
ലഖ്‌നൗ: മെയിൻപുരി ലോക്‌സഭ മണ്ഡലത്തിൽ ഡിംപിൾ യാദവ് ഇനി മത്സരിക്കും. സമാജ് വാദി പാർട്ടി സ്ഥാപക നേതാവ് മുലായം സിംഗ് യാദവ് അന്തരിച്ചതിനെത്തുടർന്ന് ഒഴിവു വന്ന സീറ്റിലേക്കാണ് ഡിംപിൾ മത്സരികുന്നത്. സമാജ് വാദി പാർട്ടി അദ്ധ്യക്ഷൻ അഖിലേഷ് യാദവിന്റെ ഭാര്യയാണ് ഡിംപിൾ. സ്ഥാനാർത്ഥിത്വം പാർട്ടി ഔദ്യോഗികമായി പ്രഖ്യാപിച്ചുകഴിഞ്ഞു. മുലായത്തിന്റെ മരുമകളിലൂടെ മണ്ഡലം നിലനിർത്താനാണ് സമാജ് വാദി പാർട്ടി ലക്ഷ്യമിടുന്നത്. ഡിസംബർ അഞ്ചിനാണ് ഉപതെരഞ്ഞെടുപ്പ് നടക്കുന്നത്.
വാർദ്ധക്യ സഹജമായ അസുഖത്തെത്തുടർന്നാണ് കഴിഞ്ഞ മാസം മുലായം സിംഗ് യാദവ് അന്തരിച്ചത്. 1996 ലാണ് ആദ്യമായി മുലായം മെയിൻപുരിയിൽ നിന്നും വിജയിക്കുന്നത്. 2004, 2009, 2019 തെരഞ്ഞെടുപ്പുകളിൽ മുലായം മെയിൻ പുരിയിൽ നിന്നുമാണ് തെരഞ്ഞെടുക്കപ്പെട്ടത്. 2019 ലെ പൊതു തെരഞ്ഞെടുപ്പിൽ 94,000 വോട്ടുകളുടെ ഭൂരിപക്ഷത്തിനാണ് മുലായം വിജയിച്ചിരുന്നത്.