനുള്ള ശ്രമങ്ങളെയാണ് ആരിഫ് മുഹമ്മദ് ഖാൻ ചോദ്യം ചെയ്തത്. കണ്ണൂർ വൈസ് ചാൻസലറുടെ നിയമവിരുദ്ധ പുനർനിയമനത്തിന് സംസ്ഥാന മുഖ്യമന്ത്രി നേരിട്ടാണ് ശുപാർശയുമായി രാജ്ഭവനിൽ പോയത്.

ജനാധിപത്യമല്ല,​ പാർട്ടി സർവാധിപത്യമാണ് സമസ്തമേഖലകളിലും സി.പി.എം നടപ്പാക്കുന്നത്. പാർട്ടിയോടുള്ള വിശ്വസ്‌തതയും കൂറുമാണ് നിയമനമടക്കം സകലതിനും മാനദണ്ഡം. എല്ലാ സ്ഥാപനങ്ങളും അവയെ നയിക്കുന്നവരും ഭരണകക്ഷിക്കു കീഴ്‌പ്പെടണം എന്ന ഫാസിസ്റ്റ് ചിന്താധാരയാണ് കേരളത്തെ ഇപ്പോൾ ഭരിക്കുന്നത്. നിയമനങ്ങളിൽ മികവ് എന്നത് മാനദണ്ഡമേ അല്ലാതായി. സർവകലാശാലകൾ ഉൾപ്പെടെയുള്ള സ്ഥാപനങ്ങളുടെ സ്വയംഭരണാവകാശം പാടെ അട്ടിമറിക്കപ്പെട്ടിരിക്കുന്നു. ഉന്നതനിലവാരം പുലർത്തേണ്ട പല സ്ഥാപനങ്ങളും സി.പി.എമ്മിന്റെ ഉരുക്കുമുഷ്ടിയിൽ ഞെരിഞ്ഞമരുകയാണ്.

സർവകലാശാലകളെ ചുവപ്പുവത്‌കരിക്കാനുള്ള നീക്കമാണ് പിണറായി വിജയൻ അധികാരമേറ്റപ്പോൾ മുതൽ കേരളത്തിൽ നടക്കുന്നത്. സ്വീപ്പർ മുതൽ വൈസ് ചാൻസലർ വരെയുള്ളവരെ സി.പി.എം പട്ടികയിൽ നിന്ന് നിയമിക്കുന്ന തരംതാണ രീതി! അക്കാഡമിക മികവിന്റെയും തുറന്ന ചിന്തകളുടെയും ഇടമാകേണ്ട സർവകലാശാലകളെ സി.പി.എം ബ്രാഞ്ചുകളാക്കാനാണ് ശ്രമം. ഇതിൽ മനംമടുത്താണ് മുമ്പ് ആരിഫ് മുഹമ്മദ് ഖാൻ ചാൻസലർ പദവി ഒഴിയാമെന്ന് സ്വയം പറഞ്ഞത്.


ഇനിയൊരിക്കലും സർവകലാശാലാ ഭരണത്തിൽ ഇടപെടില്ലെന്ന് അന്ന് ഗവർണർക്ക് രേഖാമൂലം ഉറപ്പു നല്കിയ മുഖ്യമന്ത്രിയാണ് ഇപ്പോൾ ആ ഉറപ്പ് പാടെ അട്ടിമറിച്ചത്. ചാൻസലർ സ്ഥാനം ഒഴിയരുതെന്ന് ഗവർണറോട് മൂന്നു തവണ അഭ്യർത്ഥിച്ച മുഖ്യമന്ത്രിയാണ് പിണറായി വിജയൻ. ആ സാഹചര്യത്തിന് എന്തു മാറ്റമാണ് ഇപ്പോഴുണ്ടായതെന്ന് കേരളത്തിലെ ജനങ്ങളോടു വിശദീകരിക്കാൻ മുഖ്യമന്ത്രിക്ക് ബാദ്ധ്യതയുണ്ട്. സി.പി.എമ്മിന്റെ നിലപാടുകളിലെ പൊള്ളത്തരം കൂടിയാണ് ഇതിലൂടെ പുറത്തുവരുന്നത്.

സർവകലാശാലകളിലെ ബന്ധുനിയമന കാര്യത്തിൽ ആരിഫ് മുഹമ്മദ് ഖാന്റെ നിലപാടുകൾ ശരിയെന്ന് തെളിയിക്കുന്നതാണ് കോടതികളിൽ നിന്ന് ഉണ്ടായിട്ടുള്ള ഉത്തരവുകൾ. കണ്ണൂർ സർവകലാശാലയിൽ മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിയുടെ ഭാര്യയെ അനധികൃതമായി നിയമിച്ചത് സ്റ്റേ ചെയ്തത് കേരള ഹൈക്കോടതിയാണ്. പ്രിയാ വർഗീസിന് അദ്ധ്യാപന പരിചയമില്ലെന്ന് യു.ജി.സി തന്നെ കോടതിയെ അറിയിച്ചത് ഗവർണറുടെ നിലപാട് ശരിയെന്നു തെളിയിച്ചു. കണ്ണൂരിൽത്തന്നെ ചാൻസലറുടെ അനുമതിയില്ലാതെ സർക്കാരിന്റെ ഏറാൻമൂളികളെ ചേർത്തുണ്ടാക്കിയ ബോർഡ് ഒഫ് സ്റ്റഡീസ് നിയമനം ഹൈക്കോടതി റദ്ദാക്കി. യോഗ്യതയുള്ള സീനിയർ അദ്ധ്യാപകരെ ഒഴിവാക്കി മന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിയടക്കമുള്ളവരെ തിരുകിക്കയറ്റാനുള്ള ശ്രമമാണ് കോടതി തടഞ്ഞത്.


കണ്ണൂർ വൈസ് ചാൻസലർ കാസർകോട്ടെ പടന്നയിൽ സ്വകാര്യ ട്രസ്റ്റിന് ചട്ടവിരുദ്ധമായി കോളേജ് അനുവദിച്ചതിനെ ചാൻസലർ ചോദ്യം ചെയ്തു. ഇവിടെയും ഗവർണറുടെ നിലപാട് ശരിയെന്ന് ഹൈക്കോടതി കണ്ടെത്തി. വൈസ് ചാൻസലർ ഗോപിനാഥ് രവീന്ദ്രൻ അധികാരപരിധി കടന്ന് പ്രവർത്തിച്ചെന്ന ഹൈക്കോടതി നിരീക്ഷണം,​ അദ്ദേഹം അഴിമതിക്കാരനാണെന്ന ഗവർണറുടെ വാദം ശരിയെന്നു തെളിയിക്കുന്നു. നിയമവ്യവസ്ഥയോട് അല്പമെങ്കിലും ബഹുമാനമുണ്ടെങ്കിൽ ആ ഉത്തരവോടെ ഗോപിനാഥ് രവീന്ദ്രൻ സ്ഥാനമൊഴിയേണ്ടിയിരുന്നു.

യു.ജി.സി മാനദണ്ഡങ്ങൾ കാറ്റിൽപ്പറത്തി കേരളത്തിലെ സർവകലാശാലകളിൽ സി.പി.എം നടത്തുന്ന നിയമവിരുദ്ധ നിയമനങ്ങൾ സുപ്രീംകോടതിയും തള്ളിക്കളഞ്ഞു. അങ്ങനെയാണ് കേരള സാങ്കേതിക സർവകലാശാലാ വൈസ് ചാൻസലർക്ക് പാതിവഴിയിൽ ഇറങ്ങിപ്പോകേണ്ടിവന്നത്. വൈസ് ചാൻസലർ നിയമനങ്ങളിൽ യു.ജി.സി ചട്ടങ്ങൾ അട്ടിമറിച്ച പശ്ചിമബംഗാൾ സർക്കാരിനെ സുപ്രീംകോടതി നിശിതമായി വിമർശിച്ചതും ഇക്കൊല്ലമാണ്.

നിയമനങ്ങളിലെ സ്വജനപക്ഷപാതം രാജ്യപുരോഗതിക്കു വെല്ലുവിളിയാണെന്ന് സുപ്രീംകോടതി തന്നെ പലതവണ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. പിൻവാതിൽ നിയമനം ലഭിക്കുന്നവർ ജോലിയിൽ ഒരു ആത്മാർഥതയും കാണിക്കില്ലെന്നും പരമോന്നത കോടതി ചൂണ്ടിക്കാട്ടിയിട്ടുണ്ട്. മാത്രമല്ല,​ ഇത്തരത്തിൽ നിയമനം ലഭിച്ചവരിൽ നല്ല ശതമാനവും യോഗ്യതയില്ലാത്തവരോ കഴിവുകെട്ടവരോ ആണെന്നും സുപ്രീംകോടതി അഭിപ്രായപ്പെടുന്നു.

സെൽവി വേഴ്സസ് സ്റ്റേറ്റ് ഒഫ് തമിഴ്നാട് എന്ന കേസിൽ മദ്രാസ് ഹൈക്കോടതി നടത്തിയ നിരീക്ഷണങ്ങളും മറക്കരുത്. സ്വജനപക്ഷപാതത്തിന്റെ ഫലമായി നിയമനം കിട്ടിയവർ ജനങ്ങളോടുള്ള സേവനത്തിൽ എത്ര ആത്മാർത്ഥത പുലർത്തുമെന്ന് കോടതി ചോദിക്കുന്നു. സ്ഥാപനത്തിന്റെ അന്തസും സത്യസന്ധതയും കാത്തുസൂക്ഷിക്കുന്നതിനും പൊതുജന സേവനം ക്രിയാത്മകവും സുതാര്യവുമാക്കുന്നതിനും സ്വജനപക്ഷപാതത്തെ അകറ്റി നിറുത്തണമെന്ന് മദ്രാസ് ഹൈക്കോടതി അർത്ഥശങ്കയ്ക്കിടയില്ലാതെ വ്യക്തമാക്കിയിട്ടുണ്ട്.

എന്താണ് ചാൻസലറെന്ന നിലയിൽ ആരിഫ് മുഹമ്മദ് ഖാനെതിരെ സി.പി.എം കണ്ടെത്തിയ കുറ്റം?​ സർവകലാശാലകളിൽ കാവിവത്കരണം നടപ്പാക്കുന്നു, ആർ.എസ്.എസ് അജൻഡ നടപ്പാക്കുന്നു തുടങ്ങിയ വിദണ്ഡവാദങ്ങളാണ് അവർ ഉന്നയിക്കുന്നത്. കേരളത്തിലെ ഏതു സർവകലാശാലയിൽ,​ ഏത് ആർ.എസ്.എസുകാരനെയാണ് ചാൻസലർ നിയമിച്ചതെന്നു കൂടി ജനങ്ങളോട് ഭരണകക്ഷി വ്യക്തമാക്കണം. ഏതെങ്കിലും സർവകലാശാലകളിൽ അദ്ദേഹം മുൻകയ്യെടുത്ത് യോഗ്യതയില്ലാത്ത ആരെയെങ്കിലും നിയമിച്ചെങ്കിൽ അത് ഭരണകക്ഷി തെളിയിക്കട്ടെ.

സർവകലാശാലകളിൽ മാത്രമല്ല,​ തദ്ദേശഭരണ സ്ഥാപനങ്ങളിലടക്കം സി.പി.എം അണികൾക്കോ അനുഭാവികൾക്കോ മാത്രമാണ് നിയമനമെന്ന് തിരുവനന്തപുരം നഗരസഭയിലെ സംഭവങ്ങൾ അടിവരയിടുന്നു. തൊഴിലില്ലായ്മാ പട്ടികയിൽ രാജ്യത്ത് മുൻപന്തിയിലുള്ള സംസ്ഥാനമാണ് കേരളമെന്ന് ഓർക്കണം. വിദ്യാസമ്പന്നരായ ലക്ഷക്കണക്കിനു ചെറുപ്പക്കാർ തൊഴിൽ തേടി അലയുമ്പോഴാണ് ഇഷ്ടക്കാരെ തിരുകിക്കയറ്റാൻ ഒരു ലജ്ജയുമില്ലാതെ കമ്മ്യൂണിസ്റ്റ് പാർട്ടി ശ്രമിക്കുന്നത്. കേരളത്തിലെ ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ നടത്താൻ ശ്രമിക്കുന്ന ശുദ്ധികലശത്തെ കേരളത്തിലെ അക്കാഡമിക് സമൂഹവും ആത്മാഭിമാനമുള്ള യുവതയും പിന്തുണയ്ക്കുകയാണ് വേണ്ടത്.